25 April Thursday

കുവൈറ്റിലെ പൊതുമാപ്പ്: ഇന്ത്യക്കാര്‍ ഏപ്രിൽ 11 മുതൽ 15 നുള്ളിൽ നടപടികള്‍ പൂര്‍ത്തിയാക്കണം

ടി.വി.ഹിക്മത്ത്Updated: Monday Mar 30, 2020
കുവൈറ്റ്‌ സിറ്റി> അനധികൃത താമസക്കാര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി തിരിച്ചു പോകുന്നവരുടെ യാത്രാചെലവ് കുവൈത്ത് വഹിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അല്‍ സലാഹ് പുറത്തിറക്കിയ വിശദീകരണത്തിലാണ് പൊതുമാപ്പ് സംബന്ധിച്ച നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ വിശദീകരിച്ചത്.
 
ഓരോ രാജ്യക്കാർക്കും പ്രത്യേക കാലയളവും ആഭ്യന്തര മന്ത്രാലയം നിശ്‌ചയിച്ചു നൽകിയിട്ടുണ്ട്. ഇന്ത്യക്കാര്‍ ഏപ്രിൽ 11 മുതൽ ഏപ്രിൽ 15 വരെയുള്ള തിയ്യതികളിലാണ് തിരിച്ചു പോകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കേണ്ടത്. നടപടികള്‍പൂര്‍ത്തിയാക്കുന്നതിനു സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം കേന്ദ്രങ്ങൾ ആഭ്യന്തരമന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 
പുരുഷന്മാര്‍ ഫര്‍വാനിയ ബ്ലോക്ക് ഒന്നിലെ സ്ട്രീറ്റ് നൂറ്റി ഇരുപത്തിരണ്ടിലെ അൽ മുത്തന്ന ബോയ്സ് സ്‌കൂളിലും,  സ്ത്രീകള്‍ ഫര്‍വാനിയ ബ്ലോക്ക് ഒന്നിലെ സ്ട്രീറ്റ്എഴുപത്തിആറിലെ  ഫർവാനിയ ഗേൾസ് സ്‌കൂളിലും രാവിലെ എട്ടു മണിമുതല്‍ രണ്ടുമണിവരെയാണ് റിപ്പോര്‍ട്ട്‌ചെയ്യേണ്ടത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ അന്ന് മുതല്‍ താമസ സൌകര്യവും സര്‍ക്കാര്‍ നല്‍കുമെന്നും ആഭ്യന്തര മന്ത്രാലയ ഉത്തരവില്‍ പറയുന്നുണ്ട്.
 
പൊതുമാപ്പ് പ്രയോജനപ്പെടുത്താതെ തുടര്‍ന്നും രാജ്യത്തു തുടരുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ ഉണ്ടാകുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. എന്നാല്‍ തിരിച്ചുപോകുന്നവര്‍ക്ക് പുതിയ വിസയിൽ പിന്നീട് കുവൈത്തിലേക്ക് വരുന്നതിനും തടസ്സമുണ്ടാകില്ല എന്നും  മന്ത്രാലയ വൃത്തങ്ങള്‍  വ്യക്തമാക്കിയിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top