അബുദാബി > ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ സംഘടിപ്പിച്ച രജിസ്റ്റേർഡ് അസോസിയേഷനുകളുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ സംഗീതാവിഷ്കാരവുമായി അബുദാബി കേരള സോഷ്യൽ സെന്റർ. "ഒരു ധീര സ്വപ്നം" എന്ന സംഗീതാവിഷ്കാരമാണ് ശ്രദ്ധേയമായത്. കവി കരിവെള്ളൂർ മുരളി രചിച്ച ഒരു ധീരസ്വപനം എന്ന കവിതയ്ക്ക് നാടക പ്രവർത്തകരായ കോട്ടക്കൽ മുരളിയും ശ്രീജിത്ത് കാഞ്ഞിലശ്ശേരിയുമാണ് സംഗീതാവിഷ്കാരം ഒരുക്കിയത്. കുട്ടികൾ ഉൾപ്പെടെ നാൽപ്പതോളം കേരള സോഷ്യൽ സെന്റർ പ്രവർത്തകർ ആവിഷ്കാരത്തിന്റെ ഭാഗമായി.
ഒരു മുത്തശ്ശിയും കുട്ടിയും തമ്മിലുള്ള സംഭാഷണത്തിലൂടെ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ യാത്രയെ ഇവിടെ കാണിക്കുന്നു. ഉപ്പു സത്യാഗ്രഹം, ജാലിയൻ വാലാബാഗ് കൂട്ടക്കൊല, ഭഗത് സിംഗ് , രാജ്‌ഗുരു, സുഖ്ദേവ് എന്നിവരുടെ രക്തസാക്ഷിത്വം തുടങ്ങിയവയൊക്കെ 15 മിനിട്ട് ദൈർഘ്യമുള്ള സംഗീത ശിൽപ്പത്തിൽ അവതരിപ്പിക്കപ്പെട്ടു. നൗഷാദ് ചാവക്കാടിന്റെ സംഗീതത്തിൽ കോട്ടക്കൽ മുരളി, ചിത്ര ശ്രീവത്സൻ, മെഹറിന് റഷീദ്, പ്രജിന അരുൺ, രജിത്ത്, ബാദുഷ, വേണു, മണികണ്ഠൻ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്. മണികണ്ഠൻ, അഞ്ജലി ജസ്റ്റിൻ എന്നിവർ പരിശീലകരായി. മനോരഞ്ജൻ, സുബിനാസ്, ബാദുഷ, അശോകൻ, വേണു എന്നിവർ സാങ്കേതിക വശങ്ങൾ കൈകാര്യം ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..