03 December Sunday

എക്‌സ്‌പോ 2023 ദോഹ'യ്ക്ക് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 3, 2023

ദോഹ> ഖത്തറിന്റെ പരിസ്ഥിതി സൗഹൃദ, ഹരിതപെരുമയുമായി 'എക്‌സ്‌പോ 2023 ദോഹ'യ്ക്ക് തിങ്കളാഴ്‌ച്ച  തുടക്കമായി .ഫിഫ ലോകകപ്പിന് ശേഷം ഖത്തറിൽ നടക്കുന്ന രണ്ടാമത്തെ വലിയ ഇവന്റായ എക്‌സ്‌പോ 2023 ദോഹ' യുടെ വേദിയായ അൽബിദ പാർക്കിലാണ്‌ പ്രദർശനം.  

ഖത്തർഅമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ രക്ഷാകർതൃത്വത്തിൽ യുഎഇ ഭരണാധികാരി അൽ നഹ്യാനടക്കംനിരവധിരാജ്യങ്ങളിലെ പ്രമുഖർ പങ്കെടുത്തു. രാജ്യാന്തര ഹോർട്ടികൾചറൽ പ്രദർശനമാണ് എക്സ്പോയുടെ മുഖ്യാ ആകർഷണം.ഇന്ന് മുതൽ ആറുമാസം നീണ്ടുനിൽക്കുന്ന എക്‌സ്‌പോ 2023 ദോഹ'യിൽ 30 ലക്ഷം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.ഹരിത മരുഭൂമി, മികച്ച പരിസ്ഥിതി എന്നതാണ് പ്രമേയം. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം
നൽകിയുള്ള എക്‌സ്‌പോയിൽ ഇന്ത്യ ഉൾപ്പെടെ 88 രാജ്യങ്ങളും രാജ്യാന്തര സ്ഥാപനങ്ങളും പങ്കെടുക്കുന്നുണ്ട്‌. മാർച്ച് 28 വരെ പ്രദർശനം തുടരും.

നഗരസഭ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് എക്‌സ്‌പോ.  പരിസ്ഥിതി സംരക്ഷണത്തിന്റെ  പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനപ്പുറം കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്തുള്ള സമ്മേളനങ്ങളും നടക്കും.  കാർഷിക മേഖലയിലെ പുതിയ ഗവേഷണ പ്രബന്ധങ്ങളും അവതരിപ്പിക്കും. കാർബൺ പ്രസരണം കുറച്ചുകൊണ്ട് സുസ്ഥിരതയിലൂന്നിയാണ് പ്രദർശന നഗരിയുടെ പ്രവർത്തനങ്ങൾ.

ഇന്റർനാഷനൽ, ഫാമിലി, കൾചറൽ 3 സോണുകളായി തിരിച്ചാണ് പവിലിയനുകൾ ക്രമീകരിച്ചിരിക്കുന്നത്.  സമ്മേളനങ്ങൾക്കും ചർച്ചകൾക്കുംവേദിയാകുന്ന എക്‌സ്‌പോ ഹൗസിന് പുറമെ ജൈവ മ്യൂസിയവും പരിസ്ഥിതി സെന്ററും  സജ്ജം. കൾചറൽ, ഫാമിലി സോണുകളിലേക്ക് ഞായർ മുതൽ വ്യാഴം വരെ രാവിലെ 10 മുതൽ രാത്രി 10 വരെ പ്രവേശിക്കാം. വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് ഒന്നു മുതൽ രാത്രി 11 വരെയും  ശനിയാഴ്ചകളിൽ രാവിലെ 10 മുതൽ രാത്രി 8 വരെയും പ്രവേശിക്കാം

ഖത്തറിന്റെയും അറബ് മേഖലയുടെയും പാരമ്പര്യവും പൈതൃകവും കോർത്തിണക്കിയാണ് പവിലിയനുകളുടെ ഡിസൈൻ. സന്ദർശകരെ സ്വാഗതം ചെയ്തുകൊണ്ട് ഖത്തറിന്റെ വിവിധ നഗരങ്ങൾ  അലങ്കാരങ്ങളാൽ അണിഞ്ഞൊരുങ്ങി കഴിഞ്ഞു. ദോഹ മെട്രോ സ്‌റ്റേഷനുകളും ദോഹ എക്‌സ്‌പോയാത്രക്കാർക്കായി സജ്ജമായി. 6 മാസവും സന്ദർശകർക്കായി തൽസമയ വിനോദ പരിപാടികളും ഉണ്ട്‌.

കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർക്കായി കുടുംബ സൗഹൃദ പരിപാടികൾ നടക്കുന്നു. മധ്യപൂർവ-വടക്കൻ ആഫ്രിക്കൻ മേഖലയിലെ പ്രഥമ രാജ്യാന്തര ഹോർട്ടികൾചറൽ എക്‌സ്‌പോ, ഇതുവരെയുള്ളതിൽ വച്ചേറ്റവും വലിയ പങ്കാളിത്തം പ്രതീക്ഷിക്കുന്ന പ്രദർശനം, പൂർണമായും പരിസ്ഥിതി സൗഹൃദ, സുസ്ഥിരതയിലൂന്നിയ പ്രദർശനം എന്നിങ്ങനെ ഏറെ സവിശേഷതകൾ നിറഞ്ഞ  എക്‌സ്‌പോയ്ക്കാണ് ദോഹ ആതിഥേയത്വം വഹിക്കുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top