30 November Thursday

മലയാളം മിഷൻ അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ഷാർജ ഇന്ത്യൻ അസോസിയേഷൻ

വെബ് ഡെസ്‌ക്‌Updated: Thursday Feb 23, 2023


ദുബായ്> ലോക മാതൃഭാഷാദിനാചരണത്തിന്റെ ഭാഗമായി  മലയാളം മിഷന്‍ നല്‍കി വരുന്ന മലയാണ്‍മ 2023 - മാതൃഭാഷാ പുരസ്‌കാരത്തുക ഷാർജ ഇന്ത്യൻ അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി . എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം എന്ന ലക്ഷ്യം മുൻനിർത്തി സംസ്കാരിക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ നടത്തിവരുന്ന ഭാഷ പ്രവർത്തനങ്ങളുടെ ഭാഗമായി മലയാള ഭാഷ പ്രചരിപ്പിക്കുന്നതിന് പിന്തുണ നൽകുന്ന വിദേശരാജ്യങ്ങളിലെ അംഗീകൃത സംഘടനയ്ക്ക് നല്‍കുന്ന മികച്ച പ്രവാസി സംഘടനയ്ക്കുള്ള സുഗതാഞ്ജലി പ്രവാസി പുരസ്‌കാരത്തിനാണ് ഇത്തവണ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ അര്‍ഹമായത്. അവാർഡ് തുകയായ  ഒരു ലക്ഷം രൂപ ചടങ്ങിൽ വെച്ചു തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതായി ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റും, മലയാളം മിഷൻ ഷാർജ ചാപ്റ്റർ ചെയർമാനുമായ വൈ എ റഹീമും, അവാർഡ് സ്വീകരിക്കാൻ എത്തിയ അസോസിയേഷൻ പ്രതിനിധികളും ചേർന്ന് അറിയിച്ചു.പ്രവാസ ലോകത്തെ മികച്ച ഭാഷാപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന ഭാഷാമയൂരം പുരസ്‌കാരം വിദേശ വിഭാഗത്തില്‍ ദുബായ് ചാപ്റ്ററിലെ കൺവീനർ ഫിറോസിയ ദിലീഫ് റഹ്‌മാനും, ജോയിന്റ് കൺവീനർ റംഷി മുഹമ്മദും പങ്കിട്ടെടുത്തു. 25000 രൂപയും പ്രശസ്തിപത്രം ആലേഖനം ചെയ്ത ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.  ഭാഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഭാഷാപ്രവര്‍ത്തകര്‍ക്കും അധ്യാപകര്‍ക്കും ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ ബോധി അധ്യാപക പുരസ്‌കാരത്തിന് (വിദേശ വിഭാഗം) അബുദാബി ചാപ്റ്ററിലെ അദ്ധ്യാപിക പ്രീത നാരായണന്‍ അർഹയായി.  ആഗോള അടിസ്ഥാനത്തിൽ നടത്തിയ സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിലും യുഎഇ മികച്ച നേട്ടം കൈവരിച്ചു. സബ്‌ജൂനിയർ വിഭാഗത്തിൽ ഒന്നും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയത് യുഎഇ യിലെ പഠിതാക്കളാണ്. അബുദാബി ചാപ്റ്ററിലെ അനഘ സുജിൽ ഒന്നാം സ്ഥാനവും, റാസ് അൽ ഖൈമ ചാപ്റ്ററിലെ കൃപ നിഷ മുരളി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കെ. ജയകുമാര്‍ (ഡയറക്ടര്‍, ഐ.എം.ജി.), ഡോ. പി.കെ. രാജശേഖരന്‍ (ഗ്രന്ഥകാരന്‍, നിരൂപകന്‍), ഡോ. സി. രാമകൃഷ്ണന്‍ (അക്കാദമിക് വിദഗ്ധന്‍,വിദ്യാകിരണം), മുരുകന്‍ കാട്ടാക്കട (ഡയറക്ടര്‍, മലയാളം മിഷന്‍) എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് പുരസ്‌കാരനിര്‍ണ്ണയം നടത്തിയത്.

സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് അവാർഡുകൾ വിതരണം ചെയ്തത്. ചടങ്ങിൽ മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട അധ്യക്ഷനായി. റജിസ്ട്രാർ വിനോദ് വൈശാഖി, പ്രശസ്ത സിനിമാ സംവിധായകനും കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി, റേഡിയോ മലയാളം ചുമതല വഹിക്കുന്ന ജേക്കബ് എബ്രഹാം എന്നിവർ പങ്കെടുത്തു.

മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും വ്യാപനവും പ്രചരണവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള സ്ഥാപനമാണ് മലയാളം മിഷന്‍. ഇന്ത്യയില്‍ 24 സംസ്ഥാനങ്ങളിലും 60 രാജ്യങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന പഠനകേന്ദ്രങ്ങളില്‍ അന്‍പതിനായിരത്തോളം വിദ്യാര്‍ഥികള്‍ മലയാള ഭാഷാപഠനം നടത്തിവരുന്നു. അയ്യായിരത്തോളം ഭാഷാപ്രവര്‍ത്തകരും അധ്യാപകരുമടങ്ങുന്ന പ്രവാസികളായ സന്നദ്ധപ്രവര്‍ത്തകരാണ് മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. യു എ ഇ യിൽ മാത്രമായി ഏഴു ചാപ്റ്ററുകളും 8000 ത്തിൽ കൂടുതൽ പഠിതാക്കളും, 500 ഓളം അധ്യാപകരും ഉണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top