28 September Thursday

മലയാളം മിഷൻ യുകെ ചാപ്റ്റർ ഓൺലൈൻ പഠന ക്ലാസ്‌ ടി ഡി രാമകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു

എബ്രഹാം കുര്യൻUpdated: Thursday Apr 20, 2023

ലണ്ടൻ>: മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഓൺലൈൻ പഠന ക്ലാസിന്റെ ഉദ്ഘാടനവും "ടെക്നോളജിയുടെ കാലത്തെ ഭാഷാ പഠനം, സാധ്യതകളും -വെല്ലുവിളികളും" എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സാംസ്കാരിക സംവാദവും ശ്രദ്ധേയമായി. ലണ്ടനിലെ ഈസ്റ്റ് ഹാമിലുള്ള എം എ യു കെ യുടെ ആസ്ഥാനമായ കേരള ഹൗസിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.

ടെക്നോളജിയുടെ ഈ കാലഘട്ടത്തിൽ പുതുതലമുറയിലേക്ക് മലയാള ഭാഷാപഠനവും നാടിന്റെ സംസ്കാരവും പൈതൃകവുമൊക്കെ എത്തിക്കുവാനുള്ള വലിയ സാധ്യതയാണ് ഓൺലൈൻ ക്ലാസ്സുകളിലൂടെ  തുറക്കുന്നതെന്ന്   ഉദ്ഘാടനം നിർവഹിച്ച പ്രശസ്ത നോവലിസ്റ്റും വിവർത്തകനുമായ ടി ഡി രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഓൺലൈൻ ക്ലാസ്സ് തന്നെ ടെക്നോളജിയിലൂടെ ഭാഷാ പഠനത്തിനുള്ള ഒരു വലിയ  സാധ്യതയായി അദ്ദേഹം ചൂണ്ടിക്കാട്ടി.  ടെക്നോളജി തീർച്ചയായും ഭാഷാ പഠനത്തെ സഹായിക്കും. എങ്കിലും ടെക്നോളജി മാനവരാശിക്ക്  ഗുണകരമായല്ലാതെ ഉപയോഗപ്പെടുത്തുന്ന ധാരാളം ഉദാഹരണങ്ങളും ഉണ്ട്‌. അവയ്ക്കെതിരെ ജാഗ്രത പുലർത്തിക്കൊണ്ട് ടെക്നോളജി ഭാഷാ വികസനത്തിന് ഉപയോഗിക്കണമെന്നും അതിന് ശ്രമിക്കുന്ന മലയാളം മിഷൻ യു കെ ചാപ്റ്ററിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ ഭാരവാഹികളോടൊപ്പം എം എ യു കെയുടെ ഭാഗമായ "കട്ടൻകാപ്പിയും കവിതയും" എന്ന സാഹിത്യ കൂട്ടായ്മയുടെ പ്രവർത്തകരും ഓൺലൈൻ പഠന ക്ലാസിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സജീവമായി പങ്കെടുത്തു.

കഴിഞ്ഞ ആറ് വർഷമായി മലയാളം മിഷന്റെ നേതൃത്വത്തിലുള്ള ഭാഷാ പഠന കേന്ദ്രങ്ങൾ യുകെയുടെ വിവിധ സ്ഥലങ്ങളിൽ നടക്കുന്നുണ്ടെങ്കിലും കൂടുതൽ മലയാളി കുടുംബങ്ങളുടെ അഭാവം മൂലം മലയാളം ക്ലാസുകൾ സംഘടിപ്പിക്കുവാൻ സാധിക്കാത്ത സ്ഥലങ്ങളിലുള്ള കുട്ടികൾക്ക് വീട്ടിൽ ഇരുന്ന് മലയാളം പഠിക്കുവാനുള്ള സാഹചര്യം ഒരുക്കുന്നതിനു വേണ്ടിയാണ് മലയാള മിഷൻ യു കെ ചാപ്റ്റർ ഓൺലൈൻ പഠന ക്ലാസുകൾ ആരംഭിക്കുന്നത് .

ഓൺലൈൻ പഠന ക്ലാസുകൾക്ക് സഹായസഹകരണങ്ങൾ മലയാളം മിഷൻ നൽകുവാൻ തയ്യാറാണെന്ന് മലയാളം മിഷൻ ഡയറക്ടറും പ്രശസ്ത കവിയുമായ മുരുകൻ കാട്ടാക്കട മലയാളം മിഷൻ യുകെ ചാപ്റ്റർ ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്.

മലയാളം മിഷന്റെ പരിശീലനം ലഭിച്ച അധ്യാപകർ ആയിരിക്കും ഓൺലൈൻ ക്ലാസുകളിൽ പഠിപ്പിക്കുന്നത്. പഠനകേന്ദ്രങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിലെ കുട്ടികൾക്ക് ഓൺലൈൻ പഠന ക്ലാസുകളിൽ ചേരുവാനുള്ള രജിസ്ട്രേഷൻ ഫോം സഹിതമുള്ള വിഷദാംശങ്ങൾ മലയാളം മിഷൻ യു കെ ചാപ്റ്റർ വാർത്താകുറിപ്പിൽ അറിയിക്കും.

മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ് ചടങ്ങിൽ അധ്യക്ഷനായി. 2017ൽ അന്നത്തെ ബഹു സാംസ്കാരിക മന്ത്രി എ കെ ബാലൻ ഉദ്ഘാടനം ചെയ്ത് ആരംഭിച്ച മലയാള മിഷൻ യു കെ ചാപ്റ്റർ നല്ലനിലയിലുള്ള പ്രവർത്തനങ്ങളുമായാണ് മുന്നോട്ടുപോകുന്നതെന്ന്‌ ജോസഫ്‌ പറഞ്ഞു. 2021ലെ ആദ്യത്തെ കണിക്കൊന്ന പുരസ്കാരം ലഭിച്ചത് മലയാളം മിഷൻ യു കെ ചാപ്റ്ററിനാണ് എന്നത്  അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.


മലയാളം മിഷൻ യു കെ ചാപ്റ്റർ സെക്രട്ടറി എബ്രഹാം കുര്യൻ  സ്വാഗതം പറഞ്ഞു.  സൗത്ത് മേഖല കോർഡിനേറ്റർ ബേസിൽ ജോൺ, എം എ യു കെ പ്രസിഡന്റ് അനിൽ ഇടവന എന്നിവർ ആശംസകൾ അർപ്പിച്ചു. മിഡ്‌ലാൻഡ്‌സ് മേഖല കോർഡിനേറ്റർ ആഷിക് മുഹമ്മദ് നാസർ  നന്ദി പറഞ്ഞു.

എംഎ യു കെ യുടെ ഭാഗമായ "കട്ടൻ കാപ്പിയും കവിതയും" എന്ന സാഹിത്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രശസ്ത നോവലിസ്റ്റ് ടി ഡി രാമകൃഷ്ണന്റെ സാഹിത്യകൃതികളെപ്പറ്റി ചർച്ചയും നടത്തി. അദ്ദേഹത്തിൻറെ പ്രശസ്ത നോവലുകളായ ആൽഫ, ഫ്രാൻസിസ് ഇട്ടിക്കോര, സുഗന്ധി എന്ന അണ്ടാൾ ദേവനായകി,  മാമ ആഫ്രിക്ക, പച്ച മഞ്ഞ ചുവപ്പ് എന്ന നോവലുകളെക്കുറിച്ചും അദ്ദേഹത്തിന്റെ മറ്റ് കൃതികളെ സംബന്ധിച്ചും ചർച്ചനടന്നു. ദക്ഷിണ റെയിൽവേ ചീഫ് കൺട്രോളറുമായിരുന്ന നോവലിസ്റ്റ് ടി ഡി രാമകൃഷ്ണൻ തിരക്കേറിയ തന്റെ ഔദ്യോഗിക ജീവിതത്തിനിടയിലും താൻ നടത്തിയ സാഹിത്യ രചനകൾക്കാധാരമായ സംഭവങ്ങളെക്കുറിച്ചുമൊക്കെ ചർച്ചകളിൽ പങ്കെടുത്ത് സംസാരിച്ചു.

സാംസ്കാരിക സംവാദത്തിനും സാഹിത്യ ചർച്ചകൾക്കും പ്രിയവൃതൻ, മുരളി മുകുന്ദൻ പത്രപ്രവർത്തകനും എഴുത്തുകാരനുമായ മണമ്പൂർ സുരേഷ്, എം എ യൂകെ സെക്രട്ടറിയും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രവർത്തക സമിതി അംഗവുമായ ശ്രീജിത്ത് ശ്രീധരൻ എന്നിവർ നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top