20 April Saturday

ഗൾഫ്‌ സാധാരണനിലയിലേക്ക്‌ ; മടക്കയാത്രയ്‌ക്കുള്ള തിരക്ക്‌ കുറയുന്നു

അനസ് യാസിന്‍Updated: Thursday Jul 2, 2020


മനാമ 
ഗൾഫ്‌ സാധാരണനിലയിലേക്കു മടങ്ങാൻ തുടങ്ങിയതോടെ നാട്ടിൽ പോകാൻ എംബസികളിൽ രജിസ്റ്റർ ചെയ്തവർ വൻതോതിൽ പിൻവാങ്ങുന്നു. യാത്ര മാറ്റിവയ്‌ക്കുന്നത് പതിവായതോടെ നാട്ടിൽ പോകുന്നവരെ തെരഞ്ഞെടുക്കുന്നത് യുഎഇയിലെ ഇന്ത്യൻ എംബസി ഒഴിവാക്കി. ഇവർക്ക് എയർ ഇന്ത്യയിൽനിന്ന് ഓൺലൈൻ വഴിയോ നേരിട്ടോ ടിക്കറ്റ് എടുക്കാം. സൗദിയിൽ വന്ദേഭാരത് നാലാം ഘട്ടത്തിൽ ഏറ്റവും കുറഞ്ഞ നിരക്കാണ് എയർ ഇന്ത്യ പ്രഖ്യാപിച്ചത്. നേരത്തെ അനുമതി വാങ്ങിയ മിക്ക ചാർട്ടർ വിമാനങ്ങളും യാത്രക്കാരെ കിട്ടാൻ നെട്ടോട്ടത്തിലാണ്.

യുഎഇയിൽ സ്‌കൂൾ വേനലവധി ബുധനാഴ്ച തുടങ്ങി. നാട്ടിൽ പോകാൻ എംബസിയുടെയോ കോൺസുലേറ്റിന്റെയോ അനുമതി വേണ്ടെന്ന അറിയിപ്പ് ഇവർക്ക് ആശ്വാസമായി. ഗൾഭിണികൾ, രോഗികൾ, ജോലി നഷ്ടപ്പെട്ടവർ, സന്ദർശക വിസയിൽ എത്തിയവർ എന്നിവർക്കായിരുന്നു വന്ദേഭാരത് വിമാനത്തിൽ മുൻഗണന. ഇത്‌ ഒഴിവാക്കി. കുടുംബങ്ങളും അവധി ലഭിച്ചവരും കഴിഞ്ഞ ദിവസങ്ങളിൽ വൻതോതിൽ എയർ ഇന്ത്യ ടിക്കറ്റുകൾ എടുത്തു.

യുഎഇയിൽനിന്ന് കേരളത്തിലേക്ക്  മൂന്നുമുതൽ 14 വരെ 39 വിമാനമാണ് എയർ ഇന്ത്യ ഷെഡ്യൂൾ ചെയ്തത്. ഇതും ചാർട്ടർ വിമാനങ്ങൾക്ക് തിരിച്ചടിയായി. സൗദി സെക്ടറിൽ കേരളത്തിലേക്ക് 11 വിമാനമാണ് നാലാം ഘട്ടത്തിൽ ഉള്ളത്. മൂന്നാം ഘട്ടത്തിൽ 1700 റിയാൽ വരെ വാങ്ങിയിരുന്നെങ്കിൽ വാറ്റ് ഉൾപ്പെടെ 908 റിയാലാണ് പുതിയ നിരക്ക്.  പല സംഘടനയും ടിക്കറ്റ് ചാർജ് സഹിതം പരസ്യം നൽകി ചാർട്ടർ വിമാനത്തിന്‌ യാത്രക്കാരെ പിടിക്കാനുള്ള ശ്രമത്തിലാണ്. സൗദിയിൽ ജൂലൈ അവസാനമാണ് മധ്യവേനലവധി.

ബഹ്‌റൈനിൽ നാലാം ഘട്ടത്തിൽ കേരളത്തിലേക്ക് 33 വിമാനം പ്രഖ്യാപിച്ചിരുന്നെങ്കിലും നാലാക്കി ചുരുക്കി.  ബഹ്‌റൈനിൽ സ്‌കൂൾ അവധി ആരംഭിച്ചു. 
കോവിഡ്‌ കുറയുന്നതും രോഗമുക്തി നിരക്ക് ഉയരുന്നതും പ്രവാസികളിൽ വലിയ ആത്മവിശ്വാസത്തിനു കാരണമായി. കുവൈത്തും യുഎഇയും നാട്ടിൽനിന്ന്‌ മടങ്ങുന്നവർക്ക്‌ കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയതും പ്രവാസികളെ യാത്രകളിൽനിന്ന് പിന്തിരിപ്പിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top