09 December Saturday

സൗദി - ഹൂതി രണ്ടാം ഘട്ട ചര്‍ച്ചകള്‍ക്ക് സമാപനം

അനസ് യാസിന്‍Updated: Wednesday Sep 20, 2023

മനാമ > എട്ടു വര്‍ഷം നീണ്ട യെമന്‍ സംഘര്‍ഷങ്ങള്‍ക്കു പരിഹാരം കാണാന്‍ സൗദിയും ഹൂതി മിലിഷ്യയും നടത്തിയ രണ്ടാംഘട്ട ചര്‍ച്ചക്കു സമാപനം. സൗദി പ്രതിനിധികളും ഹൂതി ദേശീയ കൂടിയാലോചനാ പ്രതിനിധി സംഘവും നടത്തിയ ചര്‍ച്ചയില്‍ വിദേശ സൈനികര്‍ യെമന്‍ വിടാനുള്ള സമയക്രമവും വേതനം നല്‍കാനുള്ള സംവിധാനവും ഉള്‍പ്പെടെ ചില പ്രധാന കാര്യങ്ങളില്‍ പുരോഗതി ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ കൂടിയാലോചനകള്‍ക്കായി ഇരു ഭാഗവും ഉടന്‍ യോഗം ചേരുമെന്ന് അല്‍ ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്‌തു.

റിയാദിലാണ് അഞ്ചു ദിവസം നീണ്ട ചര്‍ച്ച നടന്നത്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള തുറമുഖങ്ങളും സന വിമാനത്താവളവും പൂര്‍ണമായി തുറക്കുക, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേതനം നല്‍കുക, പുനര്‍നിര്‍മ്മാണ ശ്രമങ്ങള്‍ ആരംഭിക്കുക, വിദേശ സേനയ്ക്ക് യെമന്‍ വിടാനുള്ള സമയക്രമം നല്‍കുക എന്നിവയില്‍ ചര്‍ച്ചകള്‍ കേന്ദ്രീകരിച്ചതായാണ് റിപ്പോര്‍ട്ട്.

യെമനില്‍ സമാധാനം ലക്ഷ്യമിട്ടുള്ള ഗൗരവതരമായ ചര്‍ച്ചയിലെ നല്ല ഫലങ്ങള്‍ സ്വാഗതം ചെയ്യുന്നതായി സൗദി വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച ട്വിറ്ററില്‍ അറിയിച്ചു. രാജ്യം യെമനോടും അതിന്റെ സഹോദരജനതയോടും ഒപ്പം നില്‍ക്കുകയും  ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ യെമനില്‍ സമഗ്രവും ശാശ്വതവുമായ ഒരു രാഷ്ട്രീയ പരിഹാരത്തില്‍ എത്തിച്ചേരാന്‍ യെമന്‍ പാര്‍ട്ടികളെ ചര്‍ച്ചയിലേക്ക് കൊണ്ടുവരാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങള്‍ മറികടക്കുന്നതിനുള്ള വഴികളും ബദലുകളും ചര്‍ച്ച ചെയ്‌തതായി ഹൂതി പ്രതിനിധി സംഘം തലവന്‍ മുഹമ്മദ് അബ്ദുള്‍ സലാം ട്വിറ്ററിലും കുറിച്ചു.

കഴിഞ്ഞയാഴ്ചയാണ് ഹൂതി സംഘം സൗദിയിലെത്തിയത്. സൗദിയിലെത്തിയ ഹൂതി പ്രതിനിധികള്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സഹോദരനും പ്രതിരോധ മന്ത്രിയുമായ ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
2014-ല്‍ യെമനില്‍ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടശേഷം ഹൂതി സംഘത്തിന്റെ ആദ്യ സൗദി സന്ദര്‍ശനമാണിത്. ചര്‍ച്ചകള്‍ക്ക് ശേഷം ഹൂതി പ്രതിനിധികളും ഒമാനി മധ്യസ്ഥരും ചൊവ്വാഴ്ച യെമന്‍ തലസ്ഥാനമായ സനയില്‍ എത്തിയതായി ഹൂതികളുടെ അല്‍ മസീറ ടിവി അറിയിച്ചു.

യെമന്‍ സര്‍ക്കാരും ഏദന്‍ കേന്ദ്രമാക്കിയ തെക്കന്‍ ട്രാന്‍സിഷന്‍ കൗണ്‍സിലും ഉള്‍പ്പെടെ യെമന്‍ സംഘര്‍ഷത്തിലെ മറ്റ് കക്ഷികളെ ഉള്‍പ്പെടുത്തി വിശാലമായ രാഷ്ട്രീയ സമാധാന പ്രക്രിയ പുനരാരംഭിക്കാന്‍ ഇത്തരമൊരു കരാര്‍ ഐക്യരാഷ്ട്രസഭയെ സഹായിക്കുമെന്നാണ് നിരീക്ഷകരുടെ പ്രതീക്ഷ.

യുഎന്‍ സമാധാന ശ്രമങ്ങള്‍ക്ക് സമാന്തരമായി ഒമാന്‍ മധ്യസ്ഥതയില്‍ സൗദിയും ഹൂതികളും തമ്മിലുള്ള ചര്‍ച്ചകളുടെ ആദ്യ ഘട്ടം ഏപ്രില്‍ ഒന്‍പതുമുതല്‍ യെമന്‍ തലസ്ഥാനമായ സനയില്‍ ചേര്‍ന്നിരുന്നു.

അതിനിടെ, ന്യൂയോര്‍ക്കില്‍ ബുധനാഴ്ച നടന്ന യുഎന്‍ ജനറല്‍ അസംബ്ലിയുടെ 78-ാമത് സമ്മേളനത്തോടനുബന്ധിച്ച് യുഎഇയുടെയും സൗദി അറേബ്യയുടെയും വിദേശകാര്യ മന്ത്രിമാരായ ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുല്ല രാജകുമാരന്‍, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ജെ ബ്ലിങ്കെന്‍ എന്നിവര്‍ യെമന്‍ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ചര്‍ച്ച ചെയ്‌തു. യെമന്‍ പ്രതിസന്ധിക്ക് സുസ്ഥിര രാഷ്ട്രീയ പരിഹാരത്തില്‍ എത്തിച്ചേരാനും യെമന്‍ ജനതയോടുള്ള മാനുഷിക പ്രതികരണം ശക്തിപ്പെടുത്താനും ആവശ്യമായ പിന്തുണ നല്‍കാനുമുള്ള വഴികള്‍ അവലോകനം ത്രികക്ഷി യോഗം ചെയ്‌തു.

2014ലാണ് യെമനില്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ ഹൂതികള്‍ തലസ്ഥാനമായ സന നിയന്ത്രണത്തിലാക്കി ആബെദ് റബ്ബോ മന്‍സൂര്‍ ഹാദി സര്‍ക്കാരിനെ പുറത്താക്കി. 2015 ല്‍ ഇറാന്‍ പിന്‍തുണയുള്ള ഹൂതികളില്‍നിന്നും യെമനെ മോചിപ്പിക്കാനായി സൗദി നേതൃത്വത്തില്‍ സഖ്യ സേന യുദ്ധം ആരംഭിച്ചു. ഇതിന് മറുപടിയായി അയല്‍ രാജ്യമായ സൗദിയിലും യുഎഇയിലും ഹുതികള്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. എട്ടു വര്‍ഷം നീണ്ട യെമന്‍ സംഘര്‍ഷത്തില്‍ ഒരു ലക്ഷത്തിലധികം പേര്‍ മരിച്ചു. രാജ്യം രോഗത്തിന്റെയും പട്ടിണിയുടെയും പിടിയിലായി. ജനസംഖ്യയുടെ 80 ശതമാനവും അന്താരാഷ്ട്ര സഹായത്തെ ആശ്രയിക്കുന്ന അവസ്ഥയായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top