20 April Saturday

കല്ലാംകുഴി ഇരട്ടക്കൊല: പ്രതികളെ സഹായിച്ചിട്ടുണ്ടെന്ന് പിഎംഎ സലാം

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022
 
ജിദ്ദ > മണ്ണാര്‍ക്കാട് കല്ലാംകുഴില്‍ സഹോദരങ്ങളായ സിപിഐഎം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ  പ്രതികള്‍ക്കു വേണ്ടി മുസ്ലിം ലീഗ് ഇടപെട്ടിട്ടുണ്ടെന്ന് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം ജിദ്ദയില്‍ പറഞ്ഞു. സംഘട്ടനമുണ്ടാകുമ്പോള്‍ കൊല്ലപ്പെടുക സ്വാഭാവികമാണെന്നും കോടതിയുടേത് അന്തിമ വിധിയല്ലെന്നും ലീഗ് സെക്രട്ടറി പറഞ്ഞു. 
 
കരുതിക്കൂട്ടിയുള്ള ആക്രമണത്തിലല്ല, സംഘട്ടനത്തിലാണ് മരണം നടന്നതെന്ന് സലാം അവകാശപ്പെട്ടു. ഒരു സംഘട്ടനമുണ്ടാകുമ്പോള്‍ ഇരുപക്ഷത്തും ആള്‍നാശമുണ്ടാകലും പരുക്കേല്‍ക്കലും സാധാരണമാണ്. മുസ്ലിംലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ക്ക് വേണ്ടി ലീഗ് നിയമസഹായം ചെയ്തിട്ടുണ്ടെന്നത് സ്വാഭാവിക സംഭവമാണ്. ജീവപര്യന്തം ശിക്ഷ വിധിച്ച ജില്ലാ കോടതിയുടേത് അന്തിമ വിധിയല്ല. പ്രതികള്‍ക്ക് മേല്‍ക്കോടതിയെ സമീപിക്കാവുന്നതേയുള്ളൂ എന്നും ലീഗ് സെക്രട്ടറി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞു.
 
പ്രതികളെ സംരക്ഷിക്കാന്‍ ലീഗ് പോയിട്ടില്ലെന്ന ഷംസുദ്ദീന്‍ എംഎല്‍എ അടക്കമുള്ളവരുടെ ഇതുവരേയുള്ള ന്യായീകരണങ്ങളെ തള്ളിയാണ് ലീഗ് സംസ്ഥാന സെക്രട്ടറി പ്രതികള്‍ക്ക് സംരക്ഷണവും നിയമ സഹായവും നല്‍കിയ കാര്യം പരസ്യപ്പെടുത്തിയത്. മാത്രമല്ല പ്രതികള്‍ക്ക് മേല്‍ക്കോടതിയെ സമീപിക്കാന്‍ ഇനിയും ലീഗ് പിന്തുണയുണ്ടാകും എന്ന സൂചനയും ലീഗ് സെക്രട്ടറി നല്‍കി. 
 
2013 നവമ്പര്‍ 20 നാണ് ഇരുളിന്റെ മറവില്‍ കല്ലാങ്കുഴി ഇരട്ടക്കൊലപാതകം അരങ്ങേറുന്നത്. രണ്ട് സിപിഐഎം പ്രവര്‍ത്തകരായ സഹോദരങ്ങളെയാണ് ലീഗ് ക്രിമിലുകള്‍ അരിഞ്ഞു തള്ളിയത്.  കേസില്‍ പ്രതികളായ മുഴുവന്‍ പേരും ലീഗു പ്രവര്‍ത്തകരാണ്. പാലക്കാട് ജില്ലാ ജുഡീഷ്യല്‍ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് കഴിഞ്ഞ ദിവസം പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. 
 
 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top