19 April Friday

വിമാനത്താവളങ്ങളിലെ കോവിഡ്‌ പരിശോധന: ചോദ്യങ്ങൾക്ക്‌ കേന്ദ്ര സർക്കാർ മറുപടി പറയണം‐ പ്രവാസി സംഘം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 29, 2021

കൊച്ചി > പ്രവാസികളെ കൊള്ളയടിക്കുന്ന ആർടിപിസിആർ പരിശോധനയുമായി ബന്ധപ്പെട്ട്‌ ഉയർന്നുവരുന്ന ചോദ്യങ്ങൾക്ക് കേന്ദ്ര സർക്കാർ മറുപടി പറയാൻ തയ്യാറാകണമെന്ന്‌ കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ കോവിഡ്‌ പരിശോധന നടത്തുന്നത്‌ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സ്വകാര്യ കമ്പനിയാണ്.

ഗൾഫിലെ ജീവകാരുണ്യ പ്രവർത്തകൻ അഷറഫ് താമരശ്ശേരിക്ക്‌ കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ കോവിഡ്‌ പോസറ്റീവ്‌ ഫലം ലഭിക്കുകയും യാത്ര മുടങ്ങുകയും ചെയ്‌തു. പിന്നീട്‌ അദ്ദേഹം ടാക്‌സി പിടിച്ച്‌ നെടുമ്പാശേരിയിലെത്തി വീണ്ടും പണമടച്ച്‌ നടത്തിയ പരിശോധനയിൽ നെഗറ്റീവ്‌ റിസൾട്ട്‌ ലഭിക്കുകയും യാത്ര ചെയ്യാൻ അനുവദിക്കുകയും ചെയ്‌തു. 2490 രൂപയാണ്‌ വിമാനത്താവളങ്ങളിലെ പരിശോധനയ്‌ക്കായി സ്വകാര്യ കമ്പനി ഈടാക്കുന്നത്‌. പ്രവാസികൾക്കിടയിൽ സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയചർച്ചയാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത്.

വർഷങ്ങളായി സാമൂഹ്യ സേവനം നടത്തുന്ന പ്രമുഖ പ്രവാസി ജീവകാരുണ്യ പ്രവർത്തകന് ഇത്തരമൊരു അനുഭവം  വിമാനത്താവളത്തിൽ ഉണ്ടാകാൻ പാടില്ലായിരുന്നു. എന്തു കൊണ്ടാണ് ഇങ്ങിനെ ഒരു സ്വകാര്യ കമ്പനിക്ക് തന്നിഷ്‌ടം പോലെ കൊള്ളയടിക്കുവാൻ അവസരമുണ്ടാകുന്നത്. അശാസ്‌ത്രീയമായ പരിശോധനയാണോ സ്വകാര്യ ഏജൻസി നടത്തുന്നത്. ഈ ചോദ്യങ്ങൾക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് ഉത്തരം നൽകേണ്ടത്. ലാഭക്കൊതിയന്മാരായ ഒരു കൂട്ടമാളുകൾക്ക് ടെസ്റ്റ് നടത്തുവാനുള്ള അവകാശം പതിച്ചു നൽകിയത് കേന്ദ്ര സർക്കാരാണ്. പ്രശ്‌നങ്ങൾക്കെല്ലാം കാരണം ഇതാണ്.

സംസ്ഥാന സർക്കാർ വിമാനത്താവളങ്ങളിലെ പരിശോധനകൾ സൗജന്യ നിരക്കിൽ നടത്തുന്നതിന് പ്രവാസി സഹകരണ സംഘത്തെ ചുമതലപ്പെടുത്താൻ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ഇത് വ്യക്തമാക്കിയതുമാണ്. എന്നാൽ സുരക്ഷാ കാരണം പറഞ്ഞ് എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യ സംസ്ഥാന സർക്കാർ തീരുമാനം അംഗീകരിച്ചില്ല. പിന്നീട് സ്വകാര്യ ഏജൻസികളെ അവർ ചുമതലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. പ്രവാസി ദ്രോഹ നിലപാട്‌ തുടരുന്ന കേന്ദ്ര സർക്കാരിനെതിരെ മലയാളികളുടെ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ടെന്നും അദ്ദേഹം പ്രസ്‌താവനയിൽ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top