18 April Thursday

നഴ്‌സസ് ദിനത്തിൽ ഗിന്നസ് റെക്കോർഡുകൾ സ്വന്തമാക്കി യുഎഇ നഴ്‌സുമാർ

കെ എൽ ഗോപിUpdated: Friday May 13, 2022

അബുദാബി> അന്താരാഷ്ട്ര നഴ്‌സസ് ദിനം അവിസ്മരണീയമാക്കി യുഎഇ നഴ്സുമാർ രണ്ടു ഗിന്നസ് റെക്കോർഡുകൾ സ്വന്തമാക്കി. മഹാമാരിക്കാലത്തുടനീളം പ്രവർത്തിച്ച നഴ്‌സുമാരെ ആദരിക്കാൻ വിപിഎസ് ഹെൽത്ത്കെയറാണ് ഗിന്നസ് റെക്കോർഡ് നേട്ടത്തിനുള്ള അപൂർവ വേദിയൊരുക്കിയത്.  

യൂണിഫോമിൽ ഏറ്റവും കൂടുതൽ നഴ്‌സുമാർ ഒരു സ്ഥലത്ത് ഒത്തുചേർന്നാണ് ഈ റെക്കോർഡ് സ്വന്തമാക്കിയത്.  691 നഴ്‌സുമാർ ഒരു വേദിയിൽ യൂണിഫോമിൽ ഒത്തുചേർന്ന റെക്കോർഡാണ് 1600പേരുടെ ഒത്തുചേരലിലൂടെ തിരുത്തപ്പെട്ടത്. വിപിഎസ് ഹെൽത്ത്‌കെയറിന്റെ അബുദാബി, അൽഐൻ, ഷാർജ, ദുബായ് എന്നിവിടങ്ങളിൽ നിന്നുള്ള നഴ്‌സുമാർ പുലർച്ചെതന്നെ ഗിന്നസ് റെക്കോർഡ് വേദിയിലെത്തിയിരുന്നു.

ബുർജീൽ മെഡിക്കൽ സിറ്റിയിൽ പ്രത്യേകം സജ്ജീകരിച്ച വേദിക്ക് അകത്തും പുറത്തുമായാണ് നഴ്‌സുമാർ അണിനിരന്നത്. ഗിന്നസ് ഒഫീഷ്യലുകളുടെയും സ്വന്തന്ത്ര നിരീക്ഷകരുടെയും സാന്നിധ്യത്തിലായിരുന്നു റെക്കോർഡ് സംഗമം. മഹാമാരിക്കെതിരായ മുന്നണിയിലെ  പോരാട്ടത്തിനിടെ ജീവൻ നഷ്ടമായ ബുർജീൽ നഴ്സ് ലെസ്‌ലി ഒറീൻ ഒക്കാമ്പോയ്ക്ക് ആദരാഞ്ജലി അർപ്പിച്ചുള്ള  പ്രാർത്ഥനയോടെയാണ് സംഗമം തുടങ്ങിയത്.



നഴ്‌സുമാരുടെ പ്രത്യേക ദിനത്തിൽ തന്നെ അവർ  പുതിയ റെക്കോർഡ് എഴുതി ചേർത്തതിൽ ഏറെ സന്തോഷമുണ്ടെന്ന് റെക്കോർഡ് പ്രഖ്യാപിച്ചു കൊണ്ട് ഗിന്നസ് പ്രതിനിധി കന്സി എൽ ഡെഫ്‌റാവി  പറഞ്ഞു. നഴ്സുമാരുടെ നിസ്വാർത്ഥ സേവനങ്ങളെ സമൂഹം വ്യത്യസ്തമായി ആദരിക്കുന്നതിന് ഉദാഹരണമാണ് ഈ അംഗീകാരമെന്നും കൻസി കൂട്ടിച്ചേർത്തു.

ബുർജീൽ മെഡിക്കൽ സിറ്റിയിലെത്തിയ 1600 നഴ്‌സുമാർ നഴ്‌സിംഗ് തൊഴിലിന്റെ ആദർശങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് നടത്തിയ ഫ്ലോറൻസ് നൈറ്റിംഗൾ പ്രതിജ്ഞയാണ് വേദിയിൽ പിറന്ന രണ്ടാമത്തെ ഗിന്നസ് റെക്കോർഡ്. ഒരേ തൊഴിലിൽ ഏർപ്പെട്ട എറ്റവും  കൂടുതൽ പേർ ഒരുമിച്ചെടുക്കുന്ന പ്രതിജ്ഞ എന്ന റെക്കോർഡാണിത്‌.

കോവിഡ് -19 ന്റെ രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഇത്രയും വലിയ സംഗമത്തിൽ പങ്കെടുത്തത് പുതിയ അനുഭവമായി എന്നും നഴ്‌സുമാർ ലോകത്തിന് നൽകുന്ന അമൂല്യമായ സംഭാവനകൾക്കുള്ള ആദരമാണ് ഈ ചടങ്ങെന്നും വി പി എസ് ഹെൽത്ത് കെയർ ബിസിനസ് ഡെവലപ്പ്മെന്റ്  പ്രസിഡന്റ്  ഒമ്രാൻ അൽ ഖൂരി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top