28 March Thursday

നോവൽ വൈവിധ്യങ്ങളുടെ ചില്ല ഏപ്രിൽ വായന

വെബ് ഡെസ്‌ക്‌Updated: Wednesday May 3, 2023

റിയാദ് > ചില്ലയുടെ പ്രതിമാസ വായനയുടെ ഏപ്രിൽ ലക്കം ബത്ഹയിലെ ശിഫ അൽ ജസീറ ക്ലിനിക് ഹാളിൽ നടന്നു. മനോജ് കുറൂർ രചിച്ച ‘മുറിനാവ് ’ എന്ന നോവലിന്റെ വായനാനുഭവം പങ്കുവച്ചുകൊണ്ട് ടി  ആർ സുബ്രഹ്മണ്യൻ പരിപാടിക്ക് തുടക്കം കുറിച്ചു. എട്ടാം നൂറ്റാണ്ടിലും പന്ത്രണ്ടാം നൂറ്റാണ്ടിലുമായി ജീവിച്ച മനുഷ്യരുടെ കഥയിലൂടെ കാലത്തെയും ചരിത്രത്തെയും സംസ്‌കാരത്തേയും ചിന്താധാരകളേയും മതദർശനങ്ങളെയും ആധാരമാക്കിയുള്ള നോവൽ അധികാരത്തെ സംബന്ധിച്ച സംവാദങ്ങൾക്ക് വഴി തുറക്കുന്നു എന്ന് സുബ്രഹ്മണ്യൻ അഭിപ്രായപ്പെട്ടു.

ദേശമെഴുത്തിന്റെ സവിശേഷമായ സൂക്ഷ്‌മ ജീവിതാവതരണമായ എസ് ഗിരീഷ് കുമാറിന്റെ ‘തോട്ടിച്ചമരി' എന്ന നോവലിന്റെ വായനാനുഭവം ബീനയാണ് അവതരിപ്പിച്ചത്. ഓരോ മനുഷ്യനും തന്റെ പ്രദേശത്തെ മണ്ണിൽ ആഴ്ന്നിറങ്ങിയ വേരുകളുണ്ടാവും. സ്വന്തം വേരുകളിൽ നിന്ന് അടർത്തിമാറ്റപ്പെടുന്നവരുടെ അതിജീവന പോരാട്ടങ്ങളുടെ മുദ്രയായാണ് ബീന നോവലിനെ വിശേഷിപ്പിച്ചത്. ചരിത്രത്തെയും കാലത്തെയും രാഷ്‌ട്രീയത്തെയും പ്രതിചരിത്രരചനയിലൂടെ അവതരിപ്പിക്കുന്ന നോവലാണ് എസ് ഹരീഷിന്റെ ‘ആഗസ്റ് 17'. ഇന്നത്തെ സാമൂഹ്യ-രാഷ്‌ട്രീയ കാലാവസ്ഥയോടുള്ള കലഹമായി അവതരിപ്പിക്കുന്ന നോവൽ, ചരിത്രത്തെയും ചരിത്രഘട്ടങ്ങളെയും അപാര സ്വാതന്ത്ര്യത്തോടെ ഫിക്ഷനിൽ കൊണ്ടുവരികയാണ് ചെയ്യുന്നതെന്ന് വായനാനുഭവം പങ്കുവെച്ച വിപിൻ കുമാർ അഭിപ്രായപ്പെട്ടു.

‘ഒ എൻ വി തെരഞ്ഞെടുത്ത ചങ്ങമ്പുഴ കവിതകൾ' എന്ന കവിതാസമാഹാരത്തിലെ ആ പൂമാല, വാഴക്കുല, കാവ്യനർത്തകി, രമണൻ, നാളത്തെ ലോകം, കാമുകൻ വന്നാൽ, ദേവയാനി, ഉതിർമണികൾ മുതലായ കവിതകളെ കുറിച്ചു സുരേഷ് ബാബു സംസാരിച്ചു. ചങ്ങമ്പുഴ കവിതകളിലെ കാല്പനികസൗന്ദര്യത്തിൽ ഊന്നിയുള്ളതായിരുന്നു അവതരണം. ഇ സന്തോഷ് കുമാർ എഴുതിയ ‘പാവകളുടെ വീട് ' എന്ന കഥാസമാഹാരത്തിലെ കഥകളുടെ വായനാനുഭവം സുരേഷ് ലാൽ പങ്കുവെച്ചു. ഭാവന, സങ്കല്പം, ധ്വന്യാത്മകത എന്നീ സവിശേഷതകൾക്കൊണ്ട് സമ്പന്നമായ ഈ കഥകളിൽ അതിരുകളില്ലാത്ത മാനവികതയുടെ സന്ദേശമാണ് പ്രസരിക്കുന്നതെന്ന് സുരേഷ് ലാൽ പറഞ്ഞു. വായനാനുഭവം പങ്കുവെച്ചവരോടൊപ്പം സതീഷ് കുമാർ വളവിൽ, സുരേഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഗദ്യത്തിലായാലും പദ്യത്തിലായാലും കവിതയുണ്ടായിരിക്കുക എന്നതാണ് ഏതൊരു കവിതയുടെയും അടിസ്ഥാനധർമ്മം എന്ന് വായനാവലോകനത്തിൽ എം ഫൈസൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top