16 April Tuesday

വേനൽ അവധി തീരുന്നു; കൊള്ള നിരക്കുമായി വിമാനകമ്പനികൾ

കെ എൽ ഗോപിUpdated: Monday Aug 8, 2022

ദുബായ്> വേനലവധി കഴിഞ്ഞ് നാട്ടിൽ നിന്നും ആളുകൾ തിരിച്ചെത്താൻ തുടങ്ങിയതോടെ വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് ഭീമമായി ഉയർത്തി.  മുൻ‌കൂർ ബുക്ക് ചെയ്തവർ 45% മുതൽ 50% വരെ അധിക നിരക്കും ഇപ്പോൾ ബുക്ക് ചെയ്യുന്നവർ മൂന്നിരട്ടിയും ആണ് ടിക്കറ്റിനായി ചിലവാക്കേണ്ടി വരുന്നത്.

കൊച്ചി, കോഴിക്കോട്, കണ്ണൂർ തിരുവനന്തപുരം, ചെന്നൈ, ബാംഗ്ലൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നുള്ള ടിക്കറ്റുകൾക്കാണ് കൂടുതൽ നിരക്ക്. ബോംബെയിൽ നിന്നും ഡൽഹിയിൽ നിന്നുമുള്ള ടിക്കറ്റ് നിരക്കുകളും വർദ്ധിച്ചിട്ടുണ്ട്. ഒക്ടോബർ മാസത്തിൽ  കേരളത്തിൽ നിന്നും ദുബായിലേക്കുള്ള വൺവേ ടിക്കറ്റിന് ശരാശരി 400 മുതൽ 500 ദിർഹം വരെയാണ് നൽകേണ്ടതെങ്കിൽ, പ്രവാസികൾ നാട്ടിൽ നിന്നും മടങ്ങുന്ന  ഓഗസ്റ്റ് മാസം 15 മുതൽ ഓണം അവധി കഴിയുന്നതുവരെ 1250 മുതൽ 2000 ദിർഹംസ് വരെയാണ് നൽകേണ്ടത്. കുടുംബത്തിലെ എന്തെങ്കിലും അത്യാവശ്യ കാര്യത്തിനായി പോയി മടങ്ങേണ്ട സാധാരണ തൊഴിലാളിക്കും, സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങൾക്കും ഇത് താങ്ങാൻ കഴിയില്ല. നിരക്ക് ലാഭിക്കുന്നതിനായി പലരും ബോംബെ, ബാംഗ്ലൂർ, പൂനെ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള കണക്ഷൻ ഫ്ലൈറ്റുകളിലാണ് എത്തുന്നത്.  കേരളത്തിൽ നിന്നും ദുബായിലേക്ക് നാലു മണിക്കൂർ മാത്രം ദൂരം ഉള്ളപ്പോൾ കണക്ഷൻ ഫ്ലൈറ്റുകൾ 15 മണിക്കൂർ മുതൽ 25 മണിക്കൂർ വരെ സമയം എടുക്കുന്നു. എന്നിട്ടും 850 ദിർഹം മുതൽ 1000 ദിർഹം വരെ വൺവേ ടിക്കറ്റിന് കൊടുക്കേണ്ടതായും വരുന്നു.

കോവിഡ് മഹാമാരി മൂലം കഴിഞ്ഞ രണ്ടു വർഷമായി യാത്ര ചെയ്യാതിരുന്ന പല കുടുംബങ്ങളും ഇത്തവണ നാട്ടിലേക്ക് യാത്ര പോകുന്നുണ്ട്. സാമ്പത്തിക പ്രയാസത്തിനിടയിൽ ഭീമമായ തുക കൂടി ടിക്കറ്റിന് നൽകേണ്ടി വരുന്നതിനാൽ യാത്ര കഴിഞ്ഞെത്തുന്നതോടെ വലിയ കടക്കാരായി പ്രവാസികൾ വീണ്ടും മാറും. അമിതമായ വിമാനയാത്ര കൂലിയെ നേരിടുന്നതിന് ചില ട്രാവൽ ഏജൻസികൾ ചാർട്ടർ ഫ്ലൈറ്റ് സംവിധാനം ഏർപ്പെടുത്തിയിരുന്നുവെങ്കിലും വിമാന കമ്പനികളുടെ കൊള്ളനിരക്കിനെ നേരിടാൻ ആവശ്യമായ വിധത്തിൽ അത്തരത്തിലുള്ള ശ്രമങ്ങൾ ഫലം കണ്ടില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top