24 April Wednesday

റിയാദിൽ നാനൂറോളം തൊഴിലാളികൾ ദുരിതത്തിൽ; സഹായഹസ്തവുമായി കേളി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 19, 2022

റിയാദ് > കഴിഞ്ഞ പത്ത് മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ദുരിതത്തിലായ നാനൂറോളം തൊഴിലാളികൾക്ക് സഹായഹസ്തവുമായി കേളി കലാ സാംസ്കാരിക വേദി. മക്കാ ഹൈവേയിൽ തബ്റാക്കിലെ, നല്ല നിലയിൽ പ്രവർത്തിച്ചു പോന്നിരുന്ന സ്ഥാപനത്തിലാണ് കഴിഞ്ഞ പത്ത് മാസമായി ശമ്പളം മുടങ്ങിയത്. 140 ഇന്ത്യക്കാരടക്കം വിവിധ രാജ്യക്കാരായ  നാനൂറോളം തൊഴിലാളികൾ  ജോലി ചെയ്യുന്ന സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടുകയായിരുന്നു. ശമ്പളം മുടങ്ങിയിരുന്നെങ്കിലും ഭക്ഷണത്തിനുള്ള സഹായം ഇതുവരെ ഫാം അധികൃതർ നൽകിപോന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഭക്ഷണവും കമ്പനി നിർത്തലാക്കിയതോടെ തൊഴിലാളികൾ തീർത്തും ദുരിതത്തിലാവുകയായിരുന്നു.

വിവിധ ജില്ലകളിൽ നിന്നായി  57 മലയാളികളും ഇവിടെയുണ്ട്. മലയാളികളായ തൊഴിലാളികൾ വിഷയം കേളിയെ അറിയിച്ചതിനെ തുടർന്ന് കേളി മുസാമിഅഃ ഏരിയ ജീവകാരുണ്യ വിഭാഗം പ്രശ്നത്തിൽ ഇടപെടുകയും അടിയന്തിര സഹായമായി ഭക്ഷണകിറ്റുകൾ എത്തിച്ചു നൽകുകയും ചെയ്തു.

എമ്പസിയിൽ പരാതി നൽകിയ തൊഴിലാളികൾ എത്രയും പെട്ടെന്ന് പ്രശ്നത്തിന് പരിഹാരം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ്. ഇന്ത്യൻ എംബസ്സിയുമായി ചേർന്ന്  മറ്റ് നിയമനടപടികൾക്ക് വേണ്ട സഹായം നൽകാൻ കേളി കേന്ദ്ര ജീവകാരുണ്യ വിഭാഗം ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് കൺവീനർ അറിയിച്ചു.

മിക്ക തൊഴിലാളികളും പത്തും പതിനഞ്ചും വർഷമായി ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ്. ഇതുവരെയുള്ള ശമ്പളവും ആനുകൂല്യങ്ങളും വാങ്ങി തിരികെ നാടണയാനാവും എന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top