19 April Friday

കുവൈത്ത്‌‌ വിദേശികളെ കുറയ്ക്കുന്നു ; 8 ലക്ഷം ഇന്ത്യക്കാര്‍ ഔട്ടാകും

അനസ് യാസിന്‍Updated: Tuesday Jul 7, 2020


മനാമ
ഇന്ത്യക്കാരടക്കം വിദേശികളുടെ എണ്ണം ജനസംഖ്യയുടെ 70 ശതമാനത്തില്‍ നിന്ന് 30 ശതമാനമാക്കാനുള്ള കരട് ബില്ലിന് കുവൈത്ത് പാർലമെന്റിന്റെ നിയമ നിർമാണ സമിതിയുടെ അംഗീകാരം. ഇന്ത്യക്കാരുടെ എണ്ണം 15 ശതമാനത്തിലും ഈജിപ്തുകാരുടേത് 10 ശതമാനത്തിലും കൂടരുതെന്നാണ് വ്യവസ്ഥ. ബിൽ നിയമമായാൽ എട്ട് ലക്ഷത്തോളം ഇന്ത്യക്കാർക്ക് കുവൈത്ത് വിടേണ്ടിവരും.

കുവൈത്തിലെ ഏറ്റവും വലിയ വിദേശ സമൂഹമാണ് ഇന്ത്യക്കാരും ഈജിപ്തുകാരും. 42.71 ലക്ഷം വരുന്ന ജനസംഖ്യയിൽ വിദേശികൾ 33.35 ലക്ഷമാണ്‌. ഇതിൽ 14.5 ലക്ഷം ഇന്ത്യക്കാരാണ്. ഇതിൽ നല്ലൊരുശതമാനം മലയാളികളാണ്‌. കുവൈത്തിൽ ഏകദേശം മൂന്ന്‌ ലക്ഷത്തോളും മലയാളികളുണ്ട്‌. 

പ്രവാസി ജനസംഖ്യയിൽ 25 ലക്ഷം പേരെ കുറയ്‌ക്കാനാണ് ബിൽ ലക്ഷ്യമിടുന്നത്. അഞ്ച് എംപിമാർ കൊണ്ടുവന്ന കരട് ബിൽ കഴിഞ്ഞ മാസമാണ് പാർലമെന്റിൽ എത്തിയത്. മന്ത്രിസഭ അംഗീകരിച്ചാൽ ബിൽ നിയമമാകും. ഒക്ടോബറിൽ  പാർലമെന്റിന്റെ കാലാവധി അവസാനിക്കുംമുമ്പ് നിയമനിർമാണത്തിനാണ് നീക്കം.

അതേസമയം, പ്രവാസികൾക്ക് ക്വാട്ട നിശ്ചയിക്കുന്നതിന് ബദലായി പുതിയ ബിൽ കൊണ്ടുവരാനും ശ്രമമുണ്ട്. താമസ നിയമത്തിൽ ഭേദഗതി നിർദേശിക്കുന്ന കരട് നിയമം രണ്ടാഴ്ചയ്‌ക്കകം പാർലമെന്റിൽ സമർപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി അനസ് അൽ സാലേ പറഞ്ഞു. മാസങ്ങൾക്കകം പ്രവാസികളെ വെട്ടിക്കുറയ്‌ക്കുന്നതായിരിക്കും ഈ നിയമം. പ്രവാസികളെ  കുറയ്ക്കാൻ ശുപാർശ ചെയ്യുന്ന സമഗ്രമായ കരട് നിയമം കൊണ്ടുവരുമെന്ന് നിയമസഭാ സ്പീക്കർ മർസൗക്ക് അൽ -ഘാനേം കുവൈത്ത് ടിവിയോട് പറഞ്ഞു. പ്രവാസികളിൽ 13 ലക്ഷം നിരക്ഷരരാണെന്നും ഡോക്ടർമാരെയും വിദഗ്ധരായ തൊഴിലാളികളെയുമാണ് രാജ്യത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top