20 April Saturday
ആളില്ലാത്തതിനാല്‍ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി.

വിമാനങ്ങളില്‍ തിരക്കൊഴിയുന്നു; വന്ദേ ഭാരത് നാലാം ഘട്ടത്തില്‍ കേരളത്തിലേക്ക് 106 വിമാനങ്ങള്‍

അനസ് യാസിന്‍Updated: Monday Jun 29, 2020

മനാമ: ഗള്‍ഫ് സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ തുടങ്ങിയതോടെ വന്ദേ ഭാരത്, ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് തിരക്കൊഴിയുന്നു. യുഎഇയിലാണ് പ്രധാനമായും വിമാനങ്ങള്‍ക്ക് യാത്രക്കാര്‍ കുറയുന്നത്. ആളെ കിട്ടാന്‍ വിമാനം ചാര്‍ട്ടര്‍ ചെയ്ത സംഘടനകളും ട്രാവല്‍ ഏജന്‍സികളും പാടുപെടുകയാണ്. ആളില്ലാത്തതിനാല്‍ അബുദാബിയില്‍നിന്ന് 28നും 30നും കോഴിക്കോട്ടേക്ക് ഷെഡ്യൂള്‍ ചെയ്തിരുന്ന രണ്ട് വിമാനങ്ങള്‍ റദ്ദാക്കി. അതിനിടെ, വന്ദേ ഭാരത് നാലാം ഘട്ടത്തില്‍ ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് 106 വിമാനങ്ങള്‍ സര്‍വീസ് നടത്തും.

യുഎഇയില്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ വലിയൊരു ഭാഗം യാത്രാ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രാജ്യം സാധാരണ നിയിലായതും നാട്ടില്‍ പോയാല്‍ ഉടന്‍ തിരിച്ചുവരാനുകമോയെന്ന ഭീതിയുമാണ് ഇതിനു കാരണം.

മറ്റു പല ഗള്‍ഫ് രാജ്യങ്ങളിലും പഴയ തിരക്ക് യാത്രക്കില്ല. അവധിക്ക് പോയ പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കുവൈത്ത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. തിരിച്ചുവരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന യുഎഇയും മുന്നോട്ട് വെച്ചിട്ടുണ്ട്. മറ്റ് ഗള്‍ഫ് രാജ്യങ്ങളും സമാനമായ നിബന്ധന വെച്ചാല്‍ നാട്ടില്‍ നിന്നും തിരിച്ചുവരിക പ്രയാസമായിരിക്കുമെന്ന ചിന്തയും പ്രവാസികളെ യാത്രകളില്‍ നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്.

നേരത്തെ വിമാനത്തില്‍ സീറ്റ് കിട്ടാന്‍ നെട്ടോട്ടമോടിയ അവസ്ഥയായിരുന്നു. എന്നാല്‍, ഇന്ന് യുഎഇയില്‍ ആളെ കിട്ടാന്‍ സംഘാടകര്‍ക്ക് രംഗത്തിറങ്ങേണ്ട അവസ്ഥയാണ്. ഏജന്‍സികളും ഇക്കാര്യം ശരിവെക്കുന്നു. വന്ദേ ഭാരത് ദൗത്യത്തില്‍ പോലും  ആളെ തികക്കാന്‍ പ്രയാസമായി. കഴിഞ്ഞ ദിവസം ദുബായില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തിലേക്ക് 178 പേരെ കിട്ടാന്‍ 1,300 പേരെ അധികൃതര്‍ക്ക് വിളിക്കേണ്ടിവന്നു. അബുദബിയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വന്ദേ ഭാരത് വിമാനത്തിലും സമാനമായ അവസ്ഥ. ആളെ കിട്ടാന്‍ രജിസ്റ്റര്‍ ചെയ്തവരില്‍ എണ്ണൂറോളം പേരെയാണ് വിളിച്ചത്. മിക്ക സെക്ടറുകളിലും സ്ഥിതി ഏറെക്കുറെ ഇതുതന്നെയാണെന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ആളില്ലാത്തതിനാല്‍ റദ്ദാക്കിയ രണ്ട് വിമാനങ്ങള്‍ കണ്ണൂരിലേക്കും കൊച്ചിയിലേക്കും റീ ഷെഡ്യൂള്‍ ചെയ്തിരിക്കുകയാണ്. 

ഗള്‍ഫില്‍ പലയിടത്തും പ്രഖ്യാപിച്ച ചാര്‍ട്ടര്‍ സര്‍വീസില്‍ നിന്ന് പലരും പിന്‍വാങ്ങുന്ന അവസ്ഥയുമുണ്ട്. സീറ്റുകള്‍ ഒഴിവുണ്ടെന്ന് കാണിച്ച് വാടസ്ആപ്പ് സന്ദേശങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ജൂലായ് ഒന്നിന് ആരംഭിക്കുന്ന ദൗത്യത്തിന്റെ നാലാം ഘട്ടത്തില്‍ 18,300 ഓളം പേരാണ് നാട്ടിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. ഇതില്‍ യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് 39 സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ബഹ്‌റൈനില്‍ നിന്ന് 33, കുവൈത്ത്- 12, സൗദി -11, ഒമാന്‍ -11 എന്നിങ്ങനെയാണ് കേരളത്തിലേക്കുള്ള വിമാനങ്ങള്‍. നാലാം ഘട്ടത്തില്‍ ഖത്തറില്‍നിന്നും വിമാനങ്ങള്‍ ഒന്നും ഷെഡ്യൂള്‍ ചെയ്തിട്ടില്ല. നാലാം ഘട്ടത്തില്‍ സൗദി ഒഴികെയുള്ള സെക്ടറുകളില്‍ സ്വകാര്യ വിമാന കമ്പനികളും സര്‍വീസ് നടത്തുമെന്നാണ് റിപ്പോര്‍ട്ട്. സൗദി ഉള്‍പ്പെടെ 17 രാജ്യങ്ങളില്‍നിന്നായി എയര്‍ ഇന്ത്യ 170 സര്‍വീസാണ് ജൂലായ് മൂന്നിനും 15നും ഇടയില്‍ ചാര്‍ട്ടര്‍ ചെയ്തിട്ടുള്ളത്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top