25 April Thursday

മലയാളം മിഷൻ 'മലയാണ്മ' പുരസ്‌കാരം: ദുബായ് ചാപ്റ്ററിന് അഭിമാന നേട്ടം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 15, 2023

ഫിറോസിയ, റംഷി മുഹമ്മദ്

ദുബായ്> മലയാളം മിഷൻ 'മലയാണ്മ' പുരസ്കാരങ്ങളിൽ ദുബായ് ചാപ്റ്ററിന് അഭിമാന നേട്ടം. മാതൃഭാഷ ദിനത്തോടനുബന്ധിച്ച് ഇത്തവണ മുതൽ നൽകിവരുന്ന പ്രഥമ ഭാഷാമയൂരം (വിദേശ വിഭാഗം) പുരസ്കാരം മലയാളം മിഷൻ ദുബായ് ചാപ്റ്റർ കൺവീനർ ഫിറോസിയ, ജോ. കൺവീനർ റംഷി മുഹമ്മദ് എന്നിവർ കരസ്ഥമാക്കി. 60 രാജ്യങ്ങളിൽ നിന്നായി പരിഗണിക്കപ്പെട്ടവരിൽ നിന്നുമാണ് ഏറ്റവും മികച്ച ഭാഷാ പ്രവർത്തകർക്കുള്ള ഭാഷാമയൂരം പുരസ്‌കാരത്തിന് ഇരുവരും അർഹരായിരിക്കുന്നത്.

2019 ൽ പരിശീലനം നേടി മലയാളം മിഷൻ അധ്യാപകരായി പ്രവർത്തിച്ചു വരുന്ന ഫിറോസിയയും റംഷിയും 2021 ലാണ് ഭാരവാഹികളെന്ന നിലയിൽ പ്രവർത്തനത്തിലേക്ക് എത്തുന്നത്. സ്വന്തം കുട്ടികളെ മലയാളം മിഷൻ ക്ലാസ്സിൽ ചേർക്കാൻ എത്തുകയും ക്രമേണ ഭാഷാധ്യാപകരായും പ്രവർത്തക സമിതിയംഗങ്ങളായും മാറിക്കൊണ്ടാണ് ഇരുവരും തങ്ങളുടെ ഭാഷാ പ്രചാരണ പ്രവർത്തനങ്ങളെ വളർത്തിയത്. രക്ഷിതാക്കൾ ആയി മലയാളം മിഷനിലേക്ക് കടന്നു വന്ന് ഭാരവാഹികൾ ആയി മാറുകയും ഭാഷാമയൂരം പുരസ്കാരത്തിന് അർഹരാവുകയും ചെയ്ത ഇരുവരുടെയും നേട്ടം ദുബായിലെ ഭാഷാ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്ന ഏതൊരു മലയാളിക്കും ഏറ്റവും മികച്ച വേദിയൊരുക്കിക്കൊണ്ട് ദുബായ് ചാപ്റ്റർ മുന്നേറുന്നുവെന്നതിന് തെളിവാകുകയാണ്.

പ്രവാസലോകത്തെ അനേകം അധ്യാപകർക്കും രക്ഷിതാക്കൾക്കും കൂടിയുള്ള പ്രചോദനം കൂടിയാണ് ഈ ഭാഷാപ്രവർത്തകർ.  മാതൃഭാഷയോടുള്ള സ്നേഹവും സാമൂഹിക പ്രതിബന്ധതയും ഉയർത്തി പിടിച്ചു കൊണ്ട് അധ്യാപകരും രക്ഷിതാക്കളും മലയാളം മിഷൻ പ്രവർത്തകരും വിദ്യാർത്ഥികളും വിവിധ സംഘടനകളും ലോകകേരളസഭാംഗങ്ങളും മറ്റു ഭാഷാസ്നേഹികളും എല്ലാവരും നൽകിയ പിന്തുണയും സ്നേഹവും കൂട്ടായ പ്രവർത്തനങ്ങളുമാണ് ഈ നേട്ടത്തിന് പിന്നിൽ എന്ന് ഇരുവരും പ്രതികരിച്ചു. ഉത്തരവാദിത്വങ്ങൾ കൃത്യമായി ഏറ്റെടുത്തു അതിനോട് ആത്മാർത്ഥത പുലർത്തി ഈ മഹത്തായ സംരംഭത്തെ മുന്നോട്ട് നയിക്കാൻ കാണിച്ച ആത്മാർത്ഥതക്ക് കിട്ടിയ അംഗീകാരം ആണിത്. ഇനിയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ കൂടുതൽ ആളുകളിലേക്ക് മിഷൻ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും ഈ കൂട്ടായ്മയുടെ കെട്ടുറപ്പും അഖണ്ഡതയും കൂടുതൽ ഉറപ്പിക്കാനും പരിശ്രമിക്കുമെന്നും ഈ ഭാഷ പ്രചാരകർ പറയുന്നു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top