29 March Friday

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്: ബഹ്‌റൈനില്‍ കനത്ത പോളിങ്

അനസ് യാസിന്‍Updated: Saturday Nov 12, 2022

മനാമ > ബഹ്‌റൈന്‍ പാര്‍ലമന്റ്, മുന്‍സിപ്പല്‍ സീറ്റുകളിലേക്കു ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ കനത്ത പോളിങ്. നാലു ഗവര്‍ണറേറ്റുകളിലെ 40 പോളിങ് സ്‌റ്റേഷനുകളിലും 14 ജനറല്‍ പോളിങ് കേന്ദ്രങ്ങളിലുമായി രാവിലെ എട്ടിനാരംഭിച്ച വോട്ടെടുപ്പ് രാത്രി എട്ടുവരെ നീണ്ടു. വൈകീട്ട് അഞ്ചുവരെ മികച്ച പോളിങ്ങാണ് വിവിധ ബൂത്തുകളില്‍ രേഖപ്പെടുത്തിയത്. ബഹ്‌റൈനു പുറത്ത് വിവിധ രാജ്യങ്ങളിലായി 37 പോളിങ് സ്‌റ്റേഷനുകളും പ്രവര്‍ത്തിച്ചു.

പാര്‍ലമെന്റിന്റെ അധോസഭയായ കൗണ്‍സില്‍ ഓഫ് റപ്രസന്റെറ്റീവ്‌സിലെ 40 സീറ്റിലേക്ക് 334  സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഇതോടൊപ്പം നോര്‍തേണ്‍, സതേണ്‍, മുഹറഖ് എന്നീ മുനിസിപ്പല്‍ കൗണസിലിലെ 30 സീറ്റിലേക്ക് 173 സ്ഥാനാര്‍ഥികളും മത്സര രംഗത്തുണ്ട്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 3,44,713 പേര്‍ക്കാണ് വോട്ട് ചെയ്യാന്‍ അര്‍ഹത. പാര്‍ലമെന്റിലേക്ക്  94 പേരടക്കം 107 വനിതകള്‍ മത്സരിക്കുന്നു. 2018 ല്‍ 40 വനിതകളാണ് പാര്‍ലമെന്റിലേക്ക്് ജനവിധി തേടിയത്.

നാലു വര്‍ഷമാണ് പാര്‍ലമെന്റിന്റെ കാലാവധി. മുന്‍സിപ്പല്‍ കൗണ്‍സിലിന്റെ കാലാവധിയും നാലുവര്‍ഷമാണ്. ഈ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത മണ്ഡലങ്ങളില്‍ നവംബര്‍ 19 രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കും.വിദേശത്തുള്ള ബഹ്‌റൈനികള്‍ കഴിഞ്ഞ ചൊവ്വാഴ്ച ബഹ്‌റൈന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. 2002ല്‍ മുതല്‍ ഓരോ നാലു വര്‍ഷം കൂടുമ്പോഴും ബഹറൈന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്തുന്നു. മേഖലയിലെ വിവിധ വെല്ലുവിളികള്‍ക്കിടയിലും 2002, 2006, 2010, 2014, 2018 വര്‍ഷങ്ങളില്‍ ബഹ്‌റൈന്‍ സുഗമമായി തെരഞ്ഞെടുപ്പ നടത്തി.

സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ച ശേഷം നടന്ന 2002ലെ ആദ്യ തെഞ്ഞെടുപ്പില്‍ ഒരു വനിതയും വിജയിച്ചില്ല. എന്നാല്‍ 2006ല്‍ ലത്തീഫ അല്‍ ഗഊദിന്റെ വജയത്തിലൂടെ പവിഴ ദ്വീപീലെ വനിതകള്‍ ചരിത്രം രചിച്ചു. ജിസിസിയില്‍ തന്നെ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിയിതയാ ഇവര്‍. 2018ല്‍ ആറ് വനിതകള്‍ പാര്‍ലമെന്റിലേക്ക് ജയിച്ചു. 2018 ലെ വോട്ടിംഗ് ശതമാനം 67 ശതമാനമായിരുന്നു.  2002 ല്‍ ബഹ്‌റൈന്‍ ഭരണഘടനാപരമായ രാജവാഴ്ചയായതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പോളിങ്ങായിരുന്നു അത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top