25 April Thursday

യുഎഇയുടെ വടക്കൻ എമിറേറ്റുകളിൽ പ്രളയക്കെടുതി; സൈന്യം സഹായത്തിനിറങ്ങി

കെ എൽ ഗോപിUpdated: Friday Jul 29, 2022

ദുബായ്> കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ യുഎഇയുടെ വടക്കൻ എമിറേറ്റുകളിൽ പ്രളയ സമാനമാണ് വെള്ളം ഉയർന്നത്. ഫുജൈറ എമിറേറ്റിൽ പലയിടങ്ങളിലും വെള്ളം കയറി. രക്ഷാപ്രവർത്തനം സൈന്യം ഏറ്റെടുത്തു. പലയിടത്തും റോഡുകൾ നിറഞ്ഞു കവിയുകയും വീടുകൾക്കുള്ളിൽ വെള്ളം കയറുകയും, വാഹനങ്ങൾ ഒലിച്ചു പോവുകയും ചെയ്തു.

ദേശീയ കാലാവസ്ഥാവിഭാഗം ഫുജൈറയിൽ ഇന്നലെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുൻകരുതലിന്റെ ഭാഗമായി പൊതു ഗതാഗത സർവീസുകളും നിർത്തിവച്ചിരുന്നു. ഇത് നാശനഷ്ട തോത് കുറച്ചു

മഴ കുറയുവാൻ വഴിയരികിൽ വാഹനങ്ങൾ നിർത്തിയിട്ട് കാത്തിരുന്ന പലരും അപ്രതീക്ഷിതമായി മലവെള്ളം ഒഴുകിയെത്തിയതോടെ വാഹനങ്ങൾ വഴിയിൽ ഉപേക്ഷിച്ച് സുരക്ഷിതസ്ഥാനങ്ങളിൽ അഭയം തേടി. നൂറുകണക്കിന് വാഹനങ്ങളാണ് തുറമുഖത്തിന് സമീപം വെള്ളത്തിൽ മുങ്ങി കിടന്നത്. വീടുകൾക്കുള്ളിൽ വെള്ളം കയറിയതോടെ പാചക ഗ്യാസ് സിലിണ്ടറുകൾ  അടക്കമുള്ള സാധനസാമഗ്രികൾ വെള്ളത്തിൽ ഒഴുകി. വെള്ളം കയറിയ പ്രദേശങ്ങളിലുള്ള ആളുകളെ താൽക്കാലിക ഷെൽട്ടറുകളിൽ എത്തിച്ചു. അവർക്ക് ഭക്ഷണവും മരുന്നും വിതരണം ചെയ്യുന്നതിന് പോലീസും സൈന്യവും രംഗത്തിറങ്ങി. ഷാർജയിൽ നിന്നും ഫുജൈറയിലേക്കും ഖോർഫക്കാനിലേക്കുള്ള പല റോഡുകളും, ദിബ്ബ, മസാഫി തുടങ്ങിയ സ്ഥലങ്ങളിലെ പല റോഡുകളും പോലീസ് അടച്ചിട്ടു.

പ്രളയത്തിൽ അകപ്പെട്ട 800 ഓളം പേരെ സൈന്യം രക്ഷിച്ചു.  4000 ത്തോളം ആളുകളെ സുരക്ഷിതസ്ഥാനങ്ങളിൽ മാറ്റി പാർപ്പിക്കുകയും ചെയ്തു. ഫുജൈറ തുറമുഖത്ത് 255.2 മില്ലിമീറ്റർ മഴയാണ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്. വെള്ളം കുത്തനെ ഉയർന്നതോടെ വാഹനങ്ങൾ വെള്ളത്തിൽ ഒഴുകിപ്പോയി.  റോഡ് മുറിച്ചു കടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട പാക്കിസ്ഥാനി സ്വദേശിയെ കാണാതായി. ഇദ്ദേഹത്തിനായി തിരച്ചിൽ തുടരുകയാണ്. റാസൽഖൈമയിൽ നിരവധി ചെറിയ നദി(വാദി)കളും ഒരു ഡാമും നിറഞ്ഞൊഴുകി. റാസൽഖൈമയിലെ വാദി ഖലീല ഡാം ആണ് നിറഞ്ഞൊഴുകിയത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top