19 April Friday

ഒരു ലക്ഷം പൊതിച്ചോറും പാർപ്പിടവും പഠന സഹായവും ഒരുക്കുമെന്ന് കേളി കലാ സാംസ്ക്കാരിക വേദി

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022

റിയാദ്> കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി വരും കാലയളവിൽ നടപ്പിൽ വരുത്തുന്നതിനായി മൂന്നു സുപ്രധാന തീരുമാനങ്ങൾ സമ്മേളനം പ്രഖ്യാപിച്ചു. കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ഒരുലക്ഷം പൊതിച്ചോറും, കേളി അംഗങ്ങളായ നിർധന കുടുംബത്തിനായി പാർപ്പിടവും, മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായി പഠന സൗകര്യവും ഒരുക്കുന്ന പദ്ധതികൾക്കാണ് കേളി കലാസാംസ്കാരിക വേദി തുടക്കം കുറിക്കുന്നത്.

കേളി പതിനൊന്നാം കേന്ദ്ര സമ്മേളനത്തിൽ സിപിഐ എം സെക്രട്ടറിയേറ്റ് അംഗം പി കെ ബിജുവിന്റെ സാന്നിധ്യത്തിൽ കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് നടത്തിയ പ്രഖ്യാപനങ്ങളെ ഹർഷാരവങ്ങളോടെയാണ് പ്രതിനിധികൾ സ്വീകരിച്ചത്. പ്രഖ്യാപനത്തിന്  പിന്നാലെ  പതിനായിരം പൊതിച്ചോറുകൾ നൽകാൻ തയ്യാറായി വിവിധ ഏരിയ കമ്മറ്റികൾ മുന്നോട്ടു വന്നു. മലാസ് ഏരിയ ഒലയ്യ യൂണിറ്റിൽ നിന്നുമാത്രം രണ്ടായിരത്തോളം പൊതിച്ചോറുകൾ നൽകാനായി പ്രവർത്തകർ മുന്നോട്ട് വന്നത് സമ്മേളനത്തിൽ ആവേശം പകർന്നു.

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ നിന്ന് തുടങ്ങി കേരളത്തിലെ സാധ്യമായ ഇടങ്ങളിലെ സർക്കാർ ആശുപത്രികളിലെ നിർധനരായ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും കൂടാതെ സർക്കാർ അഗതി മന്ദിരങ്ങളിലെ അന്തേവാസികൾക്കും കേളിക്ക് കഴിയുന്ന രീതിയിൽ ഭക്ഷണമെത്തിക്കുന്ന പ്രവർത്തനം നടത്തുമെന്നും, ഇതിന്റെ ഭാഗമായി കേളിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന് മുൻപ് ഒരു ലക്ഷം പൊതിച്ചോറുകൾ കേരളത്തിൽ നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.

സ്വന്തമായി ഭൂമി ഉണ്ടായിട്ടും വിവിധങ്ങളായ പ്രയാസങ്ങൾ കാരണം സ്വന്തമായൊരു വീടെന്നത്  യാഥാർഥ്യമാക്കാൻ കഴിയാത്ത, കേളിയുടെ ദൈനം ദിന പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന പ്രവർത്തകർക്ക് കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വീട് നിർമ്മിച്ച്  നൽകുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾക്ക്  കേളി ഭവന പദ്ധതി ആരംഭിക്കുമെന്നും,

സാമ്പത്തികമായി വളരെയധികം പിന്നോക്കം നിൽക്കുന്ന, പഠന രംഗത്തു മികവ് തെളിയിക്കുന്ന, കേളിയുടെ ദൈനം ദിന പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന പ്രവർത്തകരുടെ മക്കൾക്ക് സാമ്പത്തിക പ്രയാസം കാരണം പഠനം നിർത്തിവെക്കേണ്ട സാഹചര്യം വരികയാണെങ്കിൽ കേളിക്ക് കഴിയുന്ന രീതിയിൽ കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ അവരെ സഹായിക്കുന്നതിന് വിദ്യാഭ്യാസ സഹായ പദ്ധതി ആവിഷ്കരിക്കുമെന്നും സമ്മേളനത്തിൽ പ്രഖ്യാപിച്ചു. ഈ മൂന്നു പദ്ധതികളും സമയബന്ധിതമായി നടപ്പിൽ വരുത്തുന്നതിന്ന് സമ്മേളനം കേന്ദ്ര കമ്മറ്റിയെ ചുമതലപ്പെടുത്തി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top