24 April Wednesday

കുവൈത്തില്‍ പൊതു തെരഞ്ഞെടുപ്പ് കോടതി അസാധുവാക്കി; മുന്‍ പാര്‍ലമെന്റിനെ പുഃസ്ഥാപിക്കണം

അനസ് യാസിന്‍Updated: Sunday Mar 19, 2023

മനാമ> കുവൈത്തില്‍ കഴിഞ്ഞ സെപ്‌തംബറില്‍ തെരഞ്ഞെടുത്ത പാര്‍ലമെന്റിനെ ഭരണഘടന കോടതി അസാധുവാക്കി. പാര്‍ലമെന്റ് (ദേശീയ അസംബ്ലി) തെരഞ്ഞെടുപ്പ് അസാധുവാണെന്നും മുന്‍ അസംബ്ലി പുനഃസ്ഥാപിക്കണമെന്നും കുവൈത്ത് ഭരണഘടനാ കോടതി ഞായറാഴ്‌‌ച വിധിച്ചു.

സര്‍ക്കാരുമായി ഭിന്നത മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂണ്‍ 22നാണ് കിരീടവകാശി അന്നത്തെ അസംബ്ലി പിരിച്ചുവിട്ട് പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. തുടര്‍ന്ന് സെപ്‌തംബര്‍ 29 ന് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുപ്പും നടന്നു. എന്നാല്‍, പാര്‍ലമെന്റ് പിരിച്ചുവിട്ടതും സെപ്‌തംബറിലെ തെരഞ്ഞെടുപ്പും ഭരണഘടന കോടതി അസാധുവായി പ്രഖ്യാപിക്കുകയാണെന്ന് ജസ്റ്റിസ് മുഹമ്മദ് ബിന്‍ നാജി പറഞ്ഞു. ജുണില്‍ പിരിച്ചുവിട്ട പാര്‍ലമെന്റിന്റെ ഭരണഘടനാപരമായ അധികാരം ഈ വിധിയുടെ തീയതി മുതല്‍ പുനഃസ്ഥാപിക്കപ്പെടുമെന്നും അദ്ദേഹം വിധിന്യായത്തില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രക്രിയ, തിരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്യുന്ന ഉത്തരവുകള്‍, മുന്‍ ദേശീയ അസംബ്ലി പിരിച്ചുവിട്ട ഉത്തരവ് എന്നിവയുടെ സാധുത ചോദ്യം ചെയ്‌ത് എത്തിയ നിരവധി അപ്പീലുകളിലാണ് കോടതി വിധി. തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റും സര്‍ക്കാരും തമ്മിലുള്ള പുതിയ സംഘര്‍ഷത്തിന്റെ സമയത്താണ് കോടതി ഉത്തരവ്. സെപ്‌തംബറില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം മേല്‍ക്കൈ നേടി. 50 അംഗ സഭയില്‍ 28 സീറ്റുകളുമായി പ്രതിപക്ഷം ഭൂരിപക്ഷം നേടിയിരുന്നു. പാര്‍ലമെന്റില്‍ എക്‌സിക്യൂട്ടീവ് അധികാരികള്‍ ഇടപെടുന്നു എന്നാരോപിച്ച് മുന്‍പ് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്ന പ്രമുഖ പ്രതിപക്ഷ നേതാക്കള്‍ ഇത്തവണ വിജയിച്ചു. വൈകാതെ പ്രതിപക്ഷവും സര്‍ക്കാരും തര്‍ക്കത്തിലാകുകയും ചെയ്‌തു.

ഇത് രണ്ട് വര്‍ഷത്തിനിടെ കുവൈത്തിിെ അഞ്ചാമത്തെ മന്ത്രിസഭരാജിക്ക് വഴിവെച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ ജനുവരി 23ന് രാജിവെച്ചു. പ്രധാനമന്ത്രിയെ മാര്‍ച്ച് അഞ്ചിന് കുവൈത്ത് അമീര്‍ വീണ്ടും നിയമിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top