19 April Friday

കേരളോത്സവത്തിന് പ്രൗഢ ഗംഭീര തുടക്കം; സാംസ്‌കാരിക സമ്മേളനത്തിൽ മന്ത്രി റിയാസ് മുഖ്യാതിഥി

കെ എൽ ഗോപിUpdated: Saturday Dec 3, 2022

ദുബായ് > യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസം 2, 3 തീയതികളിൽ ദുബായ് ക്രെസെന്റ് സ്‌കൂളിൽ നടക്കുന്ന കേരളോത്സവത്തിന് പ്രൗഢ ഗംഭീരമായ തുടക്കം. രണ്ടു നാൾ നീണ്ടു നിൽക്കുന്ന കേരളോത്സവം വൈകീട്ട് നാലുമുതലാണ് ആരംഭിക്കുന്നത്. മാധ്യമ പ്രവർത്തകൻ നികേഷ് കുമാറാണ് കേരളോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്. റിയാസ് കൂത്തുപറമ്പിൽ, എൻ കെ കുഞ്ഞഹമ്മദ്, കെ പി കെ വേങ്ങര, കെ വി സജീവൻ, അബ്‌ദുൽ റഹ്മാൻ, രാജൻ മാഹി, അനിത ശ്രീകുമാർ, സഫർ റഹ്മാൻ, ലത, ഷിജു ബഷീർ എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിച്ചു. സുജിത സുബ്രു അധ്യക്ഷയായി. അനീഷ് മണ്ണാർക്കാട് സ്വാഗതവും സാദിഖ് മുഹമ്മദ് നന്ദിയും രേഖപ്പെടുത്തി.

നാട്ടു തനിമയുടെ പ്രൗഢിയും, കേരളീയ സംസ്കാരത്തിന്റെ ചാരുതയും സമന്വയിപ്പിച്ച് മലയാളീ ജീവിതത്തിന്റെ നേർവിചാരങ്ങളുടെ പകർന്നാട്ടമായിരുന്നു ഉത്സവ നഗരിയിൽ അരങ്ങേറിയത്. ആനയും, അമ്പാരിയും, തെയ്യവും, തിറയും, ഉത്സവ കോലങ്ങളും,  ഒപ്പന, ദഫ് മുട്ട്, കോൽക്കളി, ആദിവാസി കലാരൂപങ്ങൾ, ചെണ്ടമേളം തുടങ്ങി മലയാളികൾ ശീലിച്ചതും ജീവിതത്തിൽ പകർത്തിയതുമായ വൈവിധ്യ പൂർണമായ കലാരൂപങ്ങളുടെ പെരുക്കത്തിൽ യുഎഇയിലെ മലയാളികൾക്ക് മറക്കാനാവാത്ത അനുഭവങ്ങൾ പങ്കിടും വിധത്തിലാണ് കേരളോത്സവത്തിന്റെ സംഘാടനം ഒരുക്കിയിരുന്നത്. പ്രമുഖ നാടൻ പാട്ടു കലാകാരി പ്രസീത ചാലക്കുടിയുടെ നേതൃത്വത്തിൽ വേറിട്ട സംഗീത വിരുന്നും കാണികൾക്കായി ഒരുക്കി.  

എഴുപതോളം കലാകാരന്മാർ അണിനിരന്ന മെഗാ ശിങ്കാരിമേളവും, പഞ്ചവാദ്യവും, കാവടിയാട്ടം, കരകാട്ടം, തുടങ്ങിയ കലാരൂപങ്ങളുടെ അവതരണവും, സൈക്കിൾ യജ്ഞം, പന്തം കൊളുത്തി അഭ്യാസങ്ങൾ, കളരിപ്പയറ്റ്  തുടങ്ങിയ വൈവിധ്യമാർന്ന  പ്രകടനങ്ങളും  ഉത്സവത്തിന് കൊഴുപ്പേകി. പുതുതലമുറക്ക് വൈവിധ്യമാർന്ന അനുഭവങ്ങൾ സമ്മാനിച്ചു കൊണ്ട് കുടുംബശ്രീ തട്ടുകട, ഹൽവ സ്റ്റാൾ, പായസക്കട,  കോഴിക്കോടൻ രുചി വൈവിധ്യങ്ങൾ , കാസർകോട് തട്ടുകട  തുടങ്ങി നിരവധി സ്റ്റാളുകളിലൂടെ ഒട്ടേറെ നാടൻ ഭക്ഷണങ്ങളായിരുന്നു സംഘാടകർ ഒരുക്കിയിരുന്നത്. സാഹിത്യ സദസ്സിനോടനുബന്ധിച്ച് എഴുത്തുകാരും വായനക്കാരും ചേർന്നൊരുക്കിയ സാഹിത്യ സായാഹ്നവും, പുസ്തകശാലയും, ചരിത്ര പ്രദർശനവും സാംസ്‌കാരിക സംഗമത്തിൽ വേറിട്ട അനുഭവമായി. ലോകകപ്പിന്റെ ആരവങ്ങളോട് ഐക്യദാർഢ്യം പ്രഖാപിച്ചു കൊണ്ട് കാൽപ്പന്തുകളിയുടെ ചരിത്രം വിവരിക്കുന്ന പ്രത്യേക പ്രദർശനവും ഉത്സവനഗരിയിൽ ഒരുക്കിയിരുന്നു. കേരള സർക്കാരിന്റെ മലയാളം മിഷൻ പദ്ധതിയുടെ പ്രചാരണത്തിന്റെ ഭാഗമായി കുട്ടികളുടെ സർഗ്ഗ വാസനകൾ പ്രകടിപ്പിക്കാനുള്ള പ്രത്യേക വേദിയും, മലയാളം മിഷൻ സുവനീർ ഷോപ്പ്, കുട്ടികൾക്കുള്ള രെജിസ്ട്രേഷൻ എന്നിവയും ഉത്സവ നഗരിയിൽ ഒരുക്കിയിരുന്നു. കേരള സർക്കാരിന്റെ പ്രവാസിക്ഷേമ പദ്ധതികൾ പ്രവാസികൾക്ക് പരിചയപ്പെടുത്തുന്നതിനു ഒരുക്കിയ സ്റ്റാളുകളിലൂടെ പ്രവാസിക്ഷേമ പദ്ധതികൾ, കെ. എസ്. എഫ്. ഇ. ചിട്ടി തുടങ്ങിയ സർക്കാർ പദ്ധതികളെക്കുറിച്ചുള്ള അവബോധം  പ്രവാസികൾക്ക് നൽകാനുള്ള ശ്രമവും സംഘാടകർ നടത്തിയിരുന്നു. പ്രവാസി ക്ഷേമ നിധി ഡയറക്ടർ ബോർഡ് അംഗം പി. എം. ജാബിർ പ്രവാസി ക്ഷേമനിധി പദ്ധതികൾ വിശദീകരിക്കുന്ന സ്റ്റാളിൽ എത്തുകയും, സ്റ്റാളിന്റെയും ഓൺലൈൻ പോർട്ടൽ സൗകര്യത്തിന്റെയും ഉദ്‌ഘാടനം നിർവഹിക്കുകയും ചെയ്‌തു.

രണ്ടാം ദിവസം നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി കേരളത്തിന്റെ ടൂറിസം, പൊതുമരാമത്തു വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് പങ്കെടുക്കും. പാലേപ്പള്ളി ഫെയിമായ അതുൽ നറുകരയുടെ നേതൃത്വത്തിലുള്ള സംഗീത വിരുന്നും രണ്ടാം ദിവസമാണ് നടക്കുന്നത്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top