20 April Saturday

റാസൽഖൈമ ഇന്ത്യൻ സ്കൂളിൽ മലയാളം മിഷന്റെ "കുട്ടി മലയാളം" ക്ലബ്ബ് രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023

റാസൽഖൈമ> മലയാളം മിഷൻ റാസൽഖൈമ ചാപ്റ്ററിന് കീഴിൽ റാസൽഖൈമ ഇന്ത്യൻ സ്കൂളിൽ കുട്ടി മലയാളം ക്ലബ്ബ് രൂപീകരിച്ചു. കേരള സർക്കാരിന്റെ നൂറു ദിന കർമ്മ പദ്ധതിയുടെ ഭാഗമായി മലയാളഭാഷ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി വിദേശരാജ്യങ്ങളിലെ സ്കൂളുകളിൽ സാംസ്കാരിക വകുപ്പിനു കീഴിൽ മലയാളം മിഷന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന "കുട്ടി മലയാളം" പദ്ധതിയുടെ ഭാഗമായുള്ള മലയാളം മിഷൻ ക്ലബ്ബിന്റെ രൂപീകരണമാണ് റാസൽഖൈമ ഇന്ത്യൻ സ്കൂളിൽ നടന്നത്. മലയാളഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി വിദേശരാജ്യങ്ങളിൽ മലയാളം മിഷന്റെ നേതൃത്വത്തിൽ വിപുലമായ പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

റാക്ക് ഇന്ത്യൻ സ്കൂളിൽ രൂപീകരിച്ച കുട്ടി മലയാളം ക്ലബ്ബിന്റെ ഉദ്ഘാടനം മലയാളം മിഷൻ രജിസ്ട്രാർ വിനോദ് വൈശാഖി നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ അബ്ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ കുട്ടികളും അധ്യാപകരും കവിത ചൊല്ലിയും, പാട്ടുപാടിയും മാതൃ ഭാഷയുടെ വിപുലീകരണത്തിനുള്ള ചടങ്ങ് ശ്രദ്ധേയമാക്കി. മലയാളം മിഷൻ യുഎഇ കോഡിനേറ്റർ കെ എൽ ഗോപി, ലോക കേരളസഭ അംഗം മോഹനൻ പിള്ള, സെക്രട്ടറി അക്ബർ ആലിക്കര, മലയാളം മിഷൻ ഭാഷ അധ്യാപകൻ സതീഷ് കുമാർ, ഇന്ത്യൻ സ്കൂൾ മലയാളവിഭാഗം മേധാവി ഷബ്ന ലത്തീഫ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഇന്ത്യൻ സ്കൂളിലെ കുട്ടി മലയാളം കൺവീനർ നജല നാസർ സ്വാഗതവും സ്റ്റുഡൻറ് കൺവീനർ കൃപ സൂസൻ ബൈജു നന്ദിയും പറഞ്ഞു.

ഭാഷയുടെ പ്രോത്സാഹനത്തിന് റാസൽ ഖൈമ ചാപ്റ്ററിന് കീഴിൽ രൂപീകരിക്കുന്ന രണ്ടാമത്തെ കുട്ടി മലയാളം ക്ലബ്ബാണ് ഇത്. മാതൃഭാഷയോടുള്ള ആഭിമുഖ്യവും അത് പഠിക്കാനുള്ള ആഗ്രഹവും വിദേശ മലയാളികൾക്കിടയിൽ ശക്തമാക്കുന്നതിന് മലയാളം മിഷൻ പ്രവർത്തനങ്ങൾ സഹായിച്ചിട്ടുണ്ട്. 50ൽ പരം സേവന സന്നദ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ ആയിരത്തോളം കുട്ടികളാണ് റാസൽഖൈമയിൽ മലയാളം മിഷൻ കോഴ്സുകളിൽ ചേർന്ന് പഠിക്കുന്നത്. റാസൽഖൈമ എമിറേറ്റിലെ കൂടുതൽ പ്രദേശങ്ങളിൽ മലയാളം മിഷന്റെ പ്രവർത്തനങ്ങൾ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top