26 April Friday

പുതുകാല കവിതാ ചർച്ചയുമായി ചില്ലയുടെ ‘എന്റെ വായന’

വെബ് ഡെസ്‌ക്‌Updated: Tuesday Jan 10, 2023

റിയാദ് > പുതിയ കാലത്തെ കവിതയുടെ മാറുന്ന ഭാവുകത്വത്തെ ചർച്ച ചെയ്തുകൊണ്ട് ചില്ലയുടെ ഡിസംബർ ‘എന്റെ വായന’ നടന്നു. റിയാദ് ബത്ഹയിലെ ശിഫ അൽ ജസീറയിൽ നടന്ന പരിപാടിയിൽ നാലു പുസ്തകങ്ങളുടെ വായനാനുഭവങ്ങൾ അവതരിപ്പിച്ചു.

ഖാലിദ് ഹുസൈനിയുടെ കൈറ്റ് റണ്ണർ എന്ന നോവലിന്റെ വായനാനുഭവം പങ്കുവെച്ചുകൊണ്ട് സഫറുദ്ദീൻ പരിപാടിക്ക് തുടക്കം കുറിച്ചു. രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായ നിരവധി കലക്കംമറിച്ചിലുകൾക്ക് ഇരയായ അഫ്ഘാൻ ജനതയുടെ സംഭവബഹുലമായ ചരിത്രം നോവൽ വരച്ചിടുന്നു. അധിനിവേശപൂർവ്വ അഫ്ഘാന്റെ സൗന്ദര്യവും ശാന്തിയും അതിനുശേഷമുള്ള ദുരന്തവും അശാന്തിയും വായനക്കാരനെ നോവിപ്പിക്കും വിധം ഹുസൈനി അവതരിപ്പിക്കുന്നതായി അവതാരകൻ പറഞ്ഞു.

വി മധുസൂദനൻ നായരുടെ കവിതകളുടെ വായനാനുഭവം സുരേഷ് ബാബു അവതരിപ്പിച്ചു. അഗസ്ത്യഹൃദയം, ഭാരതീയം എന്നീ കവിതകൾ നമ്മുടെ ധർമ്മബോധത്തിന്റെയും ദേശീയതബോധത്തിന്റെയും ഉജ്ജ്വലമായ പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കുന്നു എന്ന് അവതാരകൻ അവകാശപ്പെട്ടു. പൊനം എന്ന കെ എൻ പ്രശാന്തിന്റെ പുതിയ നോവലിന്റെ വായനാനുഭവം പങ്കുവെച്ചത് ബീനയാണ്. കേരള-കർണാടക അതിർത്തിയുടെ പശ്ചാത്തലത്തിൽ മനുഷ്യന്റെ ആർത്തി, പക എന്നിവയുടെ വന്യമായ ആവിഷ്ക്കാരമാണ് നോവൽ. പുതുകാല കവിതയുടെ ഭാവുകത്വത്തെ വിശദീകരിച്ചുകൊണ്ട് എം ഫൈസൽ, ലെനിനും വസന്തവും കാമവും എന്ന ശീർഷകത്തിലുള്ള ശ്രീകുമാർ കരിയാടിന്റെ കവിതാസമാഹാരത്തിന്റെ വായനാനുഭവം അവതരിപ്പിച്ചു.

ചർച്ചയിൽ വിപിൻ കുമാർ, ടി ആർ സുബ്രഹ്മണ്യൻ, ശിഹാബ് കുഞ്ചീസ്, വിനയൻ എന്നിവർ പങ്കെടുത്തു. കൊമ്പൻ മൂസ മോഡറേറ്ററായിരുന്നു.

 


ഫോട്ടോ : ചില്ല ‘എൻ്റെ വായനയുടെ’ ഡിസംബർ  ലക്കത്തിന് സഫറുദ്ദീൻ തുടക്കം കുറിക്കുന്നു

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top