18 December Thursday

മെയ് 1 മുതല്‍ ഒക്ടോബര്‍ 15 വരെ അബുദാബിയില്‍ ഗ്രേസിംഗ് സീസണ്‍

വിജേഷ് കാര്‍ത്തികേയന്‍Updated: Tuesday Sep 26, 2023

അബുദാബി> അബുദാബിയിലെ കന്നുകാലിമേയ്ക്കല്‍ നിയന്ത്രിക്കുന്നതിനും പ്രകൃതിദത്ത മേച്ചില്‍പ്പുറങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി അബുദാബി പരിസ്ഥിതി ഏജന്‍സി(ഇഎഡി) എമിറേറ്റില്‍ ഗ്രേസിംഗ് സീസണ്‍ പ്രഖ്യാപിച്ചു.സസ്യങ്ങളുടെ വീണ്ടെടുക്കല്‍ ഉറപ്പാക്കുന്നതിനും ജൈവവൈവിധ്യം മെച്ചപ്പെടുത്തുന്നതിനും നിലനിര്‍ത്തുന്നതിനും വേണ്ടി എല്ലാ വര്‍ഷവും മെയ് 1 മുതല്‍ ഒക്ടോബര്‍ 15 വരെയാണ് ഗ്രേസിംഗ് സീസണ്‍.

അബുദാബിയിലെ മേച്ചില്‍ നിയന്ത്രണം സംബന്ധിച്ച 2020 ചട്ടക്കൂടിലെ 11-ാം നമ്പര്‍ നിയമത്തിന്റെ എക്‌സിക്യൂട്ടീവ് റെഗുലേഷന്റെ ഭാഗമാണ് ഈ പ്രഖ്യാപനം. അല്‍ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും ഇഎഡിയുടെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരമാണ് ഇഎഡി നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചത്.

പ്രകൃതിദത്ത മേച്ചില്‍പ്പുറങ്ങള്‍ സംരക്ഷിക്കുന്നതിനും ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് സുസ്ഥിരമായ പരമ്പരാഗത രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും മേച്ചില്‍ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് ഇഎഡി ഈ നിയമം നടപ്പിലാക്കുന്നത്. സംരക്ഷിത പ്രദേശങ്ങളും പ്രകൃതിദത്ത ആവാസ വ്യവസ്ഥകളും സംരക്ഷിക്കാന്‍ ലക്ഷ്യമിടുന്നതാണ് പുതിയ നിയന്ത്രണം.

ഈ നിയന്ത്രണത്തിന്റെ അടിസ്ഥാനത്തില്‍, കഴിഞ്ഞ ജൂലൈയില്‍, അബുദാബിയിലെ മേച്ചിലും, അനുബന്ധ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നതിന് കന്നുകാലികളുടെ ഉടമകള്‍ക്കും ബ്രീഡര്‍മാര്‍ക്കും ഇഎഡി ലൈസന്‍സ് നല്‍കിത്തുടങ്ങി. മേച്ചില്‍ ലൈസന്‍സ് ലഭിക്കുന്നതിന്, അപേക്ഷാര്‍ത്ഥിക്ക് യുഎഇ പൗരത്വം ഉണ്ടായിരിക്കണം,. കൂടാതെ 21 വയസ്സില്‍ കുറയാത്ത പ്രായം ഉണ്ടായിരിക്കണം. അപേക്ഷാര്‍ത്ഥിക്ക് അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (എഡിഎഎഫ്എസ്എ) അംഗീകരിച്ച ഒരു സാധുതയുള്ള കന്നുകാലി ഇന്‍വെന്ററി സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.

പ്രകൃതിദത്തമായ മേച്ചില്‍പ്പുറങ്ങള്‍ വീണ്ടെടുക്കുന്നതിനും മരുഭൂമിയില്‍ അമിതമായി മേയുന്നത് മൂലമുണ്ടാകുന്ന സമ്മര്‍ദ്ദങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുന്നതിനുമായാണ് ഇഎഡി ഈ നടപടികള്‍ നടപ്പിലാക്കുന്നത്.

പ്രാദേശിക മരങ്ങളെ സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനും ലക്ഷ്യമിടുന്ന പരിപാടിയിലൂടെ ഏജന്‍സി ഷെഡ്യൂള്‍ ചെയ്ത പരിസ്ഥിതി മേച്ചില്‍പ്പുറ വിലയിരുത്തല്‍ പരിപാടിയിലൂടെയും പ്രധാന സസ്യജാലങ്ങളുടെ പുനരധിവാസത്തിലും പദ്ധതി ശ്രദ്ധ കേന്ദ്രികരിക്കും.ആവശ്യകതകള്‍ നിറവേറ്റുന്ന കന്നുകാലി ഉടമകള്‍ക്കും ബ്രീഡര്‍മാര്‍ക്കും അപേക്ഷാ ഫീസ് അടച്ചതിന് ശേഷം ഇഎഡിക്ക് ലൈസന്‍സിന് അപേക്ഷിക്കാം.

മേച്ചില്‍ പ്രദേശങ്ങളുടെ സുസ്ഥിരത ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് ഏജന്‍സി നിശ്ചയിക്കുന്ന മേച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്ന കാലയളവുകളും ലൈസന്‍സികള്‍ പരിഗണിക്കണം. സൈക്കിളുകള്‍, കാറുകള്‍, അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള വാഹനങ്ങള്‍ അല്ലെങ്കില്‍ യന്ത്രങ്ങള്‍ എന്നിവ മേച്ചില്‍ സ്ഥലങ്ങളില്‍ സസ്യങ്ങളുടെ ആവരണത്തെ ബാധിക്കുന്ന തരത്തില്‍ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു. ഒരാളുടെ മേച്ചില്‍ ലൈസന്‍സ് മറ്റൊരാള്‍ക്ക് കൈമാറുന്നതിനും വിലക്കുണ്ട്.

പ്രസിഡന്‍ഷ്യല്‍ കോടതിയിലെ മജാലിസ് അബുദാബിയുമായി സഹകരിച്ച് ഇഎഡി, അബുദാബി, അല്‍ ഐന്‍, അല്‍ ദഫ്ര മേഖല എന്നിവിടങ്ങളില്‍ മേച്ചില്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് 9 ബോധവല്‍ക്കരണ പ്രഭാഷണങ്ങളുടെ ഒരു പരമ്പരയും സംഘടിപ്പിച്ചു.

ഇഎഡിയുടെ   www.ead.gov.ae എന്ന വെബ്സൈറ്റ് വഴി ലൈസന്‍സിന് അപേക്ഷിക്കാം. അപേക്ഷര്‍ഥി അപേക്ഷ പൂരിപ്പിച്ച് ആവശ്യമായ ഡോക്യുമെന്റുകള്‍ അറ്റാച്ച് ചെയ്ത്  Customerhappiness@ead.gov.ae. എന്ന ഇമെയിലിലേക്ക് അയയ്ക്കണം. അപേക്ഷ പൂര്‍ത്തിയാകുമ്പോള്‍, ഉപഭോക്താവിന് 250ദിര്‍ഹം പണമടയ്ക്കാനുള്ള ഒരു ലിങ്ക് അയയ്ക്കും, അതിനുശേഷം മേച്ചില്‍ ലൈസന്‍സിന്റെ ഇലക്ട്രോണിക് കോപ്പി നല്‍കുകയും, അത് ഇമെയില്‍ വഴി ഉപഭോക്താവിഅയയ്ക്കുകയും ചെയ്യും.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top