25 April Thursday
കെഎസ്‌ആർടിസി ബസ്‌ ‘താമരാക്ഷൻപിള്ള’യാക്കി

'കാടിളകിവന്നപോലെ ...'; താമരാക്ഷന്‍ പിള്ളയ്ക്ക് എംവിഡിയുടെ പിടി

അലൻ നിഥിൻ സ്‌റ്റീഫൻUpdated: Sunday Nov 6, 2022



അടിമാലി
കെഎസ്ആർടിസിയുടെ ‘പറക്കുംതളിക’യ്ക്ക് മോട്ടോർ വാഹന വകുപ്പിന്റെ പിടി വീണു. ഞായറാഴ്ച പകലാണ് കോതമംഗലത്തുനിന്നും അടിമാലി ഇരുമ്പുപാലത്തേക്ക് കല്യാണ ഓട്ടത്തിനു വിളിച്ച ബസ്‌ ദിലീപ് ചിത്രമായ ‘ഈ പറക്കും തളിക’യിലെ താമരാക്ഷൻ പിള്ളയെ അനുസ്മരിപ്പിക്കും വിധം മരച്ചില്ലകൾ വച്ച് അലങ്കരിച്ച്‌ സർവീസ് നടത്തിയത്.

കോതമംഗലം ഡിപ്പോയിലെ ബസാണ് വിവാഹപാർടി വാടകയ്ക്ക് എടുത്തത്. ബസിന്റെ ഇരുവശങ്ങളിലും പുറകിലും മരച്ചില്ലകൾ പുറത്തേക്ക് തള്ളിനിൽക്കുംവിധം കെട്ടിവച്ചു. മുന്നിൽ കെഎസ്ആർടിസിക്ക് പകരം താമരാക്ഷൻ പിള്ള എന്ന പേരും ഒട്ടിച്ചു. ഇതോടെ ബസ്‌ പറക്കുംതളികയായി. ആഘോഷങ്ങൾ അതിര് കടന്നതോടെ മോട്ടോർ വാഹന വകുപ്പ് ഇടപെട്ടു.

വിവാഹ ഓട്ടത്തിന് ശേഷം മടങ്ങി എത്തിയ ബസ് വീണ്ടും സര്‍വീസിന് അയക്കരുതെന്ന് കെഎസ്‌ആര്‍ടിസി കോതമംഗലം ഡിപ്പോ അധികൃതരോട് മോട്ടോർ വാഹന വകുപ്പ് ആവശ്യപ്പെട്ടു. ഡ്രൈവറോട് തിങ്കൾ പകൽ കോതമംഗലം എംവിഡി സബ്‌റീജണൽ ഓഫീസിൽ ഹാജരാകാന്‍ ജോയിന്റ്‌ ആര്‍ടിഒ നിര്‍ദേശം നല്‍കി. ഡ്രൈവർ എ എൻ റഷീദിനെതിരെ ഗതാഗതവകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഡ്രൈവറുടെ ലൈസന്‍സ് താല്‍ക്കാലിമായി സസ്പെന്‍ഡ് ചെയ്യുമെന്നും വകുപ്പ് അറിയിച്ചു.

രണ്ട് ദിവസം മുൻപ് രമേശ് എന്നയാളാണ്‌ കല്യാണഓട്ടം ബുക്ക് ചെയ്‌തതെന്ന് കെഎസ്‌ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി. മരച്ചില്ലകൾ വച്ചതിനു പുറമേ ബ്രസീല്‍, അര്‍ജന്റീന പതാകകളും ബസിന് മുന്നില്‍ കെട്ടി. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ചില പൊതുപ്രവര്‍ത്തകരാണ് കോതമംഗലം പൊലീസിൽ അറിയിച്ചത്. മോട്ടോര്‍ വാഹന വകുപ്പിനും ദൃശ്യങ്ങള്‍ കൈമാറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top