18 April Thursday

അഡാപ്റ്റേഷൻ,ആപ്റ്റിട്യൂട് പരീക്ഷാരീതികളിൽ സമഗ്രമാറ്റം വേണം: മൈഗ്രന്റ് നഴ്സസ് അയർലണ്ട്

വെബ് ഡെസ്‌ക്‌Updated: Thursday Jul 7, 2022

ഡബ്ലിൻ> അഡാപ്റ്റേഷൻ,ആപ്റ്റിട്യൂട്  പരീക്ഷാരീതികളിൽ സമഗ്രമാറ്റം വേണമെന്ന  മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ ആവശ്യം  പരിഗണിക്കാമെന്ന് നഴ്സിംഗ് ബോർഡ് ഉറപ്പു നൽകി . നിലവിൽ മൈഗ്രന്റ് സൗഹൃദമല്ലാത്ത രീതിയിൽ നടത്തിവരുന്ന അഡാപ്റ്റേഷൻ, ആപ്റ്റിട്യൂട് പരീക്ഷാരീതികളെപ്പറ്റി ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ ഇവ രണ്ടും മൈഗ്രന്റ് സൗഹൃദരീതിയിൽ പരിഷ്കരിക്കണമെന്നാണ്‌  മൈഗ്രന്റ് നഴ്സസ് അയർലണ്ട് ഭാരവാഹികൾ ഉന്നയിച്ചത്‌.  നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി ബോർഡ് ഓഫ് അയർലണ്ടുമായി (NMBI) ബുധനാഴ്ച നടത്തിയ  ഓൺലൈൻ  യോഗത്തിലാണ്‌ വിഷയം  ഉന്നയിച്ചത്‌.

NMBIയെ പ്രതിനിധീകരിച്ചു സി ഇ ഓ ഷീല മാക്ക്‌ളെലാൻഡ്, റെജിസ്ട്രേഷൻ വകുപ്പ് മേധാവി റേ ഹീലി, എഡ്യൂക്കേഷൻ വകുപ്പ് മേധാവി കരോലിൻ ഡോണോഹൂ എന്നിവരും മൈഗ്രന്റ് നഴ്സസ് അയർലണ്ടിനെ പ്രതിനിധീകരിച്ചു വർഗ്ഗീസ് ജോയ്,
വിനു കൈപ്പിള്ളി, ആഗ്നസ് ഫെബിന, സോമി തോമസ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

സാംസ്കാരികമായി വലിയ വ്യത്യാസങ്ങളുള്ള അയർലണ്ടിൽ എത്തുന്ന മൈഗ്രന്റ് നഴ്സുമാരുടെ പരിചയക്കുറവും സമ്മർദ്ദവും കണക്കിലെടുക്കാതെയുള്ള സമീപനമാണ് സൂപ്പർവൈസർമാർ സ്വീകരിക്കുന്നതെന്നും ഇത് നഴ്സുമാർ അഡാപ്റ്റേഷനിൽ പരാജയപ്പെടുന്നതിലേക്കും തുടർന്നുള്ള അവരുടെ പ്രകടനം മോശമാകുന്നതിലേക്കും നയിക്കുന്നു എന്ന കാര്യം NMBI സി ഇ ഓയെ ധരിപ്പിച്ചു. കൂടാതെ അഡാപ്റ്റേഷൻ നടത്തിപ്പുകാരുടെ മോശമായ പെരുമാറ്റവും സമീപനവുമായി ബന്ധപ്പെട്ടു ഉയർന്നു വന്ന പരാതികളും യോഗത്തിൽ ചർച്ച ചെയ്തു. അഡാപ്റ്റേഷൻ പ്രോഗ്രാമിന്റെ പോരായ്മകൾ പരിഹരിക്കാൻ NMBI ഇത് നടത്തുന്ന എല്ലാ ആശുപത്രികളിലും കൃത്യമായ പരിശോധനകളും ഓഡിറ്റും നടത്തണമെന്നും എല്ലാ ഉദ്യോഗാർത്ഥികളിൽ നിന്നും അഡാപ്റ്റേഷൻ നടക്കുന്ന സമയത്തും അതിന്റെ അവസാനത്തിലും ഫീഡ്ബാക്ക്/അഭിപ്രായ സർവ്വേ സ്വീകരിക്കണമെന്നും മൈഗ്രന്റ് നഴ്സസ് അയർലണ്ട് ഭാരവാഹികൾ ആവശ്യപ്പെട്ടു.

ആപ്റ്റിട്യൂട് പരീക്ഷയുമായി ബന്ധപ്പെട്ട പരാതികളും ചർച്ച ചെയ്തു. പരീക്ഷ തുടങ്ങുന്നതിനു മുൻപും പരീക്ഷയുടെ ഇടക്കും  പരീക്ഷാ നടത്തിപ്പുകാരുടെ മോശമായ പെരുമാറ്റം സംബന്ധിച്ച പരാതികൾ മൈഗ്രന്റ് നഴ്സസ് അയർലണ്ട് ഭാരവാഹികൾ യോഗത്തിൽ ഉന്നയിച്ചു.

 ആപ്റ്റിട്യൂട് പരീക്ഷക്ക് മുൻപ് നൽകി വന്നിരുന്ന എക്സാം വിസ പുനഃസ്ഥാപിക്കണമെന്നും നിലവിൽ റോയൽ കോളേജ് ഓഫ് സർജൻസ് ഇൻ അയർലണ്ട് മാത്രം പരീക്ഷ നടത്തുന്ന സാഹചര്യത്തിൽ നിന്ന് വ്യത്യസ്തമായി മറ്റു സെന്ററുകളിലും ആപ്റ്റിട്യൂട് പരീക്ഷ നടത്തണമെന്നും ഉള്ള ആവശ്യങ്ങൾ  ഉന്നയിച്ചു.  അഡാപ്റ്റേഷൻ പ്രോഗ്രാമിൽ പരാജയപ്പെട്ട നഴ്സുമാർക്ക് ആപ്പീൽ നല്കുന്നതുമായുള്ള പാകപ്പിഴകൾ മൈഗ്രന്റ് നഴ്സസ് അയർലണ്ട് ഭാരവാഹികൾ യോഗത്തിൽ ഉന്നയിച്ചു.

എക്സാം വിസയുടെ കാര്യം പരിശോധിക്കാമെന്നും മറ്റു സ്ഥാപനങ്ങളോട് പരീക്ഷ നടത്താൻ NMBI ആവശ്യപ്പെട്ടിരുന്നു എന്നും റോയൽ കോളേജ് ഓഫ് സർജൻസ് ഇൻ അയർലണ്ട് മാത്രമാണ്  സന്നദ്ധമായതെന്നും സി ഇ ഓഷീല മാക്ക്‌ളെലാൻഡ് യോഗത്തിൽ വിശദീകരിച്ചു.പ്രശ്‌നങ്ങളെല്ലാം പരിശോധിക്കാമെന്നും  NMBI യോഗത്തിൽ ഉറപ്പുനൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top