25 April Thursday

മലയാളം മിഷൻ പ്രവേശനോത്സവം: വിദ്യാർത്ഥികളെയും അധ്യാപകരെയും ആദരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022

മലയാളം മിഷൻ കോർഡിനേറ്റർ കെ എൽ ഗോപി സംസാരിക്കുന്നു

അബുദാബി> മലയാളം മിഷൻ അബുദാബിയുടെ നാലാമത് പ്രവേശനോത്സവത്തിൽ വിദ്യാർത്ഥികളെയും അധ്യാപരെയും ആദരിച്ചു. പ്രവേശനോത്സവം പ്രശസ്‌ത‌ കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാകട ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്‌തു. ഭാഷയും സംസ്‌കാരവും പരസ്പര പൂരകങ്ങളാണെന്നും, ഒരു ഭാഷ പഠിക്കുമ്പോൾ ഭാഷ മാത്രമല്ല സംസ്‌കാരവും കൂടി പഠിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മലയാളം മിഷൻ കൺവീനർ വി പി കൃഷ്‌ണകുമാറിന്റെ അദ്ധ്യക്ഷതയിൽ കേരള സോഷ്യൽ സെന്ററിൽ ചേർന്ന സാംസ്‌കാരിക സമ്മേളനത്തിൽ മലയാളം മിഷൻ യുഎഇ കോർഡിനേറ്റർ കെ എൽ ഗോപി, അഹല്യ മെഡിക്കൽ ഗ്രൂപ്പ് ജനറൽ മാനേജർ സൂരജ് പ്രഭാകർ, അബുദാബി മലയാളി സമാജം പ്രസിഡന്റ് റഫീഖ് കയനയിൽ, ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ സാഹിത്യ വിഭാഗം സെക്രട്ടറി അബ്‌ദുൽ അസീസ് എന്നിവർ സംസാരിച്ചു. മലയാളം മിഷൻ കോർഡിനേറ്റർമാരായ സഫറുള്ള പാലപ്പെട്ടി സ്വാഗതവും ബിജിത് കുമാർ നന്ദിയും പറഞ്ഞു.

തുടർന്ന് സുഗതാഞ്ജലി ആഗോള തല കാവ്യാലാപന മത്സരത്തിൽ മേഖല- ചാപ്റ്റർ തല മത്സരങ്ങളിലെ വിജയികൾക്കും, തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയും മലയാളം മിഷനും സംയുക്തമായി സംഘടിപ്പിച്ച ദശപുഷ്പം അധ്യാപക ശില്പശാലയിൽ പങ്കെടുത്തവർക്കും, ആദാദി കാ അമൃത് വജ്രകാന്തി ആഗോള തല മത്സരത്തിലെ ചാപ്റ്റർ തല വിജയികൾക്കും പുരസ്കാരങ്ങൾ വിതരണം ചെയ്‌തു. പുരസ്‌കാര സമർപ്പണ ചടങ്ങുകൾക്ക് എ പി അനിൽകുമാർ, രമേശ് ദേവരാഗം, ബിന്ദു നഹാസ്, സ്‌മിത ധനേഷ്, ജിഷ ഷാജി എന്നിവർ നേതൃത്വം നൽകി.

മലയാളം മിഷൻ അധ്യാപകർക്കായി സംസ്ഥാന സർക്കാർ ഇഷ്യു ചെയ്‌ത ബാഡ്ജ്, പുതുതായി ആരംഭിക്കുന്ന സെന്ററുകളിലെ അധ്യാപകർക്കായുള്ള കണിക്കൊന്ന പാഠപുസ്തകങ്ങൾ, കൈപുസ്തകങ്ങൾ എന്നിവ പ്രസ്‌തു‌‌ത വേദിയിൽ വെച്ച് വിതരണം ചെയ്‌തു. മലയാളം മിഷന്റെ പിന്നിട്ട വർഷങ്ങളിലെ പ്രവർത്തനങ്ങൾ പ്രതിപാദിക്കുന്ന ഡോക്യുമെന്ററിയുടെ പ്രദർശനവും സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിലെ വിജയികളുടെ കാവ്യാലാപനവും അരങ്ങേറി. പ്രശസ്‌ത എഴുത്തുകാരനും ചലച്ചിത്രകാരനുമായ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ വേർപാടിൽ അനുശോചിച്ചുകൊണ്ടാണ് യോഗ നടപടികൾ ആരംഭിച്ചത്. അനുശോചനപ്രമേയം മലയാളം മിഷൻ എക്സിക്യൂട്ടീവ് അംഗം ധനേഷ് കുമാർ അവതരിപ്പിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top