29 March Friday

യുഎഇയിൽ കനത്ത മഴ: ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

കെഎൽ ഗോപിUpdated: Thursday Jul 28, 2022

ദുബായ്> യുഎഇയുടെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ. കിഴക്കൻ ഭാഗങ്ങളിൽ പലയിടത്തും വെള്ളപ്പൊക്കമുണ്ടായി. ചില വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും വാഹനങ്ങൾ ഒലിച്ചുപോവുകയും ചെയ്‌തു. പല പ്രദേശങ്ങളിലും റോഡുകൾ ഗതാഗത യോഗ്യമല്ലാതായി മാറി.

കനത്ത മഴ തുടരുന്ന പ്രദേശത്തുള്ളവർ വീട്ടിൽ തന്നെ തുടരണമെന്നും അത്യാവശ്യമെങ്കിൽ മാത്രമേ പുറത്തിറങ്ങാവൂ എന്നും മന്ത്രാലയം അഭ്യർത്ഥിച്ചു. ഖോർഫക്കാൻ മലനിരകളിലെ അൽഷീസ് പ്രദേശത്ത് വെള്ളപ്പൊക്കത്തിൽ അകപ്പെട്ട ഒരു ഏഷ്യൻ കുടുംബത്തെ സിവിൽ ഡിഫൻസ് അധികൃതർ രക്ഷപ്പെടുത്തി സുരക്ഷിതസ്ഥാനത്ത് എത്തിച്ചു. ദുരിതബാധിതരായ കുടുംബങ്ങളേയും ദുർബല പ്രദേശങ്ങളിൽ താമസിക്കുന്നവരേയും അത്യാവശ്യഘട്ടത്തിൽ താമസിപ്പിക്കുന്നതിന് ഹോട്ടലുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം ദുരന്ത മേഖലയിൽ അടിയന്തര സഹായം എത്തിക്കുന്നതിന് ബന്ധപ്പെട്ടവർക്ക്  നിർദ്ദേശം നൽകി. ഷാർജ, റാസൽഖൈമ, ഫുജൈറ  എന്നിവിടങ്ങളിലെ എല്ലാ ഫെഡറൽ വകുപ്പുകളോടും വ്യാഴം വെള്ളി ദിവസങ്ങളിൽ അത്യാവശ്യമല്ലാത്ത ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന് അനുമതി നൽകാൻ യുഎഇ ക്യാബിനറ്റ് നിർദ്ദേശം നൽകി.

പകൽസമയത്ത് ബീച്ചുകളിലും മറ്റും പോകുന്നത് ഒഴിവാക്കണമെന്ന് അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു. മഴക്കെടുതി കൂടുതലായി ബാധിച്ച രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളെ പിന്തുണയ്ക്കുന്നതിനായി സമീപത്തെ എല്ലാ എമിറേറ്റുകളിൽ നിന്നും രക്ഷാപ്രവർത്തന സംഘങ്ങളെ വിന്യസിപ്പിക്കുവാനും അധികാരികൾ ഉത്തരവിറക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top