18 April Thursday

ഭിന്നശേഷി സൗഹൃദ വിദ്യാലയങ്ങൾ സൃഷ്ടിക്കും: മന്ത്രി വി.ശിവൻകുട്ടി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023

ഗോതുരുത്ത് സെൻ്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ് ശതാബ്ദി- രജത ജൂബിലി മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി> കേരളത്തിലെ വിദ്യാലയങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.  നിലവിലെ സ്കൂൾ കെട്ടിടങ്ങൾ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് കൂടി ഉപയോഗ പ്രദമായ രീതിയിൽ മാറ്റും. വിദ്യാലയങ്ങളിൽ ഓട്ടിസം പാർക്കുകളും സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഗോതുരുത്ത് സെൻ്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ് ശതാബ്ദി- രജത ജൂബിലി ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുവിദ്യാഭ്യാസ രംഗത്തെ കേരള മോഡൽ ഏറെ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. സാർവത്രികവും ഗുണപരവുമായ വിദ്യാഭ്യാസം എല്ലാവർക്കും എന്നതാണ്  ലക്ഷ്യം. പുതിയ പാഠപുസ്തകങ്ങൾ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. കേരളത്തിൻ്റെ ചരിത്രവും മത മൈത്രിയും ഉൾക്കൊണ്ടായിരിക്കും സിലബസ്. പരമാവധി ലളിതവും തൂക്കവും വലുപ്പവും കുറഞ്ഞതുമായ പുസ്തകങ്ങൾ തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചവിട്ടു നാടകത്തിൽ എ ഗ്രേഡ് നേടിയ ഗോതുരുത്ത് സ്കൂൾ ടീമിലെ കുട്ടികൾക്ക് മന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു.

പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി സതീശൻ അധ്യക്ഷനായി. 145 വർഷക്കാലം ഗോതുരുത്ത് പോലെ ചരിത്ര പ്രാധാന്യമുള്ള ഒരു ദേശത്ത് പതിനായിര കണക്കിന് കുട്ടികൾക്ക് അക്ഷരം പകർന്നു നൽകിയ വിദ്യാലയമാണിതെന്നും ശതാബ്ദി- രജത ജൂബിലി ആഘോഷങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്കൂളിൻ്റെ മാസ്റ്റർ പ്ലാൻ പ്രകാശനം പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി സതീശൻ, കോട്ടപ്പുറം രൂപത മെത്രാൻ ഡോ. ജോസഫ് കാരിക്കശ്ശേരി എന്നിവർ ചേർന്ന് നിർവഹിച്ചു. കളഞ്ഞു കിട്ടിയ പണം തിരികെ ഏൽപ്പിച്ച സ്കൂളിലെ രണ്ടു വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. സ്കൂളിൽ നിന്നു വിരമിക്കുന്ന അധ്യാപകർക്കും ആദരം നൽകി.

കോട്ടപ്പുറം രൂപത വികാരി ജനറൽ റവ. മോൺ. ആന്റണി കുരിശിങ്കൽ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം എ.എസ് അനിൽകുമാർ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിത സ്റ്റാലിൻ, എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി. ജി.അലക്സാണ്ടർ, പറവൂർ എ.ഇ.ഒ സി.എസ്. ജയദേവൻ, കോട്ടപ്പുറം രൂപത കോർപ്പറേറ്റ് മാനേജർ ഫാ. ഷിജു കല്ലറക്കൽ, മാനേജർ ഫാ. ഡോ. ആൻ്റണി ബിനോയ് അറക്കൽ,  ഹെഡ്മാസ്റ്റർ പി.ജെ ജിബി, പി.ടി.എ പ്രസിഡന്റ് എം.എക്സ് മാത്യൂ, ജനറൽ കൺവീനർ ജോർജ് ബാസ്റ്റിൻ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top