20 April Saturday

ഗള്‍ഫ് രാജ്യങ്ങള്‍ സാധാരണ നിലയിലേക്ക്; മാളുകളിലും മാര്‍ക്കറ്റുകളിലും ജനത്തിരക്കേറി

അനസ് യാസിന്‍Updated: Saturday Jun 27, 2020

മനാമ > കൊറോണവൈറസ് നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ ഗള്‍ഫ് രാജ്യങ്ങള്‍ സാധാരണ നിലയിലേക്ക് മാറി തുടങ്ങി. മാളുകളിലും മാര്‍ക്കറ്റുകളിലും പാര്‍ക്കുകളിലും ജനത്തിരക്കേറി. ഓഫീസുകളും സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചു തുടങ്ങി. വാഹന ഗതാഗതവും സാധാരണ നിലയിലേക്ക് വരികയാണ്. സൗദിയിലും യുഎഇയിലും ഒമാനിലും എല്ലാ നിയന്ത്രണങ്ങളും നീക്കിയിട്ടുണ്ട. കുവൈത്തില്‍ കഴിഞ്ഞ ദിവസം നിരവധി പ്രദേശങ്ങള്‍ തുറക്കുകയും രാത്രി കാല കര്‍ഫ്യൂ സമയം ചുരുക്കുകയും ചെയ്‌തു‌. ഇവിടെ ഇളവുകളുടെ രണ്ടാം ഘട്ടം ചൊവ്വാഴ്ചയും ഖത്തറില്‍ ഇളവുകളുടെ രണ്ടാം ഘട്ടം ജൂലായ് ഒന്നിനും പ്രാബല്യത്തില്‍ വരും. ബഹ്‌റൈനിലും ജനജീവിതം സാധാരണ നിലയിലാണ്. മാസ്‌കും ശാരീരിക അകലം നിര്‍ബന്ധമാക്കിയുമായുമാണ് രാജ്യങ്ങള്‍ വീണ്ടും തുറന്നത്. 50 പേരില്‍ കൂടുതല്‍ കൂട്ടം കൂടുന്നതിനും വിലക്കുണ്ട്.

മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനു ശേഷം ജീവിതം സാധാരണ നിലയിലേക്ക് മാറിയ ആശ്വാസത്തിലാണ് ജനങ്ങള്‍. ട്രാവല്‍ ആന്റ് ടൂറിസം, ഹോട്ടല്‍ പോലുള്ള മേഖലകളില്‍ വന്‍തോതില്‍ തൊഴില്‍ നഷ്ടം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ടെങ്കിലും വൈകാതെ ഈ മേഖലകളും തിരിച്ചുവരുമെന്നാണ് വിപണി നല്‍കുന്ന സൂചന. സൗദിയടക്കം പല രാജ്യങ്ങളിലും ഹെല്‍പ്പ് ഡെസ്‌ക്കുകളില്‍ സഹായം അഭ്യര്‍ത്ഥിച്ച് വരുന്നത് കുറഞ്ഞിട്ടുണ്ട്.

നേരത്തെ നാട്ടിലേക്ക പോകാന്‍ ആഗ്രഹിച്ച വലിയൊരു വിഭാഗവും മുന്‍ തീരുമാനം മാറ്റിയിട്ടുണ്ട്.  പല രാജ്യങ്ങളിലും വിമാനം ചാര്‍ട്ടര്‍ ചെയ്തവര്‍ മത്സരിച്ച് യാത്രക്കാരെ തേടിയിപിടിക്കേണ്ട അവസ്ഥ. വളരെ അത്യാവശ്യക്കാര്‍ മാത്രമാണ് സൗദിയിലടക്കം നാട്ടിലേക്കുള്ള യാത്രക്ക് തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദി, ദുബായ്, ഷാര്‍ജ, ഒമാന്‍ എന്നിവടങ്ങളില്‍ മാളുകളിലും മാര്‍ക്കറ്റുകളിലും പൊതു ഇടങ്ങളിലും അവധി ദിവസമായ വെള്ളിയാഴ്ചയും ശനിയാഴ്ചയും തിരക്കേറി. ദുബായില്‍ ബീച്ചുകളും പാര്‍ക്കുകളും സജീവമായി. യുഎഇയില്‍ ഷോപ്പിങ് മാളുകളിലും ഭക്ഷണശാലകളിലും 12 നു താഴെ പ്രായമുള്ളവര്‍ക്കും 60നു മുകളിലുള്ളവര്‍ക്കും ഏര്‍‍‌പ്പെടുത്തിയ വിലക്കുകളും നീക്കി. യാത്രാ നിയന്ത്രണം നീക്കിയതോടെ ഇതര എമിറേറ്റുകളില്‍നിന്നുള്ളവര്‍ സംഘമായി ദുബായില്‍ എത്തിത്തുടങ്ങി. ദുബായിലെ മാര്‍ക്കറ്റുകളില്‍ സമീപകാലത്തെ ഏറ്റവും വലിയ തിരക്കാണ് വെള്ളിയാഴ്ച അനുഭവപ്പെട്ടത്. മെട്രോ സര്‍വ്വീസും സാധാരണ നിലയിലാണ്. മ്യൂസിയങ്ങളും തിയറ്ററുകളും തുറന്നിട്ടുണ്ട്. വിനോദ കേന്ദ്രങ്ങള്‍ക്കു പേരു കേട്ട ദുബായില്‍ ഇത്തരം ഇടങ്ങളിലെല്ലാം തിരക്ക് അനുഭവപ്പെട്ടു. എന്നാല്‍ അബുദാബിയില്‍ പ്രവേശിക്കാന്‍ വിലക്കുണ്ട്.

ദുബായില്‍ താമസ വിസയുള്ളവര്‍ക്ക് തിരിച്ചുവരാന്‍ അനുമതിയുണ്ട്. യുഎഇയിലെ തെരഞ്ഞെടുത്ത പൗരന്മാര്‍ക്കും താമസക്കാര്‍ക്കും  വിദേശ യാത്രക്കും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ജൂലായ് ഏഴു മുതല്‍ വിനോദസഞ്ചാരികളെയും രാജ്യം സ്വീകരിക്കും. യുഎഇ, കുവൈത്ത് എന്നിവടങ്ങളിലൊക്കെ കേസുകളും മരണവും കുറയുകയാണ്. അതുപോലെ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും രോഗ മുക്തി നിരക്ക് കുതിച്ചുയരുകയാണ്. അതുപോലെ ചികിത്സക്കായി നിരവധി ഫീല്‍ഡ് ആശുപത്രികള്‍ സജ്ജീകരിച്ചതും ജനങ്ങളില്‍ ആത്മ വിശ്വാസം തിരിച്ചു കൊണ്ടുവന്നിരിക്കുന്നു. സ്വദേശി, വിദേശി വിത്യാസം ഇല്ലാതെ മികച്ച ചികിത്സയാണ് ഗള്‍ഫ് നല്‍കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top