24 April Wednesday

ഭിന്നശേഷിക്കാര്‍ക്ക് തണലേകാന്‍ ഗോപിനാഥ് മുതുകാടുമായി കൈകോര്‍ത്ത് അക്കാഫ്

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021

ദുബായ്> ഭിന്നശേഷിയുള്ള കുട്ടികളുടെ സമഗ്രവികാസത്തിന് പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട്  യൂണിവേഴ്സല്‍ എംപവര്‍മെന്റ് സെന്റര്‍ സ്ഥാപിക്കുന്നു. ദുബൈയില്‍ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. യു എ ഇ യിലെ പൂര്‍വ്വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ഓള്‍ കേരള കോളേജ് അലുംനി ഫോറം (അക്കാഫ്) സംരംഭത്തില്‍ സഹകരിക്കുമെന്നും അക്കാഫിന്റെ  ഹ്യുമാനിറ്റേറിയന്‍ അംബാസിഡറായി മുതുകാടിനെ നിയമിക്കുന്നുവെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

യൂണിവേഴ്സല്‍ എംപവര്‍മെന്റ് സെന്ററില്‍ സൗജന്യ ഓട്ടിസം തെറാപ്പി സെന്ററുകള്‍, ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പി സെന്റര്‍, ഡിഫറന്റ് സ്പോര്‍ട്സ് സെന്റര്‍, ഗവേഷണ കേന്ദ്രങ്ങള്‍, കലാവതരണ വേദികള്‍ തുടങ്ങി നിരവധി വിഭാഗങ്ങളാണ് ഒരുങ്ങുന്നത്. 2022 ഒക്ടോബര്‍ 31ന് സെന്റര്‍ പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കാനാണ് തീരുമാനം.

 20 കോടിയലധികം രൂപയുടെ നിര്‍മാണ ചെലവുകളാണ് പ്രതീക്ഷിക്കുന്നത്. ലോകത്തെവിടെയുമുള്ള ഭിന്നശേഷിക്കാര്‍ക്ക് പദ്ധതികളുടെ പ്രയോജനം സൗജന്യമായി ലഭിക്കും. തിരുവനന്തപുരത്തെ കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിലെ 5 ഏക്കറിലാണ് പദ്ധതികള്‍ ഒരുങ്ങുന്നത്. ഭിന്നശേഷിക്കുട്ടികളുടെ അമ്മമാര്‍ക്ക് സ്വയം തൊഴില്‍ പരിശീലന കേന്ദ്രവും ഇതിനോടൊപ്പം ഒരുക്കുന്നുണ്ട്. ഭിന്നശേഷിക്കുട്ടികളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തുന്നതിനും ഇവരെ നമുക്കൊപ്പം ചേര്‍ത്തു നിര്‍ത്തുന്നതിനും അംഗീകാരങ്ങളും ബഹുമതികളും സ്വന്തമാക്കി തങ്ങള്‍ക്കും തുല്യമായ ഒരിടമുണ്ടെന്ന് ബോധ്യപ്പെടുത്തുവാനും ഭിന്നശേഷിക്കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് സെന്ററുകളുടെ ഉദ്ദേശം. വരും വര്‍ഷങ്ങളില്‍ നടക്കുന്ന പാരാലിംപിക്സില്‍ സെന്ററിനെ പ്രതിനിധീകരിച്ച് കുട്ടികളെ പങ്കെടുപ്പിക്കുക എന്നതും ലക്ഷ്യമിടുന്നുണ്ട്.  

ലോകത്തെവിടെയുമുള്ള ഭിന്നശേഷിക്കുട്ടികള്‍ക്ക് അവരവര്‍ക്കിഷ്ടപ്പെട്ട കലാ മേഖല തിരഞ്ഞെടുത്ത് വിദഗ്ദ്ധ പരിശീലനം നേടാന്‍ അന്താരാഷ്ട്ര നിലവാരമുള്ള നിരവധി തിയേറ്ററുകള്‍ സെന്ററില്‍ ഒരുങ്ങുന്നുണ്ട്.  ഗവേഷണ തല്‍പരരായ കുട്ടികള്‍ക്ക് സയന്‍ഷ്യ എന്ന പേരില്‍ ഗവേഷണ കേന്ദ്രവും സെന്ററിലുണ്ട്.  ഭിന്നശേഷിക്കുട്ടികളുടെ സൈക്കോ മോട്ടോര്‍ തലങ്ങളെ സ്പര്‍ശിക്കുന്ന ആധുനിക രീതിയിലുള്ള ശാസ്ത്രീയ ഉപകരണങ്ങളുമായി ലോകോത്തര നിലവാരത്തിലുള്ള തെറാപ്പി സെന്ററുകള്‍, കായിക വികാസത്തിനായി ഡിഫറന്റ് സ്പോര്‍ട്സ് സെന്റര്‍, അത്ലറ്റിക്സ്, ഇന്‍ഡോര്‍ ഗെയിമുകള്‍ക്കുള്ള പ്ലേഗ്രൗണ്ടുകള്‍, ടര്‍ഫുകള്‍, അഗ്രികള്‍ച്ചറല്‍ തെറാപ്പി സെന്റര്‍ എന്നിവ യു.ഇ.സിയുടെ ഭാഗമാണ്.  

കേരള സര്‍ക്കാര്‍ സാമൂഹ്യ നീതി വകുപ്പ്  ഏര്‍പ്പെടുത്തിയ ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ഇത്തവണ ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനറ്റിനാണ് ലഭിച്ചത്.

അക്കാഫ് മുഖ്യ രക്ഷാധികാരി ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ്, പ്രസിഡന്റ് ചാള്‍സ് പോള്‍, ജനറല്‍ സെക്രട്ടറി വി എസ് ബിജു കുമാര്‍, അനൂപ് അനില്‍ ദേവന്‍, ജൂഡിന് ഫെര്‍ണാണ്ടസ്,എ.ഉമര്‍ ഫറൂക് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top