19 April Friday

പ്രഥമ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിങ്ങ് അവാർഡ് കെനിയൻ സ്വദേശി അന്ന ഖബാലെ ദുബക്ക്

കെ എൽ ഗോപിUpdated: Monday May 16, 2022

ദുബായ്> പ്രഥമ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിങ്ങ് അവാർഡ് കെനിയൻ സ്വദേശി അന്ന ഖബാലെ ദുബക്ക്. കെനിയൻ ഗ്രാമങ്ങളിൽ ജീവിതത്തിന്റെ സംഗീതം പരത്തി അവിശ്വസനീയമായ കഥകൾ പറയുന്ന ആതുര ശുശ്രുഷാ രംഗത്തെ മാലാഖയാണ് അന്ന ഖബാലെ ദുബ.  ദുബായിലെ അറ്റ്‌ലാന്റിസ് ദി പാമിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പ്രസിഡന്റും ദുബായ് എയർപോർട്ട്‌സ് ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം ജേതാവിന് അവാർഡ് കൈമാറി. 250,000  യു.എസ്. ഡോളറാണ് സമ്മാനത്തുക.

ദുബായ് ഹെൽത്ത് അതോറിറ്റി ഡയറക്ടർ ജനറൽ അവധ് സെഗായർ അൽ കെത്ബി, മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസസിന്റെ വൈസ് ചാൻസലർ ഡോ. അമർ ഷെരീഫ്,  മുതിർന്ന മന്ത്രാലയ ഉദ്യോഗസ്ഥർ, സർക്കാർ പ്രതിനിധികൾ, വിഐപികൾ, യുഎഇയിലെയും വിദേശത്തെയും പ്രശസ്ത വ്യക്തികൾ എന്നിവർ അവാർഡ്ദാന ചടങ്ങിൽ പങ്കെടുത്തു.

184 രാജ്യങ്ങളിൽ നിന്നുള്ള 24,000 നഴ്‌സുമാരിൽ നിന്നുമാണ് പത്തു പേരെ അവാർഡിനായി തിരഞ്ഞെടുത്തത്. കെനിയയിൽ നിന്നുള്ള ദിദ ജിർമ ബുള്ളെ, യു.കെ യിൽ നിന്നുള്ള ഫ്രാൻസിസ് മൈക്കൽ ഫെർണാണ്ടോ, ജൂലിയ ഡൊറോത്തി ഡൗണിംഗ്, യു. എ. ഇ യിൽ നിന്നുള്ള ജാസ്മിൻ മുഹമ്മദ് ഷറഫ്,  ഇന്ത്യയിൽ നിന്നുള്ള മഞ്ജു ദണ്ഡപാണി, മലയാളി കൂടിയായ ലിൻസി പടിക്കാല ജോസഫ്,  ഓസ്‌ട്രേലിയയിൽ നിന്നുള്ള മാത്യു ജെയിംസ് ബോൾ,  അമേരിക്കയിൽ നിന്നുള്ള റേച്ചൽ എബ്രഹാം ജോസഫ്, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള വൈസ് മുഹമ്മദ് ഖറാനിയും എന്നിവരാണ് അവാർഡിനർഹരായ മറ്റു ഒൻപതു പേർ.

കെനിയയിലുള്ള തന്റെ ഗ്രാമത്തിൽ നിന്നുള്ള ആദ്യത്തെ ബിരുദധാരിയാണ് അന്ന ഖബാലെ ദുബ. ലോകത്തെ അറിയുന്നതിനും, ഉന്നത സാംസ്കാരിക മൂല്യങ്ങൾ നേടുന്നതിനും വിദ്യാഭ്യാസത്തിലൂടെ മാത്രമേ കഴിയൂ എന്ന് തിരിച്ചറിഞ്ഞ ദുബ സമൂഹത്തിലെ ലിംഗസമത്വത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി നിരന്തരം പോരാടി. ഇതിനായി തന്റെ ഗ്രാമത്തിലെ കുട്ടികൾക്കും മുതിർന്നവർക്കും പഠിക്കാൻ കഴിയുന്ന ഒരു സ്കൂൾ ഖബാലെ ദുബ ഫൗണ്ടേഷന്റെ കീഴിൽ നിർമ്മിച്ചു ആതുരസേവനത്തോടൊപ്പം സാമൂഹ്യപ്രവർത്തനവും നടത്തിക്കൊണ്ടിരിക്കുകയാണ്.

ലോകമെമ്പാടുമുള്ള നഴ്‌സുമാർക്ക് അംഗീകാരം ലഭിയ്ക്കുന്ന ഒരു പ്ലാറ്റ്‌ഫോമിൽ നിന്നും അവാർഡ് ലഭിച്ചതിൽ അങ്ങേയറ്റം സന്തോഷവും പദവിയും തോന്നുന്നുവെന്നും,  തന്റെ യാത്രയിൽ പിന്തുണച്ച എല്ലാവർക്കുമായി ഈ അവാർഡ് സമർപ്പിക്കുന്നു എന്നും അവാർഡ് സ്വീകരിച്ചു കൊണ്ട് ദുബ പറഞ്ഞു. ദുബയുടെ കഥ അനേകർക്ക്‌ പ്രചോദനമാകുമെന്ന് ദുബയെ അഭിനന്ദിച്ചുകൊണ്ട് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. നഴ്‌സുമാരുടെ ജീവിതത്തെ അംഗീകരിക്കുന്നതിനും, സമൂഹത്തിനു വേണ്ടിയുള്ള അവരുടെ സംഭാവനകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരം ശ്രമങ്ങളിലൂടെ കഴിയുന്നുണ്ട് എന്നും ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.  

എല്ലാ നഴ്‌സുമാർക്കും അവിശ്വസനീയമായ കഥകൾ പറയാനുണ്ടെന്നും, നഴ്‌സുമാർ സേവന മേഖലയിൽ അതിരുകൾ ഭേദിക്കുകയും അവരുടെ രോഗികളുടെ ക്ഷേമം ഉറപ്പാക്കുകയും ചെയ്തു കൊണ്ടാണ് ഓരോ ദിവസവും കടന്നു പോകുന്നതെന്നും, ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് എല്ലാവരേയും ചേർത്തു നിർത്തുന്ന ഒരു വേദിയാണ് എന്നും ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ അലീഷ മൂപ്പൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top