26 April Friday

മതങ്ങള്‍ തമ്മിലുള്ള സാഹോദര്യമാണ് ഇന്നത്തെ ആവശ്യം: കാതോലിക്കാ ബാവ

വെബ് ഡെസ്‌ക്‌Updated: Friday Oct 7, 2022

മലങ്കര മെത്രാപ്പോലീത്ത മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു

മനാമ > മതങ്ങള്‍ തമ്മിലും രാജ്യങ്ങള്‍ തമ്മിലുമുള്ള സാഹോദര്യമാണ് ഇന്നത്തെ ആവശ്യമെന്ന് പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ പറഞ്ഞു. സ്വന്തം തനിമ നിലനിര്‍ത്തി ഇതര മതങ്ങളോടും സമൂഹങ്ങളോടും പരസ്പര സഹകരണത്തിലും സാഹോദര്യത്തിലും സ്‌നേഹത്തിലും കഴിയാന്‍ സാധിക്കണം. ബഹ്‌റൈന്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ സഗസാരിക്കുകയായിരുന്നു. 
 
നന്‍മയും സാഹോദര്യവും സമൂഹത്തില്‍ നഷ്ടമാകുന്ന കാലത്താണ് നാം ജീവിക്കുന്നത്. എല്ലാവരെയും സഹോദരങ്ങളായി കണ്ട് ഒരുമിച്ച് ജീവിക്കാന്‍ സാധിക്കുമ്പോഴാണ് സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുക. വീഭാഗീയതയല്ല; നീതിയും സത്യവും സ്‌നേഹവുമാണ് ലോകത്തില്‍ പുലരേണ്ടത്. മതങ്ങള്‍ തമ്മിലും രാജ്യങ്ങള്‍ തമ്മിലും അകല്‍ച്ചയല്ല, അടുപ്പമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
 
മതത്തിന്റെ പേരില്‍ ആരെങ്കിലും തെറ്റായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കില്‍ അതിനെ മതത്തിന്റെ കുറ്റമായി കാണേണ്ടതില്ല. പ്രണയത്തിന്റെ പേരിലുള്ള മതംമാറ്റം ഒറ്റപ്പെട്ട സംഭവങ്ങളായാണ് കാണുന്നതെന്നും അതിനെ പര്‍വ്വതീകരിച്ച് മറ്റ് മതങ്ങളെ കുറ്റപ്പെടുത്താന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
എല്ലാ മതത്തിലും തീവ്ര നിലപാടുകാരുണ്ട്, അങ്ങിനെയുള്ള നിലപാടിലേക്ക്ു പോകുന്നതിനോട് സഭ യോജിക്കുന്നല്ലെന്നും അങ്ങിനെ പോകുന്നവരെ തിരുത്താന്‍ സഭ ശ്രമിക്കുമെന്നും കാസ സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി അദ്ദേഹം വ്യക്തമാക്കി. 
 
സുപ്രീംകോടതി വിധി അംഗീകരിക്കാന്‍ ഇരുകൂട്ടരും തയ്യാറായാല്‍ ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള സഭാതര്‍ക്കത്തിന് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധി അംഗീകരിക്കുമെന്ന് നേരത്തെ പറഞ്ഞവര്‍ പിന്നീട് മാറ്റിപ്പറയുന്നത് അംഗീകരിക്കാനാവില്ല. വിധി തങ്ങള്‍ക്ക് ഇഷ്ടമായില്ല എന്ന കാരണം കൊണ്ട് അംഗീകരിക്കാതിരിക്കുന്നത് ശരിയല്ല. കോടതി വിധി ഇരുകൂട്ടരും അംഗീകരിച്ചാല്‍ സമാധാനം കൈവരും. പ്രശ്‌ന പരിഹാരത്തിനായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ശാശ്വത പരിഹാരം കാണാന്‍ ആരുമായും ചര്‍ച്ചക്ക് തയ്യാറാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
 
വാര്‍ത്താസമ്മേളനത്തില്‍ കതീഡ്രല്‍ വികാരി ഫാ. പോള്‍ മാത്യു, സഹവികാരി ഫാ. സുനില്‍ കുര്യന്‍ ബേബി, മലങ്കര ഓര്‍ത്തഡോക്‌സ് സഭ വൈദിക ട്രസ്റ്റി ഫാ. ഡോ. വര്‍ഗീസ് അമയില്‍, കതീഡ്രല്‍ ട്രസ്റ്റി സാമുവേല്‍ പൗലോസ്, സെക്രട്ടറി ബെന്നി വര്‍ക്കി എന്നിവരും പ?ങ്കെടുത്തു.

 

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top