29 March Friday

മലയാളം മിഷൻ പ്രവർത്തനങ്ങൾ ഖോർഫക്കാനിലും

വെബ് ഡെസ്‌ക്‌Updated: Tuesday Feb 28, 2023

ഖോർഫക്കാൻ> മലയാളം മിഷൻ പ്രവർത്തനങ്ങൾ ഖോർഫക്കാനിലും ആരംഭിച്ചു. ഫുജൈറ ചാപ്റ്ററിന്റെ കീഴിൽ ഖോർഫക്കാനിൽ പുതിയ മേഖല രൂപീകരിച്ചു കൊണ്ടാണ് ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ പഠന കേന്ദ്രങ്ങളുടെ ഉദ്ഘാടനവും പ്രവേശനോത്സവവും ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിൽ സംഘടിപ്പിച്ചത്.

മലയാളം മിഷൻ യുഎഇ കോഡിനേറ്റർ കെ എൽ ഗോപി പഠനകേന്ദ്രങ്ങളുടെ ഉദ്ഘാടനവും പ്രവേശനോത്സവവും ഉദ്ഘാടനം ചെയ്തു. മുതിർന്ന മാധ്യമപ്രവർത്തകയും, ലോക കേരളസഭ അംഗവുമായ തൻസി ഹാഷിർ മുഖ്യപ്രഭാഷണം നടത്തി. എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം എന്ന ലക്ഷ്യം മുൻനിർത്തി മലയാള ഭാഷയെ സമ്പന്നമാക്കുന്ന നിസ്വാർത്ഥമായ പ്രവർത്തനമാണ് മലയാളം മിഷൻ നടത്തുന്നത് എന്നും ആ പ്രവർത്തനത്തിൽ പങ്കാളികളായി  ഭാഷാപ്രവർത്തനത്തിന്റെ ഓജസ്സുള്ള കണ്ണിയായി മാറുകയാണ് ഖോർഫക്കാനിലെ ഇന്ത്യൻ സോഷ്യൽ ക്ലബ്ബും മലയാളി സമൂഹവും എന്നും തൻഷി ഹാഷിർ അഭിപ്രായപ്പെട്ടു. മലയാളം മിഷൻ ഫുജൈറ ചാപ്റ്റർ പ്രസിഡൻറ് സഞ്ജീവ് മേനോൻ, സെക്രട്ടറി ടി വി മുരളീധരൻ, ലോക കേരളസഭ അംഗം സൈമൺ സാമുവൽ, ഫുജൈറ ചാപ്റ്റർ കോഡിനേറ്റർ രാജശേഖരൻ വല്ലത്ത്, ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സെക്രട്ടറി പോളി സ്റ്റീഫൻ എന്നിവർ സംസാരിച്ചു. മലയാളം മിഷൻ ഐ എസ് സി ഖോർഫക്കാൻ മേഖല ആക്ടിംഗ് പ്രസിഡൻറ് ബൈജു രാഘവൻ അധ്യക്ഷനായി. സെക്രട്ടറി കുര്യൻ ജെയിംസ് സ്വാഗതവും, കോഡിനേറ്റർ അജിത രാധാകൃഷ്ണൻ നന്ദിയും അറിയിച്ചു.

കുട്ടികളുമൊത്തുള്ള പ്രത്യേക സെഷന് ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ ദിവാകരൻ മാസ്റ്റർ നേതൃത്വം നൽകി. കുട്ടികളുമൊത്തുള്ള സർഗ്ഗസംവാദവും വിവിധ  ആക്ടിവിറ്റികളും, കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും പ്രവേശനോത്സവത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നു.

നിലവിൽ ഏഴു ചാപ്റ്ററുകളുടെ കീഴിലാണ് യുഎഇയിൽ മലയാളം മിഷൻ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. 8000 ഓളം പഠിതാക്കളും, 800 ഓളം അധ്യാപകരും മലയാളം മിഷൻ പ്രവർത്തനങ്ങളിൽ ഇപ്പോൾ പങ്കാളികളാണ്. യു എ ഇ യിലെ വിവിധ സംഘടനകൾ, സാംസ്‌കാരിക പ്രവർത്തകർ, അധ്യാപകർ, സാമൂഹ്യപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ പ്രവർത്തനങ്ങളാണ് മലയാളം മിഷൻ നടത്തിക്കൊണ്ടിരിക്കുന്നത്. ചാപ്റ്ററുകളുടെ നേതൃത്വത്തിൽ കൂടുതൽ മേഖലകളിൽ മലയാളം മിഷൻ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്നതിന്റെ ഭാഗമായാണ്  പുതിയ പഠന കേന്ദ്രങ്ങൾ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിൽ ആരംഭിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top