മനാമ> സൗദി-യെമൻ അതിർത്തിയിൽ ഹൂതി ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ബഹ്‌റൈൻ സൈനികൻ കൂടി മരിച്ചതായി സൈന്യം അറിയിച്ചു. ഇതോടെ മരിച്ച സൈനികരുടെ എണ്ണം നാലായി. മൂന്നു സൈനികർ നേരത്തെ മരിച്ചിരുന്നു.
ഫസ്റ്റ് ലെഫ്റ്റനന്റ് ഹമദ് ഖലീഫ അൽ-കുബൈസിയാണ് വെള്ളിയാഴ്ച മരിച്ചത്. കർത്തവ്യ നിർവ്വഹണത്തിനിടെ രക്തസാക്ഷികളായ നാലു സൈനികരെയും എല്ലാകാലത്തും ബഹ്‌റൈൻ ചരിത്രത്തിൽ ഓർമ്മിക്കുമെന്ന് ബിഡിഎഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹമദ് അൽ ഖലീഫ പറഞ്ഞു.
കബറടക്ക ചടങ്ങിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ ലഫ്റ്റ്. ജനറൽ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, റോയൽ ഗാർഡ് സ്‌പെഷ്യൽ ഫോഴ്‌സ് കമാൻഡർ കേണൽ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ എന്നിവർ പങ്കെടുത്തു. തിങ്കളാഴ്ച പുലർച്ചെയാണ് സൗദി-യെമൻ തെക്കൻ അതിർത്തിയിൽ നിലയുറപ്പിച്ചിരുന്ന ബഹറൈൻ സൈനികർ ആക്രമിക്കപ്പെട്ടത്. ആളില്ലാ യുദ്ധ വിമാനങ്ങൾ ഉപയോഗിച്ചാണ് ഹൂതി മിലിഷ്യ ആക്രമണം നടത്തിയത്. സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യ സേനയുടെ ഭാഗമായി പ്രവർത്തിച്ചുവരികയായിരുന്നു ഇവിടെ ബഹ്‌റൈൻ സൈനികർ. ആക്രമണത്തെ സൗദി, യുഎഇ, കുവൈത്ത്, ഒമാൻ, മൊറോക്ക, അമേരിക്ക, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും യുഎന്നും ശക്തമായി അപലപിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..