07 October Friday

VIDEO - തീർത്ഥാടകരെ വരവേറ്റ് പുണ്യഭൂമിയിൽ "നവോദയ' വളണ്ടിയർമാർ

വെബ് ഡെസ്‌ക്‌Updated: Friday Jul 8, 2022

മക്ക > സമത്വത്തിൻ്റേയും മാനവീകതയുടേയും സന്ദേശം വിളംബരം ചെയ്യുന്ന ആഗോള സംഗമ വേദിയാണ് ഹജ്ജ്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന്‌ മക്കയിലെത്തിയ തീർത്ഥാടകർക്ക് വേണ്ട സേവനങ്ങൾ ചെയ്യാനും സ്വീകരിക്കാനും സജീവമായി മലയാളി കൂട്ടായ്മകൾ. ഇടതുപക്ഷ പ്രസ്ഥാന കൂട്ടായ്‌മയായ 'നവോദയ'യും സേവന വഴിയിൽ മക്കയിൽ സജീവമാണ്.

ഹജ്ജിൻ്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിൽ പങ്കെടുക്കാൻ തീർത്ഥാടകരിൽ ഭൂരിഭാഗം പേരും മക്കയിലെത്തിക്കഴിഞ്ഞു. മക്കാ നഗരത്തിൻ്റെ മുക്കുമൂലകൾ വിവിധ രാജ്യക്കാരായ ആളുകളെ കൊണ്ടു നിറഞ്ഞു. തൂവെള്ള വസ്‌ത്രം ധരിച്ച് പാരാവാരം കണക്കെ മനുഷ്യർ പരന്നൊഴുകുന്ന കാഴ്‌ചയാണ് മക്കയിലെങ്ങും.

വർണ്ണ വർഗ്ഗ, വേഷ ഭാഷാ വ്യത്യാസമില്ലാതെ ഒഴുകിയെത്തിയ ജനലക്ഷങ്ങൾ വെളളിയാഴ്‌ച മക്കാ മരുഭൂമിയിലെ അറഫയിൽ സംഗമിക്കും. കോവിഡ് മഹാമാരി കാരണം പോയ രണ്ടു വർഷങ്ങളിൽ നിയന്ത്രിത തീർത്ഥാടനമേ നടന്നിട്ടുള്ളൂ. പുറം രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് വിലക്കായിരുന്നു കഴിഞ്ഞ രണ്ടു ഹജ്ജ് കർമ്മങ്ങൾക്കും. എന്നാൽ കൃത്യതയോടെ മഹാമാരിയെ നേരിട്ടതിനാൽ കോവിഡ് ഭീഷണി അതിജീവിക്കാനായതിനാൽ ഈ വർഷം വിദേശ തീർത്ഥാടകർക്ക് അനുമതി നൽകുകയായിരുന്നു. അതിനാൽ തന്നെ തീർത്ഥാടക ലക്ഷങ്ങൾ വിവിധ രാജ്യങ്ങളിൽ നിന്ന് മക്കയിലും മദീനയിലുമായി എത്തിക്കഴിഞ്ഞു.

മക്കാ ഏരിയാ കമ്മറ്റിയുടെ കീഴിൽ ഒരു മാസത്തോളമായി നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഹജ്ജ് തീർത്ഥാടകർക്ക് സേവനമൊരുക്കുന്നതിൻ്റെ തിരക്കിലാണ് 'നവോദയ' ഹജ്ജ്സെൽ വളണ്ടിയർമാർ. വഴി തെറ്റുന്ന തീർത്ഥാടകരെ താമസ സ്ഥലത്തെത്തിക്കുക, പ്രായം ചെന്ന ഹാജിമാരെ പരിചരിക്കുക, ക്ഷീണിച്ചവശരായ തീർത്ഥാടകർക്ക് പാനീയങ്ങൾ, ഫ്രൂട്ട്സുകൾ, കഞ്ഞി, ചോറ് എന്നിവ വിതരണം ചെയ്യുക എന്നിത്യാദി പ്രവർത്തനങ്ങളിൽ സജീവമാണ് വളണ്ടിയർമാർ.

വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ള പരിശീലനം ലഭിച്ച സ്‌ത്രീ, പുരുഷ വളണ്ടിയർമാരാണ് നവോദയ ഹജ്ജ് സെല്ലിൽ പ്രവർത്തിക്കുന്നത്. വിദ്യാർത്ഥി വിദ്യാർത്ഥിനികളും വളണ്ടിയർ സേനയിൽ അംഗങ്ങളാണ്. ഇന്ത്യൻ ഹാജിമാർ കൂടുതലുള്ള അസീസിയ കേന്ദ്രീകരിച്ചാണ് പ്രധാനമായും സേവന പ്രവർത്തനങ്ങൾ നടക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള മുഴുവൻ തീർത്ഥാടകരും മക്കയിലെത്തിക്കഴിഞ്ഞു.

തീർത്ഥാടകർ വ്യാഴാഴ്‌ച മിനായിലെ തമ്പുകളിലേക്ക് നീങ്ങാനിരിക്കെ നവോദയ വളണ്ടിയർമാരും മിനായിലേക്കു തിരിക്കാനുള്ള ഒരുക്കത്തിലാണ്. നവോദയ രക്ഷാധികാരി ശിഹാബുദ്ദീൻ കോഴിക്കോട്, ഏരിയാ സെക്രട്ടറി മുഹമ്മദ് മേലാറ്റൂർ, പ്രസിഡന്റ്‌ റഷീദ് ഒലവക്കോട് എന്നിവർ മക്കയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് നേതൃത്വം നൽകുന്നു. രക്ഷാധികാരി അംഗങ്ങളായ നൈസൽ, സജീർ കൊല്ലം, വളണ്ടിയർ ക്യാപ്റ്റൻ സാലിഹ് വാണിയമ്പലം, സഹദ് പത്തനംതിട്ട തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിവിധ ഇടങ്ങളിലെ വളണ്ടിയർ സേവനങ്ങൾ. മുഹമ്മദ് ബശീർ നിലമ്പൂർ, റഷീദ് മണ്ണാർക്കാട്, റിയാസ് വള്ളുവമ്പ്രം, സുമയ്യ അനസ് ആലപ്പുഴ, ഷാഹുൽഹമീദ് വടക്കുഞ്ചേരി, ഫവാസ് കലഞ്ഞൂർ, ജലീൽ കൊടിയത്തൂർ, ഫിറോസ് കോന്നി, മുസ്തഫ കൊടുമുണ്ട, ഹബീസ് പൻമന എന്നിവർ വളണ്ടിയറിംഗിൻ്റെ വിവിധ ചുമതലകൾ വഹിച്ചു വരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top