25 April Thursday

ദുബായ് ചാപ്റ്ററിന്റെ ആദ്യ "കുട്ടി മലയാളം' ക്ലബ്, ദുബായ് ക്രെസെന്റ്‍ ഇംഗ്ലീഷ് ഹൈസ്‌കൂളിൽ

വെബ് ഡെസ്‌ക്‌Updated: Wednesday May 24, 2023

മലയാളം മിഷൻ ദുബായ് ചാപ്റ്ററിന്റെ ആദ്യ "കുട്ടി മലയാളം' ക്ലബ്, ദുബായ് ക്രെസെന്റ്‍ ഇംഗ്ലീഷ് ഹൈസ്‌കൂളിൽ ആരംഭിക്കുന്നു. വെള്ളിയാഴ്‌ച രാവിലെ ഒമ്പതിന്‌ സ്‌കൂൾ ഓഡിറ്റോറിയത്തിൽ മലയാളം മിഷൻ രജിസ്ട്രാറും പ്രശസ്‌ത കവിയും അധ്യാപകനുമായ വിനോദ് വൈശാഖി ഉദ്‌ഘാടനം നിർവഹിക്കുന്നു. ലോക കേരളസഭാംഗവും പ്രവാസി ക്ഷേമബോർഡ് അംഗവുമായ എൻ കെ കുഞ്ഞഹമ്മദ്, ക്രെസെന്റ് ഇംഗ്ലീഷ് ഹൈസ്‌കൂൾ ഡയറക്‌ടർ ഡോ. സലിം ജമാലുദ്ധീൻ, പ്രിൻസിപ്പൽ ഡോ. ഷറഫുദ്ധീൻ താനിക്കാട്ട് എന്നിവർ മുഖ്യാതിഥികളാകും.

മലയാളം മിഷൻ ആഗോള തലത്തിൽ നടപ്പാക്കിവരുന്ന പുതിയ പദ്ധതികളിൽ ഒന്നായ 'കുട്ടി മലയാളം', പ്രവാസി ഇന്ത്യൻ സ്‌കൂളുകൾ കേന്ദ്രീകരിച്ചുള്ള ഭാഷാ പ്രവർത്തനങ്ങളാണ് ലക്ഷ്യം വയ്ക്കുന്നത്. നിലവിൽ, വിവിധ പ്രവാസി മലയാളി കൂട്ടായ്‌മകളും സംഘടനകളുമായി ചേർന്ന് പ്രവർത്തിച്ചുവരുന്ന മലയാളം മിഷൻ പഠനകേന്ദ്രങ്ങളിലേക്ക് എത്തിച്ചേരാൻ കഴിയാത്ത കുട്ടികൾക്കു കൂടി മലയാളത്തിന്റെ കളിമുറ്റത്ത് പൂ നുള്ളി, പറക്കാൻ അവസരമൊരുക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇതിനായി 'കുട്ടി മലയാളം' എന്ന പേരിൽ സ്‌കൂൾ മലയാളം ക്ലബുകൾ രൂപീകരിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ വിവിധ ചാപ്റ്ററുകൾ കേന്ദ്രീകരിച്ച് നടന്നു വരികയാണ്. ഈ പദ്ധതിയുടെ ആഗോള തല ഉദ്‌ഘാടനം യു എ ഇ യിലെ അജ്‌മാൻ- ഹാബിറ്റാറ്റ് സ്‌കൂളിൽ ആദ്യ 'കുട്ടി മലയാളം' ക്ലബിന് തുടക്കമിട്ടുകൊണ്ട് മെയ് 12 വെള്ളിയാഴ്ച്ച സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ഈ അധ്യയന വർഷത്തിൽ തന്നെ ദുബായിലെ കൂടുതൽ സ്‌കൂളുകളിലേക്ക് 'കുട്ടി മലയാളം' ക്ലബുകൾ വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ദുബായ് ചാപ്റ്റർ ഭാരവാഹികൾ വ്യക്തമാക്കി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top