08 December Friday

യുകെ കെയർ ഹോം മേഖലയിലെ ചൂഷണം: കൈരളി യുകെ സർക്കാരിന് പരാതി നൽകി

ഐശ്വര്യ അലൻUpdated: Tuesday Aug 29, 2023

ലണ്ടൻ> യുകെയിലെ കെയർ ഹോം മേഖലയിലെ ക്രൂരമായ തൊഴിൽ ചൂഷണങ്ങൾക്കെതിരെ ഇടപെടലുകൾ ആവസ്യപ്പെട്ട്  കൈരളി യുകെ സർക്കാരിന് പരാതി നൽകി. യുകെയിലെ കെയർ ഹോം മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി നടത്തിയ ഓപ്പൺ ഫോറത്തിൽ നിന്നുമാണ് നിരവധി മലയാളികൾ ഹെൽത്ത്‌ കെയർ വിസ കിട്ടിയ തൊഴിലിടത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന് മനസിലാക്കിയതെന്ന് കൈരളി യുകെ ഭാരിവാഹികൾ പറഞ്ഞു.

"ഗൾഫ് സ്വപ്നങ്ങളുടെ എൺപതുകൾ താണ്ടി ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തി നിൽക്കുമ്പോൾ, കേരളത്തിൽ യുവതയെ അപ്പാടെ ചൂഴ്ന്ന് നിൽക്കുന്നത് യൂറോപ്യൻ സ്വപ്നങ്ങളാണ്. ബ്രിട്ടൻ,കാനഡ, അയർലൻഡ് എന്നിങ്ങനെയുള്ള അനേകം പാശ്ചാത്യരാജ്യങ്ങളിലേക്ക് നമ്മുടെ മലയാളിയുവത്വം കൂട്ടപലായനം നടത്തുമ്പോൾ, അവരുടെ ആ തീവ്രയൂറോപ്യൻ സ്വപ്നങ്ങളെ മുതലെടുക്കാൻ ചതികുഴികൾ നാട്ടി മനുഷ്യർ കാത്തിരിക്കുന്നുണ്ട് എന്ന് അവരെ അറിയിക്കേണ്ട ഉത്തരവാദിത്വം അവർക്ക് മുൻപേ നടന്നവർക്കുണ്ട്.

ആ ഉത്തമബോധ്യത്തിലാണ് കൈരളി യുകെ ഇവിടെക്ക് എത്തുന്ന മലയാളികൾക്കിടയിലെ തൊഴിൽ പ്രശ്നങ്ങളെ കുറിച്ച്  വളരെ സൂക്ഷമമായൊരു അന്വേഷണം യുകെ മലയാളി സമൂഹത്തിൽ നടത്താൻ മുൻകൈയെടുത്തത്. കുറച്ച്‌ നാളുകളായി ഒറ്റപ്പെട്ട ചില സംഭവങ്ങളിൽ തുടങ്ങിയ ഈ പ്രശ്നം ഇന്ന് ഞെട്ടിപ്പിക്കുന്ന നിലയിലേയ്ക്ക് വളരുകയും ഗൗരവമായി നോക്കി കാണേണ്ട വലിയൊരു സാമൂഹികപ്രശ്നം ഇതിനുള്ളിലുണ്ട്.

വലിയ തോതിലുള്ള തൊഴിലവസരങ്ങൾ യുകെ കെയർ മേഖലയിൽ ഉയർന്നു വരുന്ന സാഹചര്യത്തിൽ വമ്പൻ തുക അനധികൃതമായ പ്രതിഫലം ഈടാക്കുന്ന അടിമ കരാറുകൾക്ക് സമാനമായ തൊഴിൽ വ്യവസ്ഥകൾ നടപ്പിലാക്കുന്ന ഭീമൻ റിക്രൂട്ട്മെന്റ് തട്ടിപ്പുകൾക്കും ഇവിടെ അരങ്ങൊരുങ്ങുകയാണ്. ഇത്തരം ചതിക്കുഴികളെ കുറച്ചു പുറംലോകത്തിന് അറിവ് ഉണ്ടാവുകയും അത് തടയാൻ വേണ്ട നടപടികൾ സർക്കാരുകളുടെ ഭാഗത്ത് നിന്നും ഉടനടി ഉണ്ടാക്കുന്നതിനുവേണ്ടിയാണ് കൈരളി യുകെയുടെ ഈ ശ്രമങ്ങൾ.

സാമ്പത്തികമായി ഇവർ നേരിടുന്ന ചൂഷണങ്ങൾ പ്രധാനമായും കണക്കിൽ എടുത്താൽ  അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് അവരുടെ സിഒഎസ്സിനായി (കമ്പനിയുടെ ഓഫർ ലെറ്റർ) വാങ്ങുന്ന വമ്പിച്ച അനധികൃതമായ ഫീസാണ്. പത്ത്‌‌ മുതൽ ഇരുപത്തിയഞ്ച്‌ ലക്ഷം രൂപ വരെയാണു ജോലിക്ക് വേണ്ട നിർബന്ധിത പരിശീലനങ്ങൾക്കും ഡിബിഎസ് ചെക്കിങ്ങിനും വേണ്ടി അനധികൃതമായി ഏജൻസികൾ ഈടാക്കുന്നത്. ഏജൻസികളുടെ ഇന്ത്യയിലെ പേഴ്സണൽ അക്കൗണ്ടുകളിൽ പല ഘട്ടങ്ങളായി ഈ തുക കൈ പറ്റുന്നു. താമസസൗകര്യങ്ങൾക്കായി ആറുമാസത്തെ വാടക മുൻകൂറായി ഇവരുടെ കയ്യിൽ നിന്നും കൈപ്പറ്റുന്നു. എന്നാൽ ഇവിടെ വന്നു കഴിഞ്ഞാൽ ഒരുപക്ഷേ അവർക്ക് നൽകപ്പെടുന്നത് മറ്റുള്ളവർക്ക് ഒപ്പമുള്ള ഷെയേർഡ് അക്കോമഡേഷനാകും.

ഇത്തരം ക്രൂരമായ തൊഴിൽ ചൂഷണങ്ങൾക്കെതിരെ  സമഗ്രമായ  ബോധവൽക്കരണവും സർക്കാരിൽ നിന്നുള്ള  ശക്തമായ ഇടപെടലുകളും ഉടനടി വേണം. മലയാളി സമൂഹത്തിനിടയിൽ ഇതേ പറ്റിയുള്ള വ്യക്തമായ ബോധവൽക്കരണമാണ് ഇനി വേണ്ടത്. മറ്റൊരു രാജ്യത്തിൽ അജ്ഞാതമായ തൊഴിലിടങ്ങളിൽ ചതിക്കപ്പെട്ടു നരകിച്ചു കഴിയേണ്ട അവരല്ല നമ്മുടെ യുവതിയുവാക്കൾ. അവരുടെ സാമൂഹ്യവും മാനസികവുമായ ക്ഷേമം നമ്മുടെ എല്ലാവരുടെയും കൂട്ടുത്തരവാദിത്വമാണ്."- കൈരളി യുകെ അധികൃതർ വ്യക്തമാക്കി.യുകെയിലെ കെയർ ജോലികളുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള ഒരു വാട്ട്സാപ്പ്‌ കൂട്ടായ്മയിലേക്ക്‌ സ്വാഗതം. താഴെ കാണുന്ന ലിങ്ക്‌ ഉപയോഗിച്ച്‌ ഇതിൽ അംഗമാകാം. മറ്റ് ഫോർവേഡുകളോ പ്രമോഷനുകളോ അനുവദനീയമല്ല. https://chat.whatsapp.com/HNjoFFxrfVL2lgzK5ulqjW

ഇതോടോപ്പം നിങ്ങൾക്ക്‌ ഉപകാരപ്പെടുന്ന ലിങ്കുകൾ കൂടി ഷെയർ ചെയ്യുന്നു

നിങ്ങൾക്ക്‌ ജോലി നൽകിയ കമ്പനി വിവരങ്ങൾ അറിയുവാൻ: https://www.gov.uk/get-information-about-a-company

നിങ്ങളുടെ കമ്പനിക്ക് സ്പോൺസർഷിപ്പ് ലൈസൻസ് ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുവാൻ: https://www.gov.uk/government/publications/register-of-licensed-sponsors-workers


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
-----
-----
 Top