18 December Thursday

2020 ലെ പാര്‍ലമെന്റ് പിരിച്ചുവിട്ടു; കുവൈത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ്

അനസ് യാസിന്‍Updated: Wednesday Apr 19, 2023
മനാമ > ഭരണഘടന കോടതി പുനഃസ്ഥാപിച്ച 2020 ലെ ദേശീയ അസംബ്ലി കുവൈത്ത് കിരീടവകാശി ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് പിരിച്ചുവിട്ടു. വരും മാസങ്ങളില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്തുമെന്നും പ്രഖ്യാപിച്ചു.
 
അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അസ്സബാഹിനുവേണ്ടി കിരീടവകാശി രാഷ്ട്രത്തോട് നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
 
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 107 അനുസരിച്ചാണ് പാര്‍ലമെന്റ് (ദേശീയ അസംബ്ലി) പിരിച്ചുവിട്ടത്. ജനങ്ങളുടെ താല്‍പ്പര്യം കണക്കിലെടുത്താണ് തീരുമാനമെന്നും എക്‌സിക്യൂട്ടീവ്, ലെജിസ്ലേറ്റീവ് അധികാരികളുടെ അധികാര ദുരുപയോഗവും ഒഴിവാക്കാനും നിഷ്പക്ഷതയും സുതാര്യതയും ഉറപ്പാക്കാനും ഇത് ലക്ഷ്യമിടുന്നതായും കിരീടവകാശി വ്യക്തമാക്കി. അച്ചടക്കത്തിന്റെയും നിയമപരമായ അടയാളപ്പെടുത്തലുകളുടെയും പുതിയ ഘട്ടത്തിലേക്ക് രാജ്യത്തെ മാറ്റാന്‍ സഹായിക്കുന്ന നിയമപരവും രാഷ്ട്രീയവുമായ ചില പരിഷ്‌കാരങ്ങള്‍ക്കൊപ്പം ഒരു പുതിയ തിരഞ്ഞെടുപ്പ് ആവശ്യമാണെന്നും കിരീടാവകാശി പറഞ്ഞു.
 
2022 സെപ്തംബറില്‍ തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കി ഇക്കഴിഞ്ഞ മാര്‍ച്ച് 19നാണ് ഭരണഘടന കോടതി വിധി ഉണ്ടായത്. 2020ലെ പാര്‍ലമെന്റ് കോടതി പുനഃസ്ഥാപിക്കുകയും ചെയ്തു. കിരീടവകാശിയുടെ പ്രഖ്യാപനത്തോടെ ഈ തീരുമാനം അസാധുവായി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 107 പ്രകാരം അമീറിന് പാര്‍ലമെന്റ് പിരിച്ചുവിടാമെങ്കിലും ഒരിക്കല്‍ പിരിച്ചുവിട്ട അതേ കാരണത്തിന് വീണ്ടും പിരിച്ചുവിടാന്‍ പാടില്ല.
 
പാര്‍ലമെന്റുമായുളള തര്‍ക്കത്തെ തുടര്‍ന്ന് മുന്‍ സര്‍ക്കാര്‍ അധികാരമേറ്റ് മൂന്ന് മാസത്തിന് ശേഷം ജനുവരിയില്‍ രാജിവച്ചിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 9 ന് പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മൂന്ന് വര്‍ഷത്തിനിടെ ഏഴാമത്തെ സര്‍ക്കാരാണിത്. 1962ലാണ് കുവൈത്ത് പാര്‍ലമെന്ററി സമ്പ്രദായം സ്വീകരിച്ചത്. ഇതുവരെ 18 തെരഞ്ഞെടുപ്പുകള്‍ നടന്നു.
 
 
 

 

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top