29 March Friday

ലോകകേരളസഭ യൂറോപ്പ് റീജിയണൽ കോൺഫ്രൻസ്: ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രിയെത്തും, സാംസ്‌കാരിക പരിപാടികൾ അണിയറയിൽ ഒരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022

ലണ്ടൻ> യുകെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി മലയാളി സമൂഹം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോകകേരളസഭ യുകെ യൂറോപ്പ് റീജിയണൽ കോൺഫ്രൻസിന്റെ ഉദ്ഘാടനം ഒക്ടോബർ 9ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവ്വഹിക്കും. മന്ത്രിമാരായ പി രാജീവ്, വി ശിവൻകുട്ടി, നോർക്ക റസിഡൻസ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല ഐഎഎസ് , നോർക്ക സി ഇ ഒ ഹരികൃഷ്ണൻ നമ്പൂതിരി, മറ്റ് നോർക്ക പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ സമ്മേളനത്തിൽ പങ്കെടുക്കും.

രാവിലെ ലണ്ടനിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ പ്രവാസി മലയാളികൾ നേരിടുന്ന പൊതുവായ പ്രശ്നങ്ങളും യുകെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലെ മലയാളി സമൂഹവും നേരിടുന്ന നിരവധി വിഷയങ്ങളും പ്രത്യേകമായി ചർച്ച ചെയ്യും. ലോക കേരളസഭ യുകെ- യൂറോപ്പ് റീജിയണൽ കോൺഫ്രൻസിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും പ്രവാസിമലയാളികളുടെ ഗുണകരമായ പങ്കാളിത്തത്തെക്കുറിച്ചുമുള്ള സമഗ്രമായ ചർച്ചകൾ നടക്കും.

യുകെയിൽ നടക്കുന്ന ലോക കേരള സഭാ റീജിയനൽ സമ്മേളനം അവിസ്മരണീയമാക്കുന്നത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന ചീഫ് കോർഡിനേറ്റർ എസ് ശ്രീകുമാർ, ജോയിന്റ് കോർഡിനേറ്റർ സി എ ജോസഫ്, ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോ ബിജു പെരിങ്ങത്തറ, പി ആർ ഒ ജയൻ എടപ്പാൾ എന്നിവരുടെയും വിവിധ സബ്കമ്മിറ്റി കൺവീനർമാരായ കുര്യൻ ജേക്കബ്, ദിനേശ് വെള്ളാപ്പള്ളി, സഫീർ എൻ കെ, കെ കെ മോഹൻദാസ്,  ശ്രീജിത്ത് ശ്രീധരൻ, എസ് ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റികൾ ക്രിയാത്മകമായ പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.



ലോക കേരള സഭയുടെ ഒന്നാമത് സമ്മേളനത്തിൽ തന്നെ ഉരുത്തിരിഞ്ഞ ആശയവും തീരുമാനവും ആയിരുന്നു മേഖലാതല സമ്മേളനങ്ങൾ.  2019 ൽ ഗൾഫ് രാജ്യങ്ങളിലെ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് ദുബായിൽ വച്ച് നടന്ന മേഖലാ സമ്മേളനവും ശ്രദ്ധേയമായിരുന്നു. കോവിഡ് മഹാമാരിയുടെ ഫലമായിട്ടായിരുന്നു മേഖലാ സമ്മേളനങ്ങൾ  പിന്നീട് നടത്തുവാൻ കഴിയാതിരുന്നത്. മൂന്നാം ലോക കേരള സഭ സമ്മേളിച്ചപ്പോൾ മേഖല സമ്മേളനങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകത അംഗങ്ങൾ ചൂണ്ടിക്കാണിച്ചതിന്റെ അടിസ്ഥാനത്തിലാണ് യൂറോപ്പ് മേഖലാ സമ്മേളനം ലണ്ടനിൽ വച്ച് ഒക്ടോബർ ഒമ്പതിന് നടത്തുന്നത് .

യുകെയിൽ നടക്കുന്ന ലോക കേരള സഭ റീജിയണൽ സമ്മേളനത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ബ്രക്സിറ്റിന് ശേഷം യുകെയിലേക്ക് ആയിരക്കണക്കിന് നഴ്സുമാരും സീനിയർ കെയറർമാരും മറ്റ് പ്രഫഷണലുകളും വിദ്യാർഥികളും കേരളത്തിൽ നിന്നും യുകെയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വർഷങ്ങളായി ജീവിക്കുന്ന ഒ സി ഐ കാർഡ് ഹോൾഡേഴ്സ് ആയിട്ടുള്ള  മലയാളികളുടെയും പുതുതായി യുകെയിലേക്ക് കടന്നുവരുന്ന മലയാളികൾക്കും കേരള സർക്കാരിന്റെ ഭാഗത്തുനിന്നും ലഭ്യമാക്കേണ്ട പിന്തുണ സംബന്ധിച്ചുള്ള ചർച്ചകളും ലോക കേരള സഭ സമ്മേളനത്തിൽ നടക്കും. കേരള സർക്കാരിന്റെ  അടിയന്തര ശ്രദ്ധ ആവശ്യമുള്ളതും യൂറോപ്പ് മലയാളികൾ നേരിടുന്നതുമായ പല വിഷയങ്ങളും മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും നോർക്ക ഉദ്യോഗസ്ഥരുടെയും സജീവ പരിഗണനക്കായി നൽകുവാനുള്ള അവസരവും പ്രതിനിധികൾക്ക് ലഭിക്കുന്നതാണ്.

ലോക കേരളസഭ യുകെ-യൂറോപ്പ് കോൺഫ്രൻസിനോടനുബന്ധിച്ച് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ പ്രവാസി മലയാളി സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും ചർച്ച ചെയ്യപ്പെടുന്നുണ്ട്. "വൈജ്ഞാനിക സമൂഹ നിർമ്മിതിയും പ്രവാസ ലോകവും" "ലോകകേരളസഭ- പ്രവാസി സമൂഹവും സംഘടനകളും"  "നവകേരള നിർമ്മാണം- പ്രതീക്ഷകളും സാധ്യതകളും, പ്രവാസികളുടെ പങ്കും" "യൂറോപ്യൻ കുടിയേറ്റം അനുഭവങ്ങളും വെല്ലുവിളികളും" എന്നീ വിഷയങ്ങളും വിദഗ്ധരായ ആളുകൾ അവതരിപ്പിച്ച് സമഗ്രമായ ചർച്ചകളും നടക്കുന്നതാണ്.



ഒക്ടോബർ ഒൻപത് വൈകുന്നേരം നാലു മുതൽ ഒൻപത് വരെ നടക്കുന്ന പൊതുസമ്മേളനവും 'കേളീരവം'എന്ന പേരിൽ നടത്തുന്ന സാംസ്കാരിക പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനവും ബഹു മുഖ്യമന്ത്രി നിർവ്വഹിച്ചു സംസാരിക്കും. യൂറോപ്പിൽ നിന്നുമുള്ള ലോകകേരളസഭ അംഗങ്ങളോടൊപ്പം വിവിധ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ സംഘടനാ പ്രതിനിധികൾക്കും പ്രവർത്തകർക്കും,  ബിസിനസ് മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും പൊതുജനങ്ങൾക്കും പൊതുസമ്മേളനത്തിൽ പങ്കെടുക്കാവുന്നതാണ്.



പൊതു സമ്മേളനത്തോടനുബന്ധിച്ച് 'കേളീരവം' എന്ന പേരിൽ നടത്തുന്ന സാംസ്കാരിക പരിപാടികളുടെ ഭാഗമായി യുകെ യിലെ പ്രശസ്തരായ കലാകാരന്മാരും കലാകാരികളും ചേർന്ന് അണിയിച്ചൊരുക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികളും  കേരളത്തിന്റെ തനതു കലകളും നയന മനോഹരങ്ങളായ നൃത്ത കലാ രൂപങ്ങളും കേരളത്തിന്റെ മഹത്തായ സാംസ്കാരിക പൈതൃകം വിളിച്ചോതുന്നവയാണെയെന്ന് കൾച്ചറൽ കമ്മറ്റിയുടെ കൺവീനർ ശ്രീജിത്ത് ശ്രീധരൻ അഭിപ്രായപ്പെട്ടു.

യുകെയിൽ ഇദംപ്രഥമമായി നടത്തുന്ന  ലോക കേരള സഭ യുകെ- യൂറോപ്പ് കോൺഫ്രൻസിനോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനവും പൊതുസമ്മേളനവും ഒരു ചരിത്ര സംഭവമാക്കുവാൻ എല്ലാവരുടെയും സഹായവും സഹകരണവും പ്രോത്സാഹനവും ഉണ്ടാവണമെന്ന് ചീഫ് കോർഡിനേറ്റർ എസ് ശ്രീകുമാർ അഭ്യർത്ഥിച്ചു.

കേരളത്തിന്റെ വികസന സ്വപ്നങ്ങളും പ്രവാസി മലയാളികളുടെ പ്രശ്നങ്ങളും വിശദമായി ചർച്ച ചെയ്യപ്പെടുന്ന ലോകകേരളസഭ സമ്മേളനവും കലാസാംസ്കാരിക പരിപാടികളും വിജയത്തിലെത്തിക്കുവാൻ മുഴുവൻ ആളുകളുടെയും പ്രത്യേകിച്ച് മുഴുവൻ യുകെ മലയാളികളുടെയും പിന്തുണ ഉണ്ടാകണമെന്ന് ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോ ബിജു പെരിങ്ങത്തറ, ജോയിന്റ് കോർഡിനേറ്റർ സി എ ജോസഫ്, സബ് കമ്മറ്റി കൺവീനർമാരായ കുര്യൻ ജേക്കബ് , ദിനേശ് വെള്ളാപ്പള്ളി, സഫീർ എൻ കെ, കെ കെ മോഹൻദാസ്,  ശ്രീജിത്ത് ശ്രീധരൻ,  എസ് ജയപ്രകാശ് എന്നിവരും അഭ്യർത്ഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top