24 April Wednesday

ഇന്ത്യൻ വർക്കേഴ്‌സ് അസോസിയേഷൻ യൂത്ത് ഓഫീസർ ആഷിക്ക് മുഹമ്മദിനെതിരായ അപവാദ പ്രചാരണം നേരിടും

വെബ് ഡെസ്‌ക്‌Updated: Monday Oct 24, 2022

ലണ്ടൻ> ഇന്ത്യൻ വർക്കേഴ്‌സ് അസോസിയേഷൻ- ജിബിയുടെ യൂത്ത് ഓഫീസർ ആഷിക്ക് മുഹമ്മദ്‌ നാസറിനെതിരായ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്‌ അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

ഇത്‌ കേവലമൊരു ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാൻ കഴിയില്ല. മുസ്ലിം ജനസാമാന്യത്തെയാകെ അപരവൽക്കരിക്കുക എന്ന പ്രവർത്തന പദ്ധതിയുടെ ഭാഗമായി നടത്തുന്ന ആസൂത്രിത നീക്കത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം കെട്ടുകഥകൾ നിർമ്മിക്കപ്പെട്ടിട്ടുള്ളത്.മുസ്ലിം വിരുദ്ധ വിദ്വേഷങ്ങൾ യാതൊരു അടിസ്‌ഥാനവും കൂടാതെ വിളിച്ചു പറയുന്ന വ്യക്തികൾക്കും സംഘടനകൾക്കും ഏതാനും നാളുകളായി വലിയ ജനപ്രീതി ലഭിക്കുന്നു എന്നത് മനസ്സിലാക്കി, ലാഭക്കൊതിയും, രാഷ്ട്രീയ ദുഷ്ടലാക്കും ലക്ഷ്യം വെച്ച് പ്രവർത്തനം നടത്തുന്ന ഇത്തരം ഓൺലൈൻ വെറുപ്പുൽപ്പാദന മാധ്യമങ്ങൾക്കെതിരായി നിയമനടപടി സ്വീകരിക്കും. മുസ്ലീം പേരുള്ള ആളുകളെല്ലാം എസ്‌ഡിപിഐ ആണെന്നും പോപ്പുലർ ഫ്രണ്ട് ആണെന്നും, അവരോടെല്ലാം  ഐക്യപ്പെടുന്നവരാണെന്നും ഒക്കെയുള്ള പ്രചാരണം ഒരു പരിധി കൂടി കടന്ന്, എല്ലാ മുസ്ലിങ്ങളും ഇന്ത്യാ വിരുദ്ധരും,രാജ്യദ്രോഹികളും ആണെന്ന് വരെ വ്യാഖ്യാനിച്ചു വെച്ചിരിക്കുകയാണ്.

1938ൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ അതി തീക്ഷ്ണമായ ഒരു ചരിത്രഘട്ടത്തിൽ ബ്രിട്ടനിൽ രൂപം കൊണ്ട  സംഘടനായ ഇന്ത്യൻ വർക്കേഴ്‌സ് അസോസിയേഷൻ കഴിഞ്ഞ കാലങ്ങളിൽ നടത്തിയ പ്രക്ഷോഭ സമരങ്ങളുടെ വീഡിയോകളും ചിത്രങ്ങളും ദുർവ്യാഖ്യാനം ചെയ്തുകൊണ്ടാണ് ഇത്തരത്തിൽ ആഷിക്കിനെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നത് എന്നത് അതീവ ഗൗരവമായിട്ടാണ് കാണുന്നത്‌. ഇന്ത്യൻ സ്വാതത്ര സമരത്തിൽ നിർണായകമായ പ്രവർത്തനങ്ങൾ നടത്തിയ പാരമ്പര്യം പേറുന്ന ഇന്ത്യൻ വർക്കേഴ്‌സ് അസോസിയേഷൻ, കൊളോണിയൽ വിരുദ്ധതയും, സാമ്രാജ്യത്വ  വിരുദ്ധതയും അടിസ്ഥാന നിലപാടായി സ്വീകരിച്ചു കൊണ്ട് പ്രവർത്തനം നടത്തുന്ന ബഹുജന സംഘടനയാണ്.

സാമൂഹ്യ നീതിക്കും, മനുഷ്യാവകാശങ്ങൾക്കും, കുടിയേറ്റ തൊഴിലാളികളുടെ ജീവിതാന്തസ്സിനും വേണ്ടി നിലകൊള്ളുന്ന കണഅ അതിന്റെ നാളിതുവരെയുള്ള പ്രവർത്തനങ്ങളിൽ നിരവധി വംശീയ അധിക്ഷേപങ്ങൾ നേരിട്ടിട്ടുണ്ട്. അതിനെയെല്ലാം ചെറുത്തു തോല്പിച്ചിട്ടുള്ള  ഐഡബ്ല്യുഎ ക്ക് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തു രൂപം കൊള്ളുകയും, ഇന്ത്യ എന്ന പേരിനെയോ, രാജ്യത്തിന്റെ ദേശീയതാ സങ്കല്പത്തെയോ ഒരിക്കലും അംഗീകരിച്ചിട്ടില്ലാത്ത  സംഘപരിവാർ സംഘടനകളെയും, അവർ കൊണ്ടു വരുന്ന ഫാസിസ്റ്റ് ആശയങ്ങളെയും, ജനദ്രോഹ നടപടികളെയും ചെറുത്തു തോല്പിക്കുക എന്ന രാഷ്ട്രീയ ഉത്തരവാദിത്വത്തിൽ നിന്നും വ്യതിചലിക്കാൻ കഴിയില്ല.അതു പ്രകാരം, ഐതിഹാസികമായ കർഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലും, പൗരത്വനിയമ ഭേദഗതിയുടെ അവസരത്തിലും  ഐഡബ്ല്യുഎ ഇന്ത്യൻ എംബസ്സികൾക്ക് മുന്നിൽ നിരവധി പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക് ആയിട്ട് ഇന്ത്യൻ യൂണിയനെ നിലനിർത്താനും, മുഴുവൻ ഇന്ത്യക്കാർക്കും അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കുവാനും വേണ്ടി നടത്തിയ പ്രക്ഷോഭം വൻ വിജയമായിരുന്നു എന്നത് അക്കാലത്ത് തന്നെ സംഘപരിവാർ ഫാസിസ്റ്റുകളെ ചൊടിപ്പിച്ചിരുന്നു.

ജനാധിപത്യത്തിനും, മതനിരപേക്ഷതക്കും എതിരായ സംഘപരിവാർ ആക്രമണത്തിന് ചുക്കാൻ പിടിച്ചു കൊണ്ട്  സംഘികളുടെ ഫണ്ടിംഗ് കൊണ്ട് ജീവിച്ചു പോകുന്ന ചില ഓൺലൈൻ പോർട്ടലുകൾ നവമാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നുണ്ട്. സങ്കികളുടെ നാവായി മാറിയിട്ടുള്ള ഇത്തരക്കാരുടെ ഇരയാകുകയായിരുന്നു  ആഷിക് ; അതിലേക്ക് നയിച്ചത് അദ്ദേഹത്തിന്റെ മുസ്ലിം പേരും. യുകെയിലും കേരളത്തിലും ജീവിക്കുന്ന വലത്തോട്ട് ചാഞ്ഞു നിൽക്കുന്ന നിക്ഷ്പക്ഷരും അരാഷ്ട്രീയവാദികളും ആയിട്ടുള്ള ഒരുപാട്‌ മലയാളികളെ ഇത്തരം വ്യാജ പ്രചാരണങ്ങൾ സ്വാധീനിക്കുന്നുണ്ട് എന്നത് ഭീതിപ്പെടുത്തുന്ന ഒരു വസ്തുതയാണ്. അന്ധവിശ്വാസത്തിന്റെയും വർഗീയതയുടേയും അതിപ്രസരം, വസ്തുനിഷ്ട യാഥാർഥ്യങ്ങളെ അവഗാഹത്തോടെ നിരീക്ഷിച്ചറിയാനുള്ള മലയാളി സമൂഹത്തിന്റെ സാമാന്യ ചോദനയെ റദ്ദാക്കുന്നുണ്ട്.  മുസ്ലിം വിദ്വേഷം വിളിച്ചു പറയുന്ന വിഡിയോകൾക്കും, പോസ്റ്റുകൾക്കും കിട്ടുന്ന ലൈക്കുകളും ഷെയറുകളും എല്ലാം സൂചിപ്പിക്കുന്നത് മത വിദ്വേഷത്തിനെതിരായ രാഷ്ട്രീയവും സാംസ്‌ക്കാരികവുമായ പ്രതിരോധം അടിയന്തര പ്രധാന്യത്തോട് കൂടി ഏറ്റെടുക്കേണ്ടതുണ്ട് എന്നതാണ്.

ഇന്ത്യ  സംഘികളുടെ വാഗ്ദത്ത ഭൂമിയോ മോദി അവരുടെ രാജാവോ അല്ല എന്നത് ആവർത്തിച്ചു വ്യക്തമാക്കിക്കൊണ്ട് സംഘപരിവാർ ഫാസിസത്തിനെതിരെയുള്ള പോരാട്ടം ഇന്ത്യൻ വർക്കേഴ്‌സ് അസോസിയേഷൻ കൂടുതൽ ശക്തിയോടെ നടപ്പാക്കും. വർഗീയതക്കും അനാചാരങ്ങൾക്കും എതിരെയുള്ള ഈ പോരാട്ടത്തിന് മുഴുവൻ ബഹുജനങ്ങളുടെയും പിന്തുണ ഉണ്ടാകണം എന്നും  ഐഡബ്ല്യുഎ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി ദേശീയ ജനറൽ സെക്രട്ടറി ലിയോസ്‌ പോൾ അഭ്യർത്ഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top