26 April Friday
മന്ത്രിക്ക് നിവേദനം നല്‍കി

കോവിഡ്: ഗള്‍ഫില്‍ മരിച്ച പ്രവാസികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ധനസഹായം നല്‍കണം: സുബൈര്‍ കണ്ണൂര്‍

വെബ് ഡെസ്‌ക്‌Updated: Sunday Sep 5, 2021



മനാമ > ഹ്രസ്വ സന്ദര്‍ശനാര്‍ഥം ബഹ്‌റൈനില്‍ എത്തിയ കേന്ദ്ര വിദേശ സഹമന്ത്രി വി മുരളീധരനുമായി പ്രവാസി കമ്മീഷന്‍ അംഗവും ബഹ്‌റൈന്‍ പ്രതിഭാ നേതാവുമായ സുബൈര്‍ കണ്ണൂര്‍ കൂടിക്കാഴ്ച നടത്തി. പവാസികള്‍ അനുഭവിക്കുന്ന വിവിധ തരത്തിലുള്ള പ്രയാസങ്ങളും പ്രതിസന്ധികളും അടങ്ങിയ നിവേദനം മന്ത്രിക്ക് നല്‍കി.

കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ച മലയാളികളടക്കം പാവപ്പെട്ടവരും സാധാരണക്കാരുമായ ഇന്ത്യന്‍ പ്രവാസികളെ കേന്ദ്ര കോവിഡ് മരണ ലിസ്റ്റില്‍ ഉള്‍പെടുത്തി അവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കണമെന്ന് സുബൈര്‍ കണ്ണൂര്‍ ആവശ്യപ്പെട്ടു. ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ ലിസ്റ്റും മന്ത്രിക്ക് നല്‍കി. ഈ വര്‍ഷം ജൂണിലായിരുന്നു ബഹ്‌റൈനില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ മരിച്ചത്. വളരെ കുറഞ്ഞ വരുമാനക്കാരായ ഇന്ത്യക്കാര്‍ക്ക് ഐസിആര്‍എഫില്‍ നിന്ന് സഹായധനം അനുവദിച്ചിരുന്നു. മരണത്തോടെ മിക്കവരുടെയും കുടുംബം തന്നെ അനാഥമായി. ഈ സാഹചര്യത്തില്‍ അവര്‍ക്ക് കൂടുതല്‍ സാമ്പത്തിക പിന്‍തുണക്കായി ഗള്‍ഫില്‍ മരിച്ചവരെ കേന്ദ്ര ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്.

ഇന്ത്യന്‍ കമ്മ്യൂണിറ്റി വികസന ഫണ്ട് (ഐസിഡബ്ലിഎഫ്) കൂടുതല്‍ സുതുര്യവല്‍ക്കരിക്കണമെന്ന ആവശ്യവും മന്ത്രിക്ക് മുന്നില്‍ ഉന്നയിച്ചു. ഈ ഫണ്ട് കോവിഡ് മഹാമാരിയില്‍ അകപ്പെട്ട പ്രവാസിസമൂഹത്തിന്റെ ഉന്നമനത്തിന് ഉപയോഗിക്കണം. കോടികളുടെ ഫണ്ട് ഇതില്‍ കെട്ടികിടക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ മന്ത്രിതല ഇടപെടല്‍ അത്യാവശ്യമാണ്.

നിലവില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേക്കും ഇന്ത്യന്‍ പ്രവാസികള്‍ യാത്രാ പ്രതിസന്ധി നേരിടുന്നു. പ്രധാനമായും താങ്ങാനാവാത്ത ടിക്കറ്റ് ചാര്‍ജാണ്് ഈടാക്കുന്നത്. ഇന്ത്യ വിദേശ വിമാന സര്‍വീസിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ച് വിമാന സര്‍വീസ് സാധാരണ നിലയിലേക്ക് വന്നാല്‍ യാത്രാ പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ എംബസിക്ക് കീഴിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലെ അസൗകര്യവും മന്ത്രിയെ ധരിപ്പിച്ചു. രാജ്യത്തെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാര്‍ക്ക് ആകെയുള്ളത് ചെറിയ രണ്ട് മുറികളിലായി ഒതുങ്ങിയ മനാമയിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രമാണ്. പൊരിവെയിലില്‍ നിരവധി പേരാണ് റോഡില്‍ ഇവിടെ കാത്തുനില്‍ക്കേണ്ടിവരുന്നത്. ഇക്കാര്യങ്ങള്‍ അടങ്ങിയ നിവേദനവും മന്ത്രിക്ക് നല്‍കി.

യുഎഇയില്‍ മൃതദേഹത്തോട് എംബസി ഉദ്യോഗസ്ഥന്‍ അനാദരവ് കാണിച്ചതായ ആക്ഷേപവും മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. ഉന്നയിച്ച വിഷയങ്ങളെല്ലാം അനുഭാവ പൂര്‍വ്വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ബഹ്‌റൈന്‍ പ്രതിഭ ഹെല്‍പ്പ് ലൈന്‍ കണ്‍വീനര്‍ നൗശാദ് പൂനൂരും സന്നിഹിതനായിരിന്നു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top