25 April Thursday

20 വര്‍ഷത്തെ ജയില്‍ വാസശേഷം ഗോപാലകൃക്ണന്‍ കുടുംബത്തിന്റെ സ്‌നേഹതണലിലേക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 13, 2022
മസ്‌കത്ത് > നീണ്ട 20 വര്‍ഷത്തിനുശേഷം ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശി സുരേന്ദ്രന്‍ ഗോപാലകൃഷ്ണന്‍ (51) ജയില്‍മോചിതനായി. ബലിപെരുന്നാള്‍ പ്രമാണിച്ച് ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സൈദ് മോചനം അനുവദിച്ച 308 തടവുകാരില്‍ ഒരാളായാണ് ഗോപാലകൃഷ്ണനും മോചനംലഭിച്ചത്. 
 
ഒമാനിലെ സാമൂഹ്യ പ്രവര്‍ത്തകരുടെ ഏറെ കാലത്തെ ആവശ്യമാണ് സുരേന്ദ്രന്‍ ഗോപാലകൃഷ്ണന്റെ മോചനം. ഒമാനിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ പി എം ജാബിറിന്റെ നേതൃത്വത്തില്‍ നിരവധി ശ്രമങ്ങള്‍ ഇതിനായി നടന്നു. ഇന്ത്യന്‍ സ്ഥാനപതിമാരും ഗോപാലകൃഷ്ണന്റെ ജയില്‍മോചനത്തിനായി ശ്രമിച്ചിരുന്നു.
 
സഹപ്രവര്‍ത്തകരായ രണ്ടുമലയാളികളെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് ഗോപാലകൃഷ്ണന്‍ 20 വര്‍ഷം ശിക്ഷിക്കപ്പെട്ടത്. 2002ല്‍ വടക്കു കിഴക്കന്‍ ഒമാനിലെ അല്‍ ദാക്‌ലിയ മേഖലയില്‍ ഇസ്‌കിയിലാണ്  കേസിനാസ്പദമായ സംഭവം. ഗോപാലകൃഷ്ണന്‍ ഭാര്യ പ്രസവിച്ച സന്തോഷത്തില്‍ നാട്ടിലേക്കുപോകാന്‍ സഹപ്രവര്‍ത്തകര്‍ തടസ്സമായതാണ് കൊലപാതകത്തിന് കാരണമായതെന്ന് പിഎം ജാബിര്‍ പറഞ്ഞു. 
 
ഭാര്യ ഗര്‍ഭിണിയായപ്പോഴാണ് ഗോപാലകൃഷ്ണന്‍ മസ്‌കറ്റിലേക്ക് വന്നത്, പിന്നെ നാട്ടിലേക്ക് പോകാന്‍ സാധിച്ചിട്ടില്ല. മകള്‍ ഇപ്പോള്‍ ബിരുദാനന്തരവിദ്യാര്‍ഥിനി. ഭാര്യ പ്രിയ പല തവണ ദയാഹരജികള്‍ നല്‍കി. ഇന്ത്യന്‍ എംബസിയില്‍ അംബാസിഡര്‍മാര്‍ മാറി മാറി വന്നു. വിശേഷ ദിവസങ്ങളോടനുബന്ധിച്ച് മാപ്പു നല്‍കപ്പെടുന്നവരുടെ ലിസ്റ്റ് വരുന്നത് പ്രിയയും മകളും സഹോദരനും ആകാംക്ഷയോടെ കാത്തിരുന്നു. അച്ഛന്‍ ഏതാനും വര്‍ഷം മുമ്പേ മരിച്ചു. മകന്റെ മോചനവും കാത്ത് കണ്ണീര്‍ വറ്റി കഴിഞ്ഞ വര്‍ഷം അമ്മയും വിട പറഞ്ഞു. 
 
ജയില്‍ നിലകൊള്ളുന്ന സുമായില്‍ പ്രദേശത്ത് താമസിക്കുന്ന ടോണി മുടങ്ങാതെ ഗോപാലകൃഷ്ണനെ സന്ദര്‍ശിച്ചു. ടോണിയുടെ സഹായത്താല്‍ പ്രിയയും മകളും ഈ കഴിഞ്ഞ റംസാനില്‍ ഒമാനിലെത്തി. അവരുടെ ജയിലിലെ കൂടിക്കാഴ്ച വികാരനിര്‍ഭരമായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു മാസം മാത്രം കൂടെ കഴിഞ്ഞ് വിദേശത്തേക്ക് പോയ ഭര്‍ത്താവിനെ ഇരുപത്തിയൊന്നു വര്‍ഷങ്ങള്‍ക്കു ശേഷം കാണുകയായിരുന്നു പ്രിയ. പിതാവിനെ ആദ്യമായി കാണുകയായിരുന്നു മകള്‍- ജാബിര്‍ പറഞ്ഞു. പത്തു ദിവസത്തിനുള്ളില്‍ മൂന്നു തവണയായിരുന്നു ഇവര്‍ ഗോപാലകൃഷ്ണനെ കണ്ടത്. ജയില്‍ അധികാരികള്‍ ദയാപൂര്‍വ്വം സമയം അനുവദിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. 
 
ത്യാഗസ്മരണയുടെ ദിനങ്ങളില്‍ തനിക്ക് ജയില്‍മോചനം സാധ്യമാക്കിയ എല്ലാവരോടും ചിത്രകാരന്‍കൂടിയായ ഗോപാലകൃഷ്ണന്‍ നന്ദിപറഞ്ഞു. 
 
ഗോപാലകൃഷ്ണന്റെ മോചനത്തിനായുള്ള തന്റെ ശ്രമം ആരംഭിച്ചശേഷം ഒമാനിലെ ഇന്ത്യന്‍ എമ്പസ്സിയില്‍ നാലു അംബാസഡര്‍മാര്‍ മാറി വന്നുവെന്നും അവരും എംബസി ജീവനക്കാരുമെല്ലാം സഹകരിച്ചുവെന്നും ജാബിര്‍ പറഞ്ഞു. ഗോപാലകൃഷ്ണന് മാപ്പ് നല്‍കിയ ഒമാന്‍ സുല്‍ത്താന് അദ്ദേഹം നന്ദി പറഞ്ഞു. 
 
സുല്‍ത്താന്‍ മാപ്പു നല്‍കി വിട്ടയച്ചവരില്‍ 119 പേരും വിദേശികള്‍. ഗോപാലകൃഷ്ണനെ കൂടാതെ മറ്റൊരു മലയാളിയും ജയില്‍ മോചിതനായി. 
 
 
 

 

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top