29 March Friday

പ്രവാസികളെ ചേര്‍ത്തുപിടിച്ച് സംസ്ഥാന ബജറ്റ്; സ്വാഗതം ചെയ്ത് ഗള്‍ഫ് പ്രവാസി സമൂഹം

അനസ് യാസിന്‍Updated: Saturday Jan 16, 2021
മനാമ > പ്രവാസി സമാശ്വാസ പദ്ധതി പ്രഖ്യാപിക്കുകയും പെന്‍ഷന്‍ തുക 3500 രൂപയായി വര്‍ധിപ്പിക്കുകയും ചെയ്ത സംസ്ഥാന ബജറ്റിനെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്ത് പ്രവാസി സമൂഹം. പ്രവാസി പുനരധിവാസ പദ്ധതികള്‍ക്കുളള തുക ഗണ്യമായി വര്‍ധിപ്പിച്ച ധനമന്ത്രി ഡോ. തോമസ് ഐസകിന്റെ പ്രഖ്യാപനം ആഹ്ലാദത്തോടെയാണ് പ്രവാസി സമൂഹം സ്വീകരിച്ചത്.
 
സാമ്പത്തിക മാന്ദ്യവും കോവിഡ് മഹാമാരിയും സൃഷ്ടിച്ച അനിശ്ചിതത്വത്തിനും പ്രതിസന്ധികള്‍ക്കുമിടയിലുമാണ് ഇന്ന് ഗള്‍ഫ് പ്രവാസി സമൂഹം. തൊഴില്‍ നഷ്ടപ്പെട്ട് നിരവധി പേര്‍ മടങ്ങി. വിമാന വിലക്ക് കാരണം തിരിച്ചുവരാനാകാതെ നൂറുകണക്കിന് പേര്‍ക്ക് വിസ നഷ്ടപ്പെട്ടു. ചെറുകിട് വ്യാപാരം നടത്തിയ ഒരു പാട് പേര്‍ പ്രതിസന്ധിയിലായി. ഈ സാഹചര്യത്തില്‍ അനിശ്ചിതത്വത്തില്‍ കഴിയുന്ന പ്രവാസി സമൂഹത്തിന് പ്രതീക്ഷയുടെ തിരിനാളമായിരിക്കയാണ് സംസ്ഥാന ബജറ്റ്. പ്രവാസി സമൂഹത്തോടുള്ള ഇതുപക്ഷ സര്‍ക്കാരിന്റെ കരുതലും ആദരവും പ്രതിബദ്ധതയും വെളിവാക്കുന്നതാണ് സംസ്ഥാന ബജറ്റെന്ന് വിവിധ പ്രവാസി സംഘടനകള്‍ വിലയിരുത്തി.
 
ക്ഷേമനിധി പെന്‍ഷന്‍ വിദേശത്തുള്ളവര്‍ക്ക് 3,500 രൂപയായും നാട്ടില്‍ തിരിച്ചെത്തിയവരുടേത് 3,000 രൂപയായുമാണ് വര്‍ധിപ്പിച്ചത്. ഇതിനായി പ്രവാസി ക്ഷേമനിധിക്ക് ഒമ്പത് കോടി രൂപയും തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികള്‍ക്കുള്ള ഏകോപിത പ്രവാസി തൊഴില്‍ പദ്ധതിക്ക് 100 കോടിരൂപയുമാണ് ബജറ്റില്‍ വകയിരുത്തിയത്. തിരിച്ചുവരുന്ന പ്രവാസികളുടെ പട്ടിക തയ്യാറാക്കി അവര്‍ക്ക് നൈപുണ്യ പരിശീലനത്തിന് പദ്ധതി ആവിഷ്‌കരിക്കുകയും വീണ്ടും വിദേശത്ത് പോകാനുള്ള സഹായം ലഭ്യമാക്കുമെന്നും ബജറ്റ് പ്രഖ്യാപിക്കുന്നു.
 
ഏറെക്കാലത്തെ പ്രവാസികളുടെ ആവശ്യമായ പെന്‍ഷന്‍ തുക വര്‍ധനയും തൊഴില്‍ നൈപുണ്യ പരിശീലനവും വളരെ അനുഭാവപൂര്‍ണമാണ് ബജറ്റില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പരിഗണിച്ചത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 600 രൂപയായിരുന്നു പെന്‍ഷന്‍ തുക. അത്  2,000 രൂപയായി ആദ്യ ഘട്ടത്തില്‍ വര്‍ധിപ്പിച്ചിരുന്നു. ഇത് 3,500 രൂപയായാണ് ഈ ബജറ്റില്‍ വര്‍ധിപ്പിച്ചത്. തിരിച്ചെത്തുന്നവരില്‍ വൈദഗ്ദ്യമുള്ളവരുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താനുള്ള പദ്ധതികളും ഭാവനാപൂര്‍ണ്ണമാണെന്ന് പ്രവാസി സമൂഹം വിലയിരുത്തി.
 
ഈ സര്‍ക്കാര്‍ അധികാരമേറിയ ശേഷമുള്ള എല്ലാ ബജറ്റും പ്രവാസികളെ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചിട്ടുണ്ടെന്ന് പ്രവാസി സംഘടനകള്‍ ഓര്‍മ്മിപ്പിച്ചു. ദമാം നവോദയ, റിയാദ് കേളി, ജിദ്ദ നവോദയ, യുഎഇ ഓവര്‍സീസ് മലയാളി അസോസിയേഷന്‍ (ഓര്‍മ), കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ (കല കുവൈറ്റ്), ബഹ്‌റൈന്‍ പ്രതിഭ, കൈരളി ഒമാന്‍, ഖത്തര്‍ സംസ്‌കൃതി തുടങ്ങിയ സംഘടനകള്‍ ബജറ്റിനെ സ്വാഗതം ചെയ്തു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top