15 December Monday

രണ്ട് പിടികിട്ടാപുള്ളികളെ ഇന്റർപോൾ അറസ്റ്റ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Thursday Aug 24, 2023

മനാമ > രണ്ട് അന്താരാഷ്ട്ര പിടികിട്ടാപുള്ളികളെ ഇന്റർപോൾ ബഹ്‌റൈനിൽ നിന്നും അറസ്റ്റുചെയ്തു. രണ്ടു വ്യത്യസ്ത കൊലപാതക കേസുകളിൽ ഇവർക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറത്തിറക്കിയിരുന്നു. ബഹ്‌റൈനും ഇന്റർപോളും സഹകരിച്ചാണ് അറസ്റ്റ് നടത്തിയത്. പ്രതികളെ ബന്ധപ്പെട്ട രാജ്യത്തിന് കൈമാറി. ഇവർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമാക്കിയിട്ടില്ല.

അതേസമയം, പാക്കിസ്ഥാൻ തേടുന്ന രണ്ട് കുറ്റവാളികളെ ഇന്റർപോൾ അറസ്റ്റ് ചെയ്ത് കഴിഞ്ഞ ദിവസം കൈമാറിയതായി പാക്കിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊലപാതകം, കൊലപാതക ശ്രമം എന്നിവയിൽ സിയാൽകോട്ട്, ഫൈസലാബാദ് പൊലീസ് തിരയുന്ന സുൽഫിക്കർ അലി, നൂർ മുഹമ്മദ് എന്നീ പ്രതികളെയാണ് അറസ്റ്റ് ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു. കൊലപാതകങ്ങൾക്കുശേഷം ഇവർ രാജ്യം വിട്ടിരുന്നു. തുടർന്ന് ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു.

ഇന്റർനാഷണൽ ക്രിമിനൽ പൊലീസ് ഓർഗനൈസേഷൻ (ഐസിപിഒ) ആണ് ഇന്റർപോൾ എന്ന പേരിൽ അറിയപ്പെടുന്നത്. ലോകമെമ്പാടുമുള്ള പൊലീസ് സേനകൾ തമ്മിൽ ഏകോപിപ്പിച്ചുള്ള പ്രവർത്തനമാണ് ഇന്റർപോൾ നടത്തുന്നത്. ഫ്രാൻസിലെ ലിയോൺ ആസ്ഥാനമായ ഇന്റർപോളിൽ 195 രാജ്യങ്ങൾ അംഗങ്ങളാണ്. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്കെതിരെയാണ് സാധാരണ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാറുള്ളത്. ഇംഗ്ലീഷ്, ഫ്രഞ്ച്, അറബിക്, സ്പാനിഷ് എന്നീ ഇന്റർപോളിന്റെ നാല് ഔദ്യോഗിക ഭാഷകളിൽ ആണ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നത്. റെഡ് കോർണർ നോട്ടീസ് എന്നത് ഒരു അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് അല്ലെന്നും ഇന്റർപോൾ വ്യക്തമാക്കുന്നുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top