28 March Thursday

അറബ് വനിത ബഹിരാകാശ നിലയത്തില്‍; ചരിത്രം കുറിച്ച് സൗദി

അനസ് യാസിന്‍Updated: Tuesday May 23, 2023

മനാമ > അറബ് ലോകത്തു നിന്നും ആദ്യ വനിത ഉള്‍പ്പെടെ ഒരേ രാജ്യക്കാരായ രണ്ടു പേരെ ബഹിരാകാശ നിലയത്തില്‍ എത്തിച്ച് ചരിത്രം കുറിച്ച് സൗദി. ശാസ്ത്രജ്ഞയായ റയ്യാന ബര്‍നാവി, യുദ്ധവിമാന പൈലറ്റായ അലി അല്‍ ഖര്‍നി എന്നീ സൗദി സഞ്ചാരികളാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) എത്തിയത്. യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദിയും ക്രൂ അംഗങ്ങളും ഇവരെ ഐഎസ്എസിലേക്ക് സ്വാഗതം ചെയ്‌തു.

തിങ്കളാഴ്ച ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നാണ് ഇവരെ വഹിച്ചുള്ള പേടകം സ്‌പേസ് എക്‌സ് ഫാള്‍ക്കണ്‍-9 റോക്കറ്റില്‍ വിക്ഷേപിച്ചത്. മുന്‍ നാസ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്‌സണ്‍, പൈലറ്റായി സേവനമനുഷ്ഠിക്കുന്ന ടെന്നസിയില്‍ നിന്നുള്ള ബിസിനസുകാരന്‍ ജോണ്‍ ഷോഫ്‌നര്‍ എന്നിവര്‍ക്കൊപ്പമായിരുന്നു യാത്ര. 16 മണിക്കൂര്‍ സഞ്ചരിച്ച് പ്രാദേശിക സമയം 4.12നാണ് ബഹിരാകാശ നിലയത്തില്‍ എത്തിയത്.

അടുത്ത എട്ടു ദിവസം ഇവര്‍ ബഹിരാകാശ നിലയത്തില്‍ ചെലവഴിക്കും. മെയ് 30ന് തിരിച്ച് ഭൂമിയിലേക്ക് പുറപ്പെടുന്ന സംഘം ഫളോറിഡ തീരത്ത് ലാന്‍ഡ് ചെയ്യുമെന്ന് നാസ അറിയിച്ചു. ഇവര്‍ കൂടി ചേര്‍ന്നതോടെ നിലയത്തിലെ സഞ്ചാരികളുടെ എണ്ണം 11 ആയി. സൗദി, യുഎഇ എന്നിവടങ്ങളില്‍ നിന്നുളളവര്‍ക്ക് പുറമേ, അഞ്ച് അമേരിക്കക്കാര്‍, മൂന്ന് റഷ്യക്കാര്‍ എന്നിവരും ഉണ്ട്. ബഹിരാകാശം എല്ലാവരേയും എങ്ങനെ ഒരുമിച്ച് കൊണ്ടുവരുന്നുവെന്ന് ഇത് കാണിക്കുന്നുവെന്ന് റയ്യാന ബര്‍നാവി പറഞ്ഞു. ആദ്യമായാണ് മൂന്ന് അറബ് സഞ്ചാരികള്‍ ബഹിരാകാശ നിലയത്തില്‍ ഒരുമിക്കുന്നത്.

അമേരിക്കയിലെ ഹൂസ്റ്റണിലെ ആക്‌സിയോണ്‍ സ്‌പേസുമായി ചേര്‍ന്നാണ് സൗദിയുടെ ബഹിരാകാശ ദൗത്യം. സെല്‍ സയന്‍സസ്, മൈക്രോഗ്രാവിറ്റി എന്‍വയോണ്‍മെന്റിലെ ക്ലൗഡ് സീഡിംഗ് എന്നവയില്‍ ഉള്‍പ്പെടെ 14 പരീക്ഷണങ്ങള്‍ സംഘം നടത്തും. സീറോ ഗ്രാവിറ്റിയില്‍ സ്റ്റെം സെല്ലുകളുടെ സ്വഭാവം പഠിക്കുന്നത് അതില്‍ പ്രധാനമാണ്. ഭൂമിക്ക് 430 കിലോമീറ്റര്‍ ഉയരത്തിലാണ് നിലയം ഇപ്പോഴുള്ളത്. സൗദിയിലെ പരമ്പരാഗത കാപ്പി പൊടിയും ഈന്തപ്പഴവുമായാണ് സഞ്ചാരികള്‍ ബഹിരാകശ നിലയത്തില്‍ എത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top