09 May Thursday

ഹജ്ജ്, ഉംറ പെർമിറ്റുകൾ നൽകുന്നതിനുള്ള അവസാന തീയതി ജൂൺ 23

എം എം നഈംUpdated: Sunday Jun 19, 2022

റിയാദ് > ഈ വർഷത്തെ ഹജ്ജിനു വരുന്ന തീർഥാടകർക്ക് അവരുടെ കർമ്മങ്ങൾ സുഗമമാക്കുന്നതിന്, ഹജ്ജ്, ഉംറ മന്ത്രാലയം ഉംറ നിർവ്വഹിക്കാൻ ഉദ്ദേശിക്കുന്നവർക്ക് പെർമിറ്റുകൾ നൽകുന്നതിനുള്ള അവസാന തീയതി ദുൽഖഅദ് 24 (ജൂൺ23) ആയിരിക്കും എന്ന് അറിയിച്ചു. തുടർന്ന് ഹജ്ജ് സീസൺ അവസാനിച്ചതിന് ശേഷം ഉംറ പെർമിറ്റുകൾ ദുൽഹിജ്ജ 20ന് വീണ്ടും ലഭ്യമാക്കുമെന്നും ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

ഈ വർഷം ഹജ്ജ് നിർവഹിക്കാൻ വ്യോമ, കര തുറമുഖങ്ങൾ വഴി ഇന്നലെ വരെ മദീനയിൽ എത്തിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകരുടെ എണ്ണം 1,47,094 ആയി. 26,304 തീർഥാടകരുമായി ഇന്തോനേഷ്യൻ തീർഥാടകരാണ് മദീനയിൽ ഏറ്റവുമധികം ഹാജരായത്, തൊട്ടുപിന്നാലെ ഇന്ത്യൻ തീർഥാടകർ 21,790, പാക്കിസ്ഥാനി തീർഥാടകർ 9,383, 8,680 ബംഗ്ലാദേശ് തീർഥാടകരും, ഇറാനിയൻ തീർഥാടകർ 6,326 പേരും ഉണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ 49,388 തീർഥാടകർ മക്കയിലെ പുണ്യസ്ഥലങ്ങളിലേക്കുള്ള യാത്രാമധ്യേ മദീനയിൽ നിന്ന് പുറപ്പെട്ടതായും ഇന്നലെ മദീനയിൽ അവശേഷിക്കുന്ന മൊത്തം തീർഥാടകരുടെ എണ്ണം വിവിധ രാജ്യങ്ങളിൽ നിന്നുള്ള 97,690 തീർഥാടകരിൽ എത്തിയതായും കണക്കുകൾ സൂചിപ്പിക്കുന്നു.

മക്ക മദീന  ഹോളി മോസ്‌ക് അഫയേഴ്‌സിന്റെ പ്രസിഡൻസി ഈ വർഷത്തെ ഹജ്ജ് സീസണിന്റെ പ്രവർത്തന പദ്ധതി ആരംഭിച്ചതായി രണ്ട് വിശുദ്ധ മസ്‌ജിദുകളുടെ കാര്യങ്ങളുടെ ജനറൽ പ്രസിഡന്റ് ഷെയ്‌ഖ് ഡോക്‌ടർ  അ‌‌ബ്ദുൾ റഹ്മാൻ അൽ സുദൈസ് അറിയിച്ചു. കോവിഡ് മഹാമാരി ശക്തമായിരുന്ന അസാധാരണമായ രണ്ട് ഹജ്ജ് സീസണുകൾക്ക് ശേഷം ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം  മികച്ച വിജയത്തിലും നന്നായി ചിട്ടപ്പെടുത്തിയും  ഹജ്ജ് കർമ്മം അനുഷ്ഠിക്കാൻ തീർത്ഥാടകർക്കു സാധിക്കുന്ന രൂപത്തിലുമാണെന്നു അദ്ദേഹം പറഞ്ഞു.

തീർത്ഥാടകർക്ക് തങ്ങളുടെ  ലക്ഷ്യസ്ഥാനം സുഗമമാക്കുന്നതിന് സംഭാവന ചെയ്യുന്ന നിരവധി സ്മാർട്ട് ആപ്ലിക്കേഷനുകളും ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകളും ഞങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. തീർത്ഥാടകരുടെ  പ്രവേശനത്തിനായി കിംഗ് അബ്‌ദുൽ അസീസ് ഗേറ്റ്, കിംഗ് ഫഹദ് ഗേറ്റ്, അൽ സലാം  കവാടം എന്നിവയും വിശ്വാസികൾക്ക് പ്രവേശിക്കാൻ 144 ഗേറ്റുകളും പ്രസിഡൻസി അനുവദിച്ചിട്ടുണ്ട് എന്ന്  ശൈഖ് സുദൈസ് വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top