26 April Friday

മഴക്കെടുതി: കരുതലായ് കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 3, 2022

ഫുജെെറ> യുഎഇയുടെ ഈസ്റ്റ് കോസ്റ്റ് മേഖലകളിൽ ഉണ്ടായ അതിതീവ്ര മഴയിൽ ദുരിതമനുഭവിക്കുന്നവർക്ക് ഫുജൈറ കൈരളി കൾച്ചറൽ അസോസിയേഷൻ സ്വാന്തനമായി. 24 മണിക്കൂറും പ്രവർത്തന സജ്ജമായ ഹെൽപ്പ് ഡെസ്ക്കും ഏത് അടിയന്തിര സാഹചര്യത്തിലും പ്രവർത്തിക്കുവാൻ കഴിയുന്ന സന്നദ്ധ പ്രവർത്തകരുടെ സേവനവും ഏകോപിപ്പിച്ചാണ് കൈരളി   മഴക്കെടുതിയിൽ അകപ്പെട്ടവർക്ക് കൈത്താങ്ങായത്. അതിശക്തമായ മഴയെ പോലും അതിജീവിച്ചാണ് ഫുജൈറ ,കൽബ മേഖലകളിൽ കൈരളി പ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയത്.

താമസസ്ഥലങ്ങളിൽ വെള്ളം കയറി അവിടെ നിന്ന് ഒഴിയേണ്ടിവന്നവരെയും  ,ശക്തമായ വെള്ളക്കെട്ടിൽ വഴിയിൽ പെട്ടു പോയവരെയും രക്ഷപ്പെടുത്തി കൈരളി പ്രവർത്തകരുടെ ഭവനങ്ങളിലും പ്രത്യേകം സജ്ജീകരിച്ച വീടുകളിലുമായി സുരക്ഷിതമായ മാറ്റി താമസിപ്പിച്ചു. പ്രതികൂല സാഹചര്യത്തിൽ വീടുകളിൽ ഒറ്റപ്പെട്ടു പോയവർക്കും മഴക്കെടുതി മൂലം ദുരിത മനുഭവിക്കുന്നവർക്കും ഭക്ഷണവും മരുന്നും പ്രവർത്തകർ എത്തിച്ചു നൽകി. ഫുജൈറ ഗവൺമെൻ്റിൻ്റെ ക്ലീനപ്പ് കാമ്പൈനിൽ കൈരളി അസോസിയേഷൻ പ്രവർത്തകർ സജീവമായി പങ്കെടുക്കുകയും ശുചികരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്തു.ആദരണീയരായ ഭരണാധികാരികളുടെ ജാഗ്രതയും ഇടപെടലും ഭരണ സംവിധാനങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനവുമാണ് മഴക്കെടുതിയെ ഫലപ്രദമായി അതിജീവിക്കുവാൻ സഹായിച്ചത്.

കനത്ത മഴ ജനജീവിതത്തെ ആകെ ദുസ്സഹമാക്കുന്നതായിരുന്നു. ഇത്രയും ശക്തമായ മഴയും പ്രളയവും പ്രവാസ ജീവിതത്തിൽ ആദ്യമായിട്ടാണന്ന് പഴയ കാല പ്രവാസികൾ പറഞ്ഞു. കൈരളി സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് ലെനിൻ ജി. കുഴിവേലി ,സെക്രട്ടറി അബ്ദുൾ കാദർ എടയൂർ ,സെൻട്രൽ കമ്മറ്റി മുൻ പ്രസിഡൻ്റ് സുജിത്ത് വി.പി.കൈരളി ഫുജൈറ യൂണിറ്റ് സെക്രട്ടറി മിജിൻ ചുഴലി, കൽബ യൂണിറ്റ് സെക്രട്ടറി പ്രിൻസ് തെക്കൂട്ടയിൽ പ്രസിഡൻ്റ് നബീൽ കാർത്തല എന്നിവർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കൈരളിക്കൊപ്പം പങ്കാളികളായവർക്കും വേണ്ട സഹായ സഹകരണങ്ങൾ നൽകിയവർക്കും ഭാരവാഹികൾ നന്ദി പറഞ്ഞു. ദുരിതമനുഭവിക്കുന്നവർക്കൊപ്പം അവർക്ക് സ്വാന്തനമായി കൈരളി എല്ലാക്കാലത്തും നിലയുറപ്പിച്ചിട്ടുണ്ടന്നും കോവിഡ് കാലത്തെ കൈരളിയുടെ പ്രവർത്തനങ്ങൾ പരക്കെ പ്രശംസ നേടിയിരുന്നതായും കൈരളി ഭാരവാഹികൾ ഓർമ്മപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top