19 April Friday

പാശ്ചാത്തല മേഖലയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വികസനം ഉറപ്പുവരുത്തി: മന്ത്രി അനില്‍

വെബ് ഡെസ്‌ക്‌Updated: Sunday Apr 3, 2022
 
മനാമ > തിരഞ്ഞെടുപ്പില്‍ മുന്നോട്ട് വെച്ച പ്രഖ്യാപനങ്ങള്‍ സമയബന്ധിതമായി നിര്‍വഹിക്കുന്ന സര്‍ക്കാറാണ് കേരളം ഭരിക്കുന്നതെന്ന് കേരള ഭക്ഷ്യ സിവില്‍ സപ്ലെസ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു.
 
പാശ്ചാത്തല മേഖലയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വികസനം ഉറപ്പുവരുത്തുന്നു. പ്രതിസന്ധികള്‍ക്കിടയിലും 55 ലക്ഷത്തോളം പേര്‍ക്ക് സാമൂഹ്യക്ഷേമ പെന്‍ഷന്‍ നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി. 
 
ബഹറൈന്‍ കേരളീയ സമാജം ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
 
കേരളീയ  സമൂഹം സമീപ കാലത്ത് നേരിട്ട പ്രതിസന്ധികളില്‍ ബഹറൈന്‍ കേരളീയ സമാജം നല്‍കിയ സഹായങ്ങള്‍  വിലമതിക്കാനാകാത്തതാണ്. സര്‍ക്കാറിന്റെ പ്രവാസികള്‍ക്കായുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സമാജത്തെ കൂടെ സജീവ പങ്കാളിയാക്കുമെന്നും മന്ത്രി സൂചിപ്പിച്ചു.  
 
ചടങ്ങില്‍ പി വി രാധാകൃഷ്ണപിള്ള അദ്ധ്യക്ഷനായി. പിപി സുനീര്‍ സംസാരിച്ചു. വര്‍ഗ്ഗീസ് കാരക്കല്‍ സ്വാഗതവും ദേവദാസ് കുന്നത്ത് നന്ദിയും പറഞ്ഞു.
 
തുടര്‍ന്ന് നടന്ന കലാപരിപാടിയില്‍ സിനിമാതാരം ജയാമേനോന്‍ സംവിധാനം ചെയ്ത പുനര്‍ജ്ജനിയും ലക്ഷ്മി ജയനും സംഘവും നയിച്ച ഗാനമേളയും അരങ്ങേറി. 
 
പിവി രാധാകൃഷ്ണ പിള്ള പ്രസിഡണ്ടായും വര്‍ഗ്ഗീസ് കാരക്കല്‍ ജനറല്‍ സെക്രട്ടറിയായുമുള്ള ഭരണ സമിതിയാണ് ചുമതലയേറ്റത്. ദേവദാസ് കുന്നത്ത് (വൈസ് പ്രസിഡന്റ്), വര്‍ഗീസ് ജോര്‍ജ് (അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി), ആഷ്‌ലി കുര്യന്‍ (ട്രഷറര്‍),  സെക്രട്ടറിമാര്‍: ശ്രീജിത്ത് ഫറോക്ക് (കലാവിഭാഗം), ദിലീഷ് കുമാര്‍(മെമ്പര്‍ഷിപ്), ഫിറോസ് തിരുവത്ര(സാഹിത്യ വിഭാഗം), വിനൂപ് കുമാര്‍(ലൈബ്രറി), പോള്‍സണ്‍(ഇന്‍ഡോര്‍ ഗെയിംസ്), മഹേഷ് പിള്ള (ഇന്റേണല്‍  ഓഡിറ്റര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top