20 April Saturday

സാംസ്‌കാരിക പ്രവർത്തനങ്ങൾ ശുഷ്കമാകുന്നിടത്ത് അസാന്മാർഗിക പ്രവർത്തനങ്ങൾ വർദ്ധിക്കും: കെ പി രാമനുണ്ണി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 2, 2022

അബുദാബി> കലാ സാഹിത്യ സാംസ്‌കാരിക പ്രവർത്തനങ്ങൾ ശുഷ്‌കമാകുന്നതുകൊണ്ടാണ് ലഹരി പ്രാദാര്ഥങ്ങളുടെ പ്രയോഗം കേരളത്തിൽ വർദ്ധിച്ചുവരുന്നതെന്ന് പ്രമുഖ സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ കെ പി രാമനുണ്ണി അഭിപ്രായപ്പെട്ടു. കേരള സോഷ്യൽ സെന്ററിന്റെയും മലയാളം മിഷൻ അബുദാബി ചാപ്റ്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരളപ്പിറവിദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്‌കാരത്തിന്റെ തായ്‌വേരോടുന്ന മണ്ണാണ് ഭാഷ. ഭാഷ ആർജ്ജിക്കുക എന്നതിനർഥം സംസ്‌കാരം കൂടി ആർജ്ജിക്കുക എന്നതാണ്. മാനവിക മൂല്യങ്ങൾ, ജനാധിപത്യബോധം എന്നിങ്ങനെയുള്ള വസ്തുതകളിൽനിന്ന് അറിവുകളും കഴിവുകളും മനോഭാവങ്ങളും സമാഹരിക്കുന്നതിനും അതത് നാടിന്റെ ശ്രേഷ്ഠമായ സാംസ്‌കാരിക ചരിത്ര പാരമ്പര്യത്തെ പുതുതലമുറയ്ക്ക് അനുഭവപ്പെടുത്തുന്നതിനും ഭാഷാപഠനം അനിവാര്യമാണ്.
കലയുള്ളിടത്ത് കലാപം കുറയുന്നുവെന്നതുപോലെ കലാ സാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങൾ കുറയുന്നിടത്ത് അസാന്മാർഗ്ഗിക പ്രവർത്തനങ്ങൾ വർദ്ധിച്ചുവരുന്നു. വസ്തുതാ പഠനങ്ങൾക്കും ശാസ്ത്ര പഠനങ്ങൾക്കും അമിതപ്രാധാന്യം കൊടുക്കുകയും മാനുഷിക വിഷയങ്ങൾക്ക് പ്രാധാന്യം കുറയുകയും ചെയ്യുന്നു എന്നതും ഇതിനൊരു കാരണമാണ്. അദ്ദേഹം തുടർന്ന് പറഞ്ഞു.

കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് വി പി കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം മലയാളം മിഷൻ ആമ്പൽ വിദ്യാർത്ഥിനി മാനസി മനോജ് ചൊല്ലിക്കൊടുത്ത ഭാഷാപ്രതിജ്ജയോടുകൂടിയാണ് ആരംഭിച്ചത്. മലയാളം മിഷൻ അബുദാബി ചാപ്റ്റർ ചെയർമാൻ സൂരജ് പ്രഭാകർ, യുഎഇ കോർഡിനേറ്റർ കെ. എൽ. ഗോപി, കേരള സോഷ്യൽ സെന്റർ വനിതാവിഭാഗം കൺവീനർ പ്രജിന അരുൺ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.  ചടങ്ങിൽ ഡോ. ഹസീന ബീഗം രചിച്ച 'വിജയത്തിന്റെ കാൽപാടുകൾ' എന്ന പുസ്തകത്തിന്റെ കവർപേജ് പ്രകാശനം കെ പി രാമനുണ്ണി നിർവ്വഹിച്ചു. സെന്ററിന്റെ സ്നേഹോപഹാരം ജനറൽ സെക്രട്ടറി ഷെറിൻ വിജയൻ രാമനുണ്ണിക്ക് സമ്മാനിച്ചു.

മലയാളം മിഷൻ അബുദാബി ചാപ്റ്റർ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി സ്വഗതവും കൺവീനർ ബിജിത് കുമാർ നന്ദിയും പറഞ്ഞു. മലയാളം മിഷൻ അധ്യാപകർ ആലപിച്ച സംഘഗാനത്തോട് കൂടിയാണ് കലാപരിപാടികൾക്ക് തിരശ്ശീല ഉയർന്നത്. തുടർന്ന് കെഎസ്‌സി കലാവിഭാഗവും ബാലവേദിയും മലയാളം മിഷൻ വിദ്യാർത്ഥികളും അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. കലാപരിപാടികൾക്ക് കലാവിഭാഗം സെക്രട്ടറി നിഷാം നേതൃത്വം നൽകി.


മലയാളം മിഷൻ അബുദാബി ചാപ്റ്ററും കേരള സോഷ്യൽ സെന്ററും സംയുക്തമായി സംഘടിപ്പിച്ച കേരളപ്പിറവിദിനാഘോഷം കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്യുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top